- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ എന്നെ എഴുത്തുകാരിയാക്കി; മയക്കുമരുന്ന് കേസിൽ കുടുങ്ങി അഴിക്കുള്ളിലായ തടവുകാരി നാല് വർഷത്തിനുള്ളിൽ രചിച്ചത് 15 കവിതകളും ഒമ്പത് കഥകളും: നേരിന്റെ വഴിയിലേക്കുള്ള ലിസിയുടെ ജീവിതയാത്ര പുസ്തക രൂപത്തിലേക്ക്
കണ്ണൂർ: കൽത്തുറുങ്കുകൾക്ക് കാവ്യഭാവനയെ തളച്ചിടാനാവില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് കണ്ണൂർ വനിതാ ജയിൽ അന്തേവാസി ലിസി ശശി. കുറ്റവാളിയെ എന്നും കുറ്റവാളിയായി ചിത്രീകരിക്കുന്ന സമൂഹത്തിനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ലിസിയുടെ ജീവിതം. നാലുവർഷത്തിനുള്ളിൽ 15 ഓളം കവിതകളും ഒമ്പതോളം കഥകളും രചിച്ച ഇവർ, തെറ്റിൽ നിന്ന് ശരിയിലേക്കുള്
കണ്ണൂർ: കൽത്തുറുങ്കുകൾക്ക് കാവ്യഭാവനയെ തളച്ചിടാനാവില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് കണ്ണൂർ വനിതാ ജയിൽ അന്തേവാസി ലിസി ശശി. കുറ്റവാളിയെ എന്നും കുറ്റവാളിയായി ചിത്രീകരിക്കുന്ന സമൂഹത്തിനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ലിസിയുടെ ജീവിതം. നാലുവർഷത്തിനുള്ളിൽ 15 ഓളം കവിതകളും ഒമ്പതോളം കഥകളും രചിച്ച ഇവർ, തെറ്റിൽ നിന്ന് ശരിയിലേക്കുള്ള ജീവിതം സ്വപ്‌നം കാണുകയാണ്. കരിങ്കൽ ഭിത്തികൾക്കുള്ളിലെ കണ്ടും കേട്ടുമറിഞ്ഞ പരുക്കൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ജയിൽ ഉദ്യോഗസ്ഥരും സഹതടവുകാരുമാണ് ലിസിയുടെ സ്വപ്‌നത്തിന് കരുത്ത് പകരുന്നത്. സാമ്പത്തിക പരാധീനത മറികടക്കാൻ എളുപ്പവഴി തേടി മയക്കുമരുന്ന് കടത്തിയ കേസിലാണ് ലിസിയെ കോടതി പത്തു വർത്തേക്ക് ശിക്ഷിച്ചത്. ലിസി കെണിയിൽ പെടുത്തിയത് ഏറ്റവും വിശ്വസ്ത സുഹൃത്തും. കഴിഞ്ഞ കാലത്തെ കുറിച്ച് ലിസി എഴുതിയ കവിതയിലെ വരികൾ തന്നെയാണ് ഇതിന് സാക്ഷ്യം.
'ആഡംബരങ്ങൾ -ഇരുട്ടറയ്ക്കു മാർഗ്ഗം തെളിച്ചു
ഇന്നെൻ ജീവിതം തമസ്സിൻ
ഗർത്തത്തിലടച്ചത്
എന്നുള്ളിലെ അതിമോഹങ്ങളാണെന്ന്
വൈകിയെങ്കിലും ഞാനറിഞ്ഞിടും'
വയനാട് സുൽത്താൻ ബത്തേരി ചുള്ളിയോട് വീട്ടിലെ ലിസി ജയിലേക്കെത്തിയ വഴി ഓർമിക്കുന്നു. ' എന്റെ അനിയത്തി മിനി തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അവളെ ഭർത്താവും നോക്കാതെ വന്നതോടെ അവളുടെ സംരക്ഷണം ഞാനും അമ്മയും ഏറ്റെടുത്തു. ആശുപത്രി ചെലവും വീട്ടുകാര്യങ്ങളും താങ്ങാൻ വയ്യാതായതോടെ പരിചയക്കാരോടും സുഹൃത്തുക്കളോടും പണം കടം ചോദിച്ചു. പണം തരുന്നതിനു പകരം പണമുണ്ടാക്കാനുള്ള വഴി പറഞ്ഞ് തന്നത് ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അയാൾ തരുന്ന സാധനം എറണാകുളത്ത് എത്തിച്ചാൽ പണം ലഭിക്കുമെന്നായിരുന്നു. പക്ഷെ സാധനം മയക്കുമരുന്നായിരുന്നുവെന്ന് അറിഞ്ഞില്ല. എറണാകുളത്ത് വച്ച് മയക്കുമരുന്ന് കൈമാറണ്ടേ ആളിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയാളെ ചോദ്യം ചെയ്തപ്പോൾ ഞാനും പിടിക്കപ്പെട്ടു. 2010 ജൂലൈ 26ന് എറണാകുളം നോർത്ത് സ്‌റ്റേഷനിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. വിചാരണ കഴിഞ്ഞ് പത്തു വർഷത്തേക്ക് കോടതി ശിക്ഷിച്ചു. 2011 ഒക്ടോബർ 6 നാണ് ജയിലിൽ എത്തുന്നത്. ' എഴുത്ത്് തരുന്ന അനിർവചനീയമായ സ്വാതന്ത്യത്തിന്റെ വഴിയിലൂടെ, ഇനിയൊരിക്കലും ചുവട് പിഴയ്ക്കില്ലെന്ന ആത്മവിശ്വാസത്തിൽ നടക്കുകയാണ് ലിസി എന്ന നാൽപതുകാരി.
ജീവിതത്തിൽ ഒരിക്കലും തിരിച്ച് ലഭിക്കാത്ത ചില നഷ്ടബോധങ്ങൾ ലിസിയുടെ മനസിൽ ഉണ്ട്.
' സാമ്പത്തിക പരാധീനത കാരണം പത്താം ക്ലാസുവരെ പഠിക്കാൻ കഴിഞ്ഞുള്ളൂ. ഞങ്ങൾ അഞ്ച് പെണ്ണും ഒരാണുമായിരുന്നു. ചെറുപ്പത്തിലേ അച്ഛൻ മരിച്ചത് കാരണം അമ്മയാണ് എല്ലാവരുടേയും വിവാഹം നടത്തിയത്. എന്റേത് പ്രണയ വിവാഹം ആയിരുന്നു. പാലക്കാട് സ്വദേശിയായ ശശി ആയിരുന്നു ഭർത്താവ്. ആറു വർഷം മുമ്പ് മരിച്ചു. പാലക്കാട് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ഒരിക്കൽ അപകടം പറ്റിയപ്പോൾ ഭർത്താവിന്റെ നിർദ്ദേശം പ്രകാരം ഡ്രൈവർ കുപ്പായം ഊരി. ഭർത്താവ് മരിച്ചതോടെ അമ്മയും ഞാനും തനിച്ചായി. ഞങ്ങൾക്ക് മക്കളില്ല 'എന്ന് ലിസി പറയുമ്പോൾ വാക്കുകളിൽ നിരാശയും ദുഃഖവും ഇടകലർന്നിരുന്നു.
ലിസിയുടെ ജീവിതത്തിൽ ജയിൽ ഒരു പാഠശാലയാണ്. ചെറുപ്പത്തിലെവിടെയോ നഷ്ടപ്പെട്ടുപോയ എഴുത്തെന്ന സപര്യയെ തപസ്യയാക്കി മാറ്റാൻ വീണു കിട്ടിയ അവസരം. കുട്ടിക്കാലത്ത് ലഘുനാടകങ്ങളും കഥാപ്രസംഗങ്ങളും ഒക്കെ എഴുതിയിരുന്നു. പിന്നീട് ജയിലിൽ എത്തിയതിനു ശേഷമാണ് ഒരിക്കൽ മൂടിവച്ച സർഗാത്മകതയിലേക്ക് ലിസി തിരിയാൻ തുടങ്ങിയത്. ജയിലിലെ വെൽഫെയർ ഓഫീസറായ കെ.എൻ.ശോഭനായാണ് പ്രോത്സാഹിപ്പിച്ചത്. ആ പ്രോത്സാഹനം ലിസി എന്ന തടവുകാരിക്ക് ഓർമ്മകളെ, സ്വന്തം ജീവിതത്തെ തൊട്ടുണർത്തിയ തീനാളമായിരുന്നു. ' ആദ്യം മഴയെ കുറിച്ച് എഴുതാനാണ് ശോഭനാ മാഡം പറഞ്ഞത്. ജയിലിന്റെ നാലു ചുമരുകൾക്കുള്ളിൽ എങ്ങനെയൊക്കെയോ എത്തിപ്പെട്ട നൂറുകണക്കിന് ജീവിതാനുഭവങ്ങളുടെ സാക്ഷ്യത്തിൽ പതിനഞ്ചോളം കവിതകളും ഒമ്പതോളം കഥകളും പിറന്നു. ഇവയെല്ലാം ഉൾപ്പെടുത്തി 'കുറ്റവാളിയിൽ നിന്ന് എഴുത്തുകാരിയിലേക്ക്.....എന്ന പുസ്തകം അടുത്ത മാസം പ്രസിദ്ധീകരിക്കും. പത്രപ്രവർത്തകനായ സുബിൻ മാനന്തവാടിയാണ് വായനക്കാരിലേക്ക് ഇത് എത്തിക്കുന്നത്.
സഹതടവുകാരുടെ ഓർമകളെയും ലിസിയുടെ തൂലിക ഉണർത്തും. എല്ലാവർക്കും കവിതകളെഴുതി നൽകണം. ഭർത്താവിനുള്ള കത്തിലേക്ക് മാറ്റിയെഴുതാൻ, കൂട്ടുകാരെ ഓർമിക്കാൻ, മക്കൾക്ക് വേണ്ടി.....അങ്ങനെ സ്‌നേഹത്തിന്റെ വിരഹത്തിന്റെയും ദുഃഖത്തിന്റെയും മുഹൂർത്തങ്ങളെ കവിതയിലേക്ക് ലിസി മൊഴിമാറ്റം ചെയ്യുന്നു. വിരഹം, മുഖങ്ങൾ, വിധി, പ്രണയം, സ്വപ്‌നം എന്നീ കവിതകളും സമീറിന്റെ മരണം, പിരാന്ത്, മാനാസാന്തരം തുടങ്ങിയ കവിതകളും ഇങ്ങനെയെഴുതിയതിന് ഉദാഹരണങ്ങളാണ്. ഒറ്റപ്പെട്ടു പോയ ഒരു അമ്മയെ ആസ്പത്മാക്കിയാണ് ഒടുവിലെത്ത കഥ. എഴുത്തിനെ കുറിച്ച് പറയുമ്പോൾ ലിസി എല്ലാം മറക്കും. ' കഥകളും കവിതകളും എനിക്കിഷ്ടമാണ്. ജയിലിൽ ആശയദാരിദ്ര്യമില്ലാത്തതിനാൽ വിഷയങ്ങൾക്ക് പഞ്ഞമില്ല. എന്റെ അച്ഛന്റെ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് എഴുതിയ കഥയാണ് പിരാന്ത്. എന്നാലും കവിതയോട് അൽപം ഇഷ്ടം കൂടുതലാണ്. ഒ.എൻ.വി സാറിന്റെയും മുകുന്ദൻ സാറിന്റെയും പുസ്തകങ്ങൾ ഇഷ്ടമാണ്. ബന്യാമിന്റെ ' ആടുജീവിതം ' വായിക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. എന്റെ ആഗ്രഹം മനസിലാക്കി ജയിലിലെ ഒരു സ്റ്റാഫ് തന്നെയാണ് ആ പുസ്തകം വാങ്ങി തന്നത്. ഒറ്റയിരുപ്പിലാണ് ആ പുസ്തകം ഞാൻ വായിച്ച് തീർത്തത്. എഴുത്ത് തൊഴിലായി ജയിൽ വകുപ്പ് ചട്ടങ്ങൾ അനുവിദിക്കാത്തതു കൊണ്ട് പശുപരിപാലനമാണ് ജയിലിലെ എന്റെ ജോലി. ഇവിടെ 26 പശുക്കളാണ് ഉള്ളത്. പശുക്കളെ നോക്കുന്നതിന് ദിവസം 53രൂപ കൂലി ലഭിക്കും'.
ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് നഷ്ടങ്ങളിലേക്കാണ് ചെന്നെത്തുന്നത്. ഇനിയൊരു ആറുവർഷത്തിനു ശേഷം സ്വാതന്ത്യത്തിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങുമ്പോൾ എഴുത്തിന്റെയും വായനയുടേയും ലോകം തനിക്കു കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ലിസി.