- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖജനാവിന്റെ സ്റ്റാറുകളായി മദ്യപന്മാർ; നികുതിയിനത്തിൽ ഖജനാവിലേക്കെത്തിയത് ഞെട്ടിക്കുന്ന തുക; കഴിഞ്ഞ അഞ്ച് വർഷം മാത്രം നികുതിയായി ലഭിച്ചത് 46,546.13 കോടി; വിവരാവകാശത്തിലെ ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ
കൊച്ചി : പറയുമ്പോൾ മദ്യപാനവും മദ്യപന്മാരും അത്രശരിയായ കാര്യമായി ആരും പറയാറില്ല.എന്നാൽ സംസ്ഥാന ഖജനാവിനെ സംബന്ധിച്ച് അതല്ല സ്ഥിതി. അക്ഷരാർത്ഥത്തിൽ ഖജനാവിന്റെ സ്റ്റാറുകളാണ് മദ്യപന്മാർ.ഖജനാവിനെ മദ്യപന്മാർ താങ്ങിനിർത്തുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ ആണ് വിവരാവകാശത്തിൽ പുറത്ത് വരുന്നത്.മദ്യം കഴിക്കുന്ന മലയാളി കഴിഞ്ഞ അഞ്ചുവർഷം നികുതിയായി സർക്കാർ ഖജനാവിലേക്ക് നൽകിയത് 46,546.13 കോടി രൂപയാണെന്ന് കണക്കുകൾ. വിവരാവകാശ പ്രവർത്തകനായ എറണാകുളത്തെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് ടാക്സ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണീ വിവരങ്ങൾ.
2016 ഏപ്രിൽമുതൽ 2021 മാർച്ച് 31 വരെയുള്ള കണക്കുളാണ് പുറത്ത് വരുന്നത്.മദ്യപർ പ്രതിമാസം സർക്കാരിലേക്ക് നികുതിയായി 766 കോടി രൂപയാണ് നൽകുന്നത്. അതായത് ഒരുദിവസം ഏകദേശം 25.53 കോടി രൂപ.മദ്യവിൽപ്പനയിലൂടെ ബെവ്കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി. 2016-17-ലും 2017-18-ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്കോ ലാഭം ഉണ്ടാക്കി. പിന്നീടുള്ള വർഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് വിശദീകരണം.
2018-19-ലും 2019-20-ലുമാണ് മദ്യവിൽപ്പനയിലുടെ സർക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചത്. യഥാക്രമം 9,615.54 കോടിയും 10,332.39 കോടിയുമാണിത്.യു.ഡി.എഫ്. സർക്കാർ അധികാരത്തിലിരുന്ന 2011-12 മുതൽ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. അപ്പീൽ നൽകിയശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ടാക്സ് കമ്മിഷണറേറ്റ് തയ്യാറായത്.
മദ്യത്തിൽ നിലവിലെ നികുതി (ശതമാനക്കണക്കിൽ)
* വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വൈൻ 37%
* വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വൈൻ ഒഴിച്ചുള്ള മദ്യം 115%
* ഇന്ത്യൻ നിർമ്മിത ബിയർ 112%
* ഇന്ത്യൻ നിർമ്മിത വൈൻ 82%
* ഇന്ത്യൻ നിർമ്മിത വിദേശമദ്യം (പെട്ടിക്ക് 400 രൂപയിൽ താഴെ വിലയിൽ ബെവ്കോ വാങ്ങുന്ന മദ്യം) 247%
* കേയ്സിന് 400 രൂപയിൽ കൂടുതലുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യം 237%
യയമദ്യവിൽപ്പനയിലൂടെ സർക്കാരിന് നികുതിയായി ലഭിച്ച തുകയുടെ വർഷം തിരിച്ചുള്ള കണക്ക്
(തുക കോടിയിൽ)
2011-12 4740.73
2012-13 5391.48
2013-14 5830.12
2014-15 6685.84
2015-16 8122.41
2016-17 8571.49
2017-18 8869.96
2018-19 9615.54
2019-20 10332.39
2020-21 9156.75
2016 മെയ് മുതൽ 2021 മെയ് വരെ ബെവ്കോ വിറ്റ മദ്യത്തിന്റെ കണക്ക് (ലിറ്റർ)
മദ്യം 94,22,54,386.08
ബിയർ 42,23,86,768.35
വൈൻ 55,57,065.53
മറുനാടന് മലയാളി ബ്യൂറോ