ഷിക്കാഗോ: ലോക മലയാളികൾക്ക് പുതുവത്സര സമ്മാനമായി പ്രശസ്ത മനഃശാസ്ത്രജ്ഞ ലിസി ഷാജഹാൻ എംപാഷ ഗ്ലോബലിനൊപ്പം. ആരോഗ്യപരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിന് എംപാഷ ഗ്ലോബൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് സംഘടിപ്പിക്കുന്ന വെബിനാറിലാണ് ലിസി ഷാജഹാനെത്തുന്നത്. വെബിനാർ തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. ദിവ്യ വി.ഗോപിനാഥ് ഐപി.എസ് ഉദ്ഘാടനം ചെയ്യും. കർമരംഗത്ത് കരുത്തുറ്റ പ്രതീകമായ ദിവ്യ വി.ഗോപിനാഥ് മെഡിക്കൽ ഡോക്ടർ കൂടിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കാണ് ദിവ്യ. വി.ഗോപിനാഥ് നേതൃത്വം നൽകുന്നത്.

സൈക്കോളജിസ്റ്റ്, ലൈഫ് കോച്ച്, സെലിബ്രിറ്റി മെന്റർ, എഴുത്തുകാരി എന്ന നിലയിൽ പ്രവർത്തിക്കുന്ന ലിസി ഷാജഹാൻ സ്ത്രീകളുടെ ജീവിത ലക്ഷ്യങ്ങളെ നിർവചിച്ച് നൽകുന്ന മിഷനുമായി മുന്നോട്ടു പോവുകയാണ്. വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള ഇവർ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ അമരക്കാരി കൂടിയാണ്. പത്ത് ലക്ഷത്തിലധികം ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ജീവിതോദ്ദേശം സാർത്ഥമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുക എന്നതാണ് വരുന്ന 5 വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നത്. എക്കാലവും പഠിച്ചു കൊണ്ടേയിരിക്കുക എന്ന ലക്ഷ്യത്തോടെ കർമപഥത്തിൽ തിളങ്ങുന്ന ലിസി മനഃശ്ശാസ്ത്രത്തിന്റെ നിരവധി മേഖലകളിൽ സജീവ പ്രവർത്തകയാണ്. കൗൺസിലർ, ഗ്രൂമർ, ട്രയിനർ എന്നീ മേഖലയിൽ നിരവധി വർഷത്തെ അനുഭവ സമ്പത്താണ് ലിസി ഷാജഹാനുള്ളത്. മാതൃഭൂമി ഗൃഹലക്ഷ്മി വേദിയുടെ സ്റ്റേറ്റ് പ്രസിഡന്റ്, അസോസിയേഷൻ ഓഫ് കൗൺസിലേഴ്സ് ആൻഡ് മെന്റ്ഴ്സ് പ്രസിഡന്റ്, വെൽനെസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഫാക്കൽറ്റി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ ലിസി ഷാജഹാൻ പ്രവർത്തിച്ചിട്ടുണ്ട്്. കുടുംബങ്ങളിലെ അസ്വാരസ്യങ്ങൾ കൂടി വരുന്ന ഇക്കാലത്ത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യപരമായ കുടുംബാന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്ന നിരവധി നിർദ്ദേശങ്ങൾ വെബിനാറിലൂടെ ലിസി ഷാജഹാൻ നൽകും.

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. കുടുംബങ്ങളിൽ ആ ഇമ്പം നിലനിർത്തുവാൻ എക്കാലവും പ്രതിജ്ഞാ ബദ്ധമാണ് എംപാഷ ഗ്ലോബൽ. നിസ്വാർത്ഥമായ പ്രവർത്തങ്ങളാണ് എംപാഷ കാഴ്ചവച്ചിട്ടുള്ളത്. ഇതിനായി ഇത്തരം മേഖലകളിലെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തികളുടെ സേവനം എംപാഷ ഗ്ലോബൽ ലക്ഷ്യമിടുന്നുണ്ട ്. ചെറിയ പ്രശ്നങ്ങളിൽപോലും കുടുബബന്ധങ്ങൾ ശിഥിലമാകുന്ന ഇക്കാലത്ത് ആഴവും പരപ്പുമുള്ള ബന്ധങ്ങളിലെ മൂല്യങ്ങളിലേയ്ക്ക് എംപാഷ കടന്നുചെല്ലുന്നു. ആരോഗ്യപരമായ ജീവിത സംവിധാനത്തിന് പിന്നിൽ സംഘപരമായ ഒരു ചാലകശക്തിയുടെ പിന്തുണകൂടിച്ചേരുമ്പോൾ കടലോളം പരക്കുവാൻ നമ്മുടെ കുടുംബങ്ങൾക്കാവുമെന്ന് എംപാഷ ശക്തമായി വിശ്വസിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: Benny Vachachira 847 322 1973, Vinod Kondoor 313 208 4952. empatiaglobal.com.