കണ്ണൂർ: കീഞ്ഞു പാഞ്ഞെന്നാൽ ഇറങ്ങിയോടിയെന്നാണ്. ഇത്തരത്തിലുള്ള കണ്ണൂർ ജില്ലയിലെ ഗ്രാമീണ തനത് നാട്ടുഭാഷാപ്രയോഗങ്ങളും ഉത്ഭവവും ചേരുന്ന കണ്ണൂർ ഭാഷാ നിഘണ്ടു പ്രകാശനം ചെയ്തു. പിലാത്തറ സ്വദേശിയും തളിപ്പറമ്പ് സർസയ്യിദ് കോളേജ് ഹിന്ദി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വി.ടി.വി. മോഹനനും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല അസി. പ്രൊഫസർ സ്മിത കെ നായരും ചേർന്നാണ് 300 വാക്കുകളുള്ള നിഘണ്ടു തയ്യാറാക്കിയത്.

2008 നവംബറിൽ കോളേജ് ക്യാന്റീനിൽ നടന്ന സംഭവമാണ് നിഘണ്ടു തയ്യാറാക്കുന്നതിലെത്തിച്ചത്. 'ചായയ്‌ക്കൊപ്പം കഴിക്കാൻ കാലിമുട്ട വേണോ എന്നാണ് ക്യാന്റീൻകാരൻ ചോദിച്ചത്. കാലിമുട്ടയെന്നാൽ പുഴുങ്ങിയ മുട്ടയാണെന്നത് പുതിയ അറിവായിരുന്നു. കണ്ണൂരുകാരനായിട്ടു. പോലും അറിയാത്ത കണ്ണൂർ വാക്കുകളുണ്ടെന്ന് അന്ന് തിരിച്ചറിഞ്ഞു. അതോടെ വെറുതെ നേരമ്പോക്കിന് വിദ്യാർത്ഥികളുടെ സഹായത്തോടെ കണ്ണൂർ വാക്കുകളും അർഥവും ശേഖരിച്ച് തുടങ്ങി.

15 വർഷങ്ങൾക്കിപ്പുറം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്. വാക്ക്, അച്ചടി മലയാളത്തിലെ അർഥം, വാക്കുൾപ്പെടുന്ന വാചകം എന്നിങ്ങനെയാണ് ഘടന. കിഞ്ഞ് പാഞ്ഞ് എന്ന വാക്കിനൊപ്പം അർഥമായി ഇറങ്ങിയോടിയെന്നും ബസിന്റെ ഉള്ളിൽ നിന്ന് ശബ്ദം കേട്ട് യാത്രക്കാർ കിഞ്ഞ് പറഞ്ഞു എന്ന വാചകവും ചേർത്തിട്ടുണ്ട്. അമ്മോപ്പം... ഒരു കണ്ണൂരുകാരൻ കൈമലർത്തി മുഖം ചുളിച്ച് ഇങ്ങനെ പറഞ്ഞാൽ കണ്ണൂർ ഭാഷ പരിചയമില്ലാത്ത മറ്റ് ജില്ലക്കാർ അന്തം വിട്ട് നിൽക്കും. ഇതെന്ത് ഭാഷയെന്ന് ചിലപ്പോ കളിയാക്കിയെന്നും വരാം. എനിക്കറില്ല എന്ന് അർഥം വരുന്ന ഈ നാടൻ പ്രയോഗം കണ്ണൂർ ഭാഷയിൽ ഇടയ്ക്കിടെ കടന്നുവരുന്നതാണ്.

കീരാങ്കീരി എന്ന വാക്കിനൊപ്പം ചിവിട് എന്ന അർഥവും രാത്രിയിൽ കീരാങ്കീരി ഒച്ചയുണ്ടാക്കി എന്ന വാചകവുമുണ്ട്. കൂടിയ ഗൃഹപ്രവേശം, ചിക്ക് മുടിയിലെ ജഡ, ചിക്കുക- ഉണക്കാനിടുക തുടങ്ങിയ വാക്കുകളുമുണ്ട്. ഇത്തരത്തിൽ നിരവധി കണ്ണൂർ ഭാഷാ പ്രയോഗങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പിലാത്തറ സുഹൃദ്‌സംഘം സെന്റ്‌ജോസഫ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ കഥയുടെ കുലപതി ടി. പത്മനാഭൻ പുസ്തകം പ്രകാശിപ്പിച്ചു. ഭാഷാവൈവിധ്യ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.എം. ശ്രീധരൻ ഏറ്റുവാങ്ങി ഡോ. എം. സത്യൻ, എൻ. ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ എന്നിവർ സംസാരിച്ചു.