തിരുവനന്തപുരം: ഓടി മടുക്കുകയോ ഓടിച്ചുമടുക്കുകയോ ചെയ്താൽ കാർ വിൽക്കുക മലയാളികളുടെ ശീലമാണ്. ഓൾഡ് ഈസ് ഗോൾഡ് എന്നൊക്കെ പറഞ്ഞ് കസ്തൂരി മാമ്പഴം പോലെ കാർ കാത്തുസൂക്ഷിക്കുന്ന വിമതന്മാരുമുണ്ട്. എന്നാൽ, സർക്കാരിന് ഈ പരിപാടിയൊന്നും നടപ്പില്ല. നയപ്രകാരം ഒമ്പത് വർഷം കഴിഞ്ഞാൽ കാർ വിൽക്കുകയോ, ഉപേക്ഷിക്കുകയോ ആവാം. ഓടി മടുത്തുവെന്ന് പറഞ്ഞ് അടുത്ത കാലത്ത് അഞ്ചുവർഷം വരെ ഓടിയ കാർ പോലും സർക്കാർ നിഷ്‌ക്കരുണം ഉപേക്ഷിച്ചിട്ടുണ്ട്.

കഥ ഇങ്ങനെ തുടരുന്നതിനിടെയാണ് ആറുവർഷം പ്രായമായ ഇന്നോവ കാർ പോരെന്ന് സാക്ഷരതാ മിഷൻ ഡയറക്ടർക്കും വൃന്ദത്തിനും തോന്നിയത്. പുതിയ കാർ വാങ്ങുന്നത് അത്ര കേമമായി ഡയറക്ടർക്ക് തോന്നിയില്ല. വീടൊക്കെ പഴക്കം ചെല്ലുമ്പോൾ പുതുക്കാറില്ലേ. ആ പൈതൃകച്ഛായ മാറാതെ ഒരുപുതുക്കൽ. അങ്ങനെയൊരു മോടിപിടിപ്പിക്കൽ. അതാണ് 'നിഷ്‌ക്കളങ്ക'മായി ചിന്തിച്ചത്. എന്നാൽ മോടികൂട്ടുമ്പോൾ ജാട കുറയ്ക്കനൊന്നും സാക്ഷരതാമിഷൻ കൂട്ടാക്കിയില്ല. ആക്‌സസറീസിന്റെയും, സ്‌പെയർ പാർട്‌സിന്റെയും ക്വട്ടേഷൻ പട്ടിക കണ്ട് ഉദ്യോഗസ്ഥരൊക്കെ നാണിച്ചുപോയെന്നാണ് അണിയറ സംസാരം. എന്നാൽ, പിന്നെ ഒരുപുതിയ കാർ ...പോരാരുന്നോയെന്ന് ചിലരൊക്കെ നിഷക്കളങ്കമായി ചോദിച്ചേ്രത!.

സാക്ഷരതാ മിഷൻ ഡയറക്ടറും, തികഞ്ഞ സിപിഎം കുടുംബാംഗവുമായ പി.എസ്.ശ്രീകലയ്ക്ക് ഇന്നോവ ക്രിസ്റ്റോ കാർ വാങ്ങാനായിരുന്നു താൽപ്പര്യം. അതു നടന്നില്ല. ഇതോടെയാണ് ഇന്നോവാ കാറിനെ ക്രിസ്റ്റോയ്ക്ക് തുല്യമാക്കാൻ തീരുമാനിച്ചത്. സംഗതി ജോറാവാൻ ക്വട്ടേഷൻ പട്ടിക നോക്കാം. 4 അലോയ് വീൽ, ഫ്ളോറിങ് മാറ്റ്, 70% അതാര്യമായ സൺ ഫിലിം, ആന്റിഗ്ലെയർ ഫിലിം, വിഡിയോ പാർക്കിങ് സെൻസർ, റിവേഴ്സ് ക്യാമറ, ഫുട്ട് സ്റ്റെപ്, വിൻഡോ ഗാർണിഷ്, ഡോർ ഹാൻഡിൽ ക്രോം, ട്രാക്കർ, മാർബിൾ ബീഡ്സ് സീറ്റ്, ഡോർ ഗാർഡ്, റിയർ വ്യൂ മിറർ ക്രോം, ബംപർ റിഫ്ളെക്ടർ, വുഡ് ഫിനിഷ് സ്റ്റിക്കർ, മൊബൈൽ ചാർജർ, നാവിഗേഷൻ സൗകര്യമുള്ള ആർഡ്രോയ്ഡ് കാർ സ്റ്റീരിയോ, ഫോം ഉൾപ്പെടെ സീറ്റ് കവർ തുടങ്ങിയവയ്ക്കായി ടെൻഡർ ക്ഷണിച്ചാണു കാൽ പേജോളം വലുപ്പത്തിൽ പത്രത്തിൽ പരസ്യം വന്നത്. സർക്കാർ അംഗീകൃത നിരക്ക് അനുസരിച്ച് പരസ്യത്തിനു തന്നെ 40,000 രൂപയോളം ചെലവു വരും. കാറുകളിൽ സൺ ഫിലിം ഒട്ടിക്കുന്നതിനെതിരെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നിരിക്കെയാണു നാലു വാതിലുകളിലെ കണ്ണാടിയിലും ഫിലിം പതിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചത്. ഇതും നിയമ വിരുദ്ധമാണ്.

ഏതായാലും പരസ്യം വന്നതോടെ കട്ടൻകാപ്പിക്കൊപ്പം പത്രപാരായണം പതിവാക്കിയ സകല സൂക്ഷമദൃക്കുകളായ മലയാളികളും സംഗതി അറിഞ്ഞു. പോരാത്തതിന് മറുനാടൻ അടക്കമുള്ള പത്രക്കാർ ഇതുവാർത്തയാക്കുകയും ചെയ്തു. മിഷൻ ഡയറക്ടർക്ക് ആകെ നാണക്കേടായെന്ന് പറഞ്ഞാൽ മതിയല്ലോ! വിശദീകരണച്ചുമതല പിആർഒയെ ഏൽപിച്ചു. പതിവുപോലെ വാർത്ത തെറ്റ് ഞങ്ങൾ ശരി എന്ന പൊതുരാഷ്ട്രീയ നിലപാട് തന്നെയാണ് സാക്ഷരതാ മിഷനും സ്വീകരിച്ചത്. വസ്തുതകളാണ് പറയുന്നത് എന്ന് പിആർഒ വിശദീകരണക്കുറിപ്പിൽ അവകാശപ്പെടുന്നു. ആറുവർഷം പഴക്കമുള്ള ഇന്നോവ കാർ ഒന്നരലക്ഷം കിലോമീറ്റർ ഓടി. വാഹനം ഓടി ക്ഷീണിച്ചതുകൊണ്ട് ഇടയ്ക്കിടെ വർക്ക്‌ഷോപ്പിൽ കയറ്റേണ്ടി വന്നു. പുതിയ വാഹനം വാങ്ങാമെന്ന അഭിപ്രായമുയർന്നപ്പോൾ ഡയറക്ടറാണ് വാഹനം സുരക്ഷിത യാത്രയ്ക്കു പാകത്തിൽ നവീകരിച്ചാൽ മതി എന്ന് പറഞ്ഞത്. ചെലവു കുറയ്ക്കലായിരുന്നു ഉദ്ദേശ്യം. (പുതിയ വാഹനത്തിന് 17 - 18 ലക്ഷം രൂപ വേണ്ടി വരും.) വാഹനം നവീകരിക്കാൻ എക്‌സി. കമ്മിറ്റി തീരുമാനിച്ചു.

ഇന്നോവ കമ്പനിയുടെ ഔദ്യോഗിക ഏജൻസിയുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ തയ്യാറാക്കിയത്. ക്വോട്ട് ചെയ്യുന്ന കുറഞ്ഞ തുക കൂടുതലായാൽ മോടിയാക്കൽ വേണ്ടെന്നുവയ്ക്കുമെന്ന ഭീഷണിയും കുറിപ്പിലുണ്ട്. ഒന്നരലക്ഷം കിലോമീറ്റർ ഓടിയ കാറിന് വിഡിയോ പാർക്കിങ് സെൻസർ, റിവേഴ്സ് ക്യാമറ, വിൻഡോ ഗാർണിഷ്, ഡോർ ഹാൻഡിൽ ക്രോം, ട്രാക്കർ, മാർബിൾ ബീഡ്സ് സീറ്റ്, ഡോർ ഗാർഡ്, റിയർ വ്യൂ മിറർ ക്രോം, നാവിഗേഷൻ സൗകര്യമുള്ള ആർഡ്രോയ്ഡ് കാർ സ്റ്റീരിയോ, ഫോം ഉൾപ്പെടെ സീറ്റ് കവർ തുടങ്ങിയവ ഫിറ്റുചെയ്ത പുതുക്കിയാലും സർക്കാർ നയപ്രകാരം മൂന്നുവർഷം കഴിയുമ്പോൾ കാർ വഴിയിൽ കളയണം. പോരാത്തതിന് വീട് മോടിയാക്കും പോലെ അറ്റകുറ്റപ്പണി ചെയ്താലും കാറിന് ആയുസ് കൂടുമോയെന്ന് നിഷ്പക്ഷമതികൾ പോലും ചോദിക്കുന്നു. ഇനി ആകെ ഇതൊക്കെ ഇക്കാലത്ത് ഒരാംഡംബരമാണോ എന്ന് ചോദിച്ചൊഴിയാം. ഏതായാലും പിആർഒ ന്യായീകരിച്ച് കുളമാക്കൽ തുടരുകയാണ്.

പലപ്പോഴും വാഹനം പണി ചെയ്യേണ്ടി വരുമ്പോഴും സർവീസിന് കൊടുക്കുമ്പോഴും പുറത്തുനിന്നു വാഹനം ഹയർ ചെയ്യാൻ വകുപ്പുണ്ടെങ്കിലും അതു ചെയ്യാതെ ഡയറക്ടറുടെ സ്വന്തം വാഹനം സ്വന്തമായി ഇന്ധനച്ചെലവ് നിർവ്വഹിച്ചാണ് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാറുള്ളത്. ഈ ന്യായമൊക്കെ കുറിപ്പിൽ പറയുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഉപേക്ഷിക്കാനുള്ള കാറിന് വേണ്ടി ലക്ഷങ്ങളുടെ ആഡംബര സാമഗ്രികൾ വാങ്ങുന്നത് എന്തിനാണാവോ? ഡയറക്ടർ ഡൽഹിയിൽ നിന്ന് വരുമ്പോൾ മറുപടി പറയുമായിരിക്കും.

ചെലവ് ചുരുക്കലാണ് പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാൻ ലോകബാങ്കിനെ വരെ എത്തിച്ച് വായ്പ എടുക്കാനാണ് സർക്കാരിന്റെ തീരുമാനം. ദുരിത ബാധിതരെ സഹായിക്കാനായി പണപ്പിരിവിനായി സർക്കാർ നെട്ടോട്ടമോടുമ്പോഴാണ് സാക്ഷരതാ മിഷൻ ലക്ഷങ്ങൾ വെറുതെ പൊടിക്കുന്നത്. മിഷൻ ഡയറക്ടറുടെ ഭർത്താവായ തിരുവനന്തപുരം നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമുണ്ട് കോർപറേഷൻ വക ഔദ്യോഗിക കാർ. ബാബു തിരുവനന്തപുരത്തെ പ്രധാന സിപിഎം നേതാവാണ്.

സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റി ഡയറക്ടറായി ഡോ. പി.എസ്.ശ്രീകല ചുമതലയേറ്റത് പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം വിഭാഗം അസി. പ്രൊഫസറായിരുന്നു ശ്രീകല. കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായിരുന്നു. ഇടതു പക്ഷ ആശയങ്ങളുമായി പൊതു സമൂഹത്തിൽ സജീവമായിരുന്നു ശ്രീകല.