തിരുവനന്തപുരം: രക്തനക്ഷത്രമായി കോടിയേരി ബാലകൃഷണൻ ജനഹൃദയങ്ങളിൽ ഉദിച്ചു നിൽക്കുന്നത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രീജിത്ത് രാജ് , കോടിയേരി ഒരു ജീവചരിത്രം എന്ന പുസ്തകത്തിലൂടെ പറയുന്നത്. കോടിയേരിയുടെ പൂ നിലാവ് പോലത്തെ ചിരി നിറഞ്ഞു നിൽക്കുന്നതാണ് ജീവചരിത്രത്തിലെ ഓരോ ഇതളുകളും. പകയുടെ നാളങ്ങൾ അല്ല, മറിച്ച് സ്‌നേഹത്തിന്റെ, അരികുവൽക്കരിക്കപ്പെട്ടവരുടെ വേദനകൾ പരിഗണിക്കുന്ന ആർദ്രതയായിരുന്നു കോടിയേരിയുടെ വ്യക്തിത്വമെന്നു പ്രീജിത് രാജ് വ്യക്തമാക്കുന്നു. അനശ്വരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവിതത്തെ കുറിച്ച് പ്രീജിത് രാജ് തയ്യാറാക്കിയ 'കോടിയേരി ഒരു ജീവചരിത്രം' കോഹിനൂർ രത്‌നം പോലെ തിളക്കമാർന്ന ഒന്നാണെന്നു മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്. നാരായണൻ (മംഗളം) കുറിക്കുന്നു.

കോടിയേരി ഒരു ജീവചരിത്രം എന്ന പുസ്തകത്തിലെ ഒരു അധ്യായമായ 'തൂവെള്ളക്കൊടിയും രക്തനക്ഷത്രവും, ഏവരും വായിച്ചിരിക്കേണ്ടതാണ്. കോടിയേരി ബാലകൃഷ്ണൻ അടുപ്പമുള്ളവരോട് വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്തെ കുറിച്ച് എപ്പോഴും വാചാലനാവുമായിരുന്നു. ആ കാലത്തെ മുന്നേറ്റങ്ങളെ കുറിച്ച് ഗൃഹാതുരതയോടെ ഓർത്തെടുക്കാൻ കോടിയേരി ഏറെ ഇഷ്ടപ്പെട്ടു. തലശ്ശേരിയിലെ കോടിയേരി ഓണിയൻ ഹൈസ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന കാലഘട്ടം മുതൽ പുരോഗമന വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോടിയേരി, ആ സ്‌കൂളിൽ കെ എസ് എഫിന്റെ ഒരു യൂണിറ്റ് രൂപീകരിക്കുകയും യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് തലശ്ശേരി താലൂക്ക് ജോയിന്റ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി എന്നീ ചുമതലകളിലും കെ എസ് എഫിൽ പ്രവർത്തിച്ചു. 1970ൽ മാഹി മഹാത്മാഗാന്ധി കോളേജിൽ പഠിക്കുന്ന സന്ദർഭത്തിലാണ് എസ് എഫ് ഐ രൂപീകരണ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്. ആ സമ്മേളനത്തിൽ കോടിയേരി പ്രതിനിധിയായിരുന്നു. എസ് എഫ് ഐ രൂപീകരണത്തിന് ശേഷമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്.

നേരത്തെ സ്‌കൂളുകളിൽ കെ എസ് എഫിന് സ്വാധീനമുണ്ടായിരുന്നുവെങ്കിലും കെ എസ് യു തന്നെയായിരുന്നു ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന. അതിന് മാറ്റം വന്നുതുടങ്ങിയത് എസ് എഫ് ഐ രൂപീകരിച്ചതിന് ശേഷമാണ്. വിദ്യാർത്ഥികളെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് വലിയ പ്രക്ഷോഭങ്ങൾക്ക് എസ് എഫ് ഐ നേതൃത്വം നൽകി. കോടിയേരി എസ് എഫ് ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുന്ന വേളയിലാണ് ചൊവ്വ ഹൈസ്‌കൂളിൽ എസ് എഫ് ഐയുടെ യൂണിറ്റ് രൂപീകരിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. തുടർന്ന് അവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വലിയ പ്രക്ഷോഭം സംഘടിപ്പിച്ചു. സ്‌കൂളിന്റെ മുന്നിൽ നിരാഹാര സമരം തുടങ്ങി. വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ അധികൃതർ തയ്യാറായി. ഈ സമരവിജയം ജില്ലയിലാകെ എസ് എഫ് ഐയുടെ മുന്നേറ്റത്തിന് വളരെയേറെ സഹായിച്ചു. ആ കാലഘട്ടത്തിൽ ഇ പി ജയരാജനായിരുന്നു എസ് എഫ് ഐ ജില്ലാ സെക്രട്ടറി.

1973ൽ കൊല്ലത്ത് വെച്ച് ചേർന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിൽ വച്ചാണ് ജി സുധാകരനെ സംസ്ഥാന പ്രസിഡന്റായും കോടിയേരിയെ സെക്രട്ടറിയായും തെരഞ്ഞെടുക്കുന്നത്. 1974ൽ തിരുവനന്തപുരത്ത് വെച്ച് ചേർന്ന സമ്മേളനത്തിൽ വെച്ച് എം എ ബേബിയെ പ്രസിഡന്റായും കോടിയേരിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കെ എസ് യു നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയനുകളുടെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം ആ കാലയളവിൽ എസ് എഫ് ഐ ഏറ്റെടുക്കുകയുണ്ടായി. കെ എസ് യു നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയനുകളും കോളേജ് യൂണിയനുകളും അഴമതി നുരക്കുന്ന ഇടങ്ങളായിരുന്നു. കെ എസ് യു പ്രവർത്തനത്തിനായി കോളേജ് യൂണിയൻ, യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടുകൾ അവർ തിരിമറി നടത്തി. ഇതിനെതിരായി വലിയ പ്രചാരവേല സംഘടിപ്പിക്കാൻ എസ് എഫ് ഐ അന്ന് മുൻകൈയെടുത്തു. അക്കാലത്ത് നൂറ് ശതമാനം സീറ്റുകളിലേക്കും മാനേജ്മെന്റുകൾക്കിഷ്ടമുള്ളവരെ പ്രവേശിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതിനെതിരായി സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം മെറിറ്റടിസ്ഥാനത്തിലാവണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം എസ് എഫ് ഐ രൂപീകരണത്തിന് ശേഷമുള്ള ശ്രദ്ധേയമായ പ്രക്ഷോഭമായിരുന്നു.

ആ സമയത്ത് കോളേജധ്യാപകർക്ക് സർക്കാർ ട്രഷറി വഴി ശമ്പളം കൊടുക്കുന്ന സംവിധാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് എ കെ പി സി ടി എ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന് എസ് എഫ് ഐ പിന്തുണ നൽകുകയുണ്ടായി. വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നം കൂടി ഉൾപ്പെടുത്തിക്കൊണ്ട് അദ്ധ്യാപക വിദ്യാർത്ഥി പ്രക്ഷോഭമായി ആ സമരം ജ്വലിച്ചുയർന്നു. കെ എസ് യുവിനും ആ സമരത്തിൽ പങ്കാളികളാകേണ്ടി വന്നു. ഒടുവിൽ സർക്കാരും മാനേജ്മെന്റുകളും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥി പ്രവേശനത്തിൽ 80 ശതമാനം മെറിറ്റും സംവരണ വ്യവസ്ഥകളും അംഗീകരിക്കപ്പെട്ടു. കോളേജ് അദ്ധ്യാപകർക്ക് ഡയറക്ട് പേമെന്റ് ലഭിച്ചുതുടങ്ങിയതും ഈ പ്രക്ഷോഭത്തെ തുടർന്നാണ്. എസ് എഫ് ഐക്ക് വലിയ സ്വീകാര്യതയും മുന്നേറ്റവുമുണ്ടാക്കാൻ ഈ സമരം സഹായകമായി. മെറിറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയതോടെ സംവരണവും പ്രാബല്യത്തിൽ വന്നു. അതോടെ പട്ടികജാതി - വർഗ, പിന്നോക്ക വിഭാഗത്തിലുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വകാര്യ കോളേജുകളിൽ അഡ്‌മിഷൻ ലഭിക്കുന്ന നില വന്നു. പാവപ്പെട്ടവരുടെ വീടുകളിൽ നിന്നും കോളേജുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്ന അവസ്ഥയും അതോടൊപ്പം ഉണ്ടായി. എസ് എഫ് ഐയുടെ സ്വാധീനം വർധിച്ചതിന് ഇതുമൊരു ഘടകമായിരുന്നു.

എസ് എഫ് ഐ ആ കാലഘട്ടത്തിൽ ഏറ്റെടുത്ത മറ്റൊരു പ്രധാനപ്പെട്ട സമരമായിരുന്നു പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ സ്‌റ്റൈപ്പന്റും ലംസംഗ്രാന്റും വർധിപ്പിക്കാനും ഹോസ്റ്റൽ സൗകര്യത്തിനും വേണ്ടി നടത്തിയ പ്രക്ഷോഭം. ഹരിജൻ വിദ്യാർത്ഥി ഫെഡറേഷനെന്നൊരു സംഘടന ആ ഘട്ടത്തിൽ വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ, എസ് എഫ് ഐ പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി സമരരംഗത്തേക്കിറങ്ങിയതോടെ ആ വിഭാഗത്തിലെ വിദ്യാർത്ഥികൾ വലിയതോതിൽ എസ് എഫ് ഐയിലേക്ക് ആകൃഷ്ടരായി. പട്ടികജാതി- വർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളെല്ലാം എസ് എഫ് ഐയുടെ സ്വാധീനകേന്ദ്രങ്ങളായി മാറിയത് അങ്ങിനെയാണ്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഈ ഹോസ്റ്റലുകളിൽ പലതിലും മിക്കവാറും ദിവസങ്ങളിൽ താമസിച്ചത് കോടിയേരിയുടെ വിദ്യാർത്ഥി ജീവിത കാലത്തെ മറക്കാനാവാത്ത അനുഭവമാണ്. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ താമസിച്ച് അവരോടൊപ്പം പ്രവർത്തിക്കുക എന്ന രീതിയായിരുന്നു ആ കാലത്ത് എസ് എഫ് ഐ നേതൃത്വം അവലംബിച്ചിരുന്നത്.

സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത് 1967ലെ ഇ എം എസ് ഗവൺമെന്റായിരുന്നു. കെ എസ് എഫിന്റെ മുദ്രാവാക്യമായിരുന്നു അത്. എസ് എസ് എൽ സി പരീക്ഷ ഫീസ് എടുത്തുകളയണമെന്ന് കെ എസ് എഫ് ആവശ്യപ്പെട്ടപ്പോൾ ഇ എം എസ് സർക്കാർ 1969ൽ പരീക്ഷഫീസ് എടുത്തുകളഞ്ഞു. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കി അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിച്ച പാരമ്പര്യമാണ് കെ എസ് എഫിനും തുടർന്ന് എസ് എഫ് ഐക്കും ഉള്ളത്. സർവ്വകലാശാല സെനറ്റുകളിൽ വിദ്യാർത്ഥി പ്രാധിനിത്യത്തിന് വേണ്ടി ഇടപെട്ടത് കെ എസ് എഫ് ആണ്. ഇ എം എസ് സർക്കാർ ആ ആവശ്യവും നിറവേറ്റി. സെനറ്റിൽ വിദ്യാർത്ഥികൾക്ക് പ്രാധിനിത്യമുണ്ടായി.

എസ് എഫ് ഐ കാലഘട്ടത്തിൽ കോടിയേരിയുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ഘട്ടം അടിയന്തരാവസ്ഥയുടെ കാലമായിരുന്നു. അദ്ദേഹം എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർ്തതിക്കുമ്പോഴാണ് 1975 ജൂൺ 26ന് ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ അതിനെതിരായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ എസ് എഫ് ഐ ആഹ്വാനം ചെയ്തു. തലശ്ശേരിയിലെ ചിറക്കര ഹൈസ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികളുടെ യോഗത്തിൽ കോടിയേരി പ്രസംഗിച്ചു. അന്ന് അർധരാത്രിയോടെ പൊലീസ് വീടുവളഞ്ഞു. കോടിയേരിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ടു. എസ് എഫ് ഐ സംസ്ഥാന നേതാക്കന്മാരെ വിവിധ ഇടങ്ങളിലായി അന്നേ ദിവസം രാത്രി അറസ്റ്റ് ചെയ്ത് പൊലീസ് ലോക്കപ്പിലടച്ചു. ഇതിനെതിരായി പലയിടത്തും വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനമുണ്ടായി. രണ്ടുദിവസം കഴിഞ്ഞപ്പോൾ എല്ലാവരേയും വിട്ടയച്ചു. എ കെ ജി പങ്കെടുക്കുന്ന പാർട്ടി പ്രവർത്തക യോഗത്തിൽ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് പോകാനൊരുങ്ങുമ്പോഴാണ് 26ന് രാത്രി കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.

27നായിരുന്നു കോഴിക്കോട്ടെ പ്രവർത്തക യോഗം. അറസ്റ്റിലായതിനാൽ കോടിയേരിക്ക് യോഗത്തിൽ പങ്കെടുക്കാനായില്ല. എ കെ ജിയും മറ്റും ഇടപെട്ടതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ വിട്ടയച്ചത്. അടിയന്തരാവസ്ഥയിലെ അർധഫാസിസ്റ്റ് വാഴ്ച അസാധാരണ സാഹചര്യം സമൂഹത്തിൽ വന്നുചേർന്നു. പത്രമാധ്യമങ്ങൾക്ക് പ്രീസെൻസർഷിപ്പ് ഏർപ്പെടുത്തി. പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചു. 'നാവടക്കൂ പണിയെടുക്കൂ..', 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' തുടങ്ങിയ മുദ്രാവാക്യങ്ങൾ നാടുനീളെ ഉയരാൻ തുടങ്ങി. സ്‌കൂൾ പാർലമെന്റുകൾ, കോളേജ് യൂണിയനുകൾ, സർവ്വകലാശാല യൂണിയനുകൾ എല്ലാം വേണ്ടെന്ന് വെച്ചു. നിയമസഭയിലേക്കും പാർലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ റദ്ദ് ചെയ്തു. ജനാധിപത്യം പൂർണമായും ഇല്ലാതായി. ഈ ഘട്ടത്തിൽ എസ് എഫ് ഐ സംസ്ഥാന കമ്മറ്റി വിളിച്ചുചേർത്ത് സാഹചര്യങ്ങൾ വിലയിരുത്തി, പ്രവർത്തന രീതിയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു. ഒരു വിഭാഗം സഖാക്കൾ പരസ്യമായും മറ്റൊരു വിഭാഗം സഖാക്കൾ രഹസ്യമായും പ്രവർത്തിക്കണമെന്ന് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അടിയന്തരാവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്നും തീരുമാനിച്ചു.

അതിന്റെ ഭാഗമായാണ് 1975 ജൂലായ് 1ന് തിരുവനന്തപുരത്ത് പ്രകടനം നടത്തണമെന്ന് തീരുമാനിച്ചത്. എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പ്രകടനത്തെ പൊലീസ് മൃഗീയമായി ലാത്തിചാർജ്ജ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം എ ബേബി, ജി സുധാകരൻ, എം വിജയകുമാർ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ഡി ഐ ആർ ആക്റ്റ് (ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് ആക്റ്റ്) ചുമത്തി തിരുവനന്തപുരത്ത് ജയിലിലടച്ചു. രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അവരെ വിട്ടയച്ചത്. ഓഗസ്റ്റ് മാസത്തിൽ കേരളത്തിലെ സിപിഐ എമ്മിന്റെ നേതാക്കന്മാരെയും വിവിധ വർഗ ബഹുജനസംഘടനകളുടെ സെക്രട്ടറിമാരെയും മിസ (മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്റ്റ്) ചുമത്തി അറസ്റ്റ് ചെയ്യാൻ ഇതിനിടെ ഗവൺമെന്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എസ് എഫ് ഐയുടെ സെക്രട്ടറിയെന്നുള്ള നിലയിൽ കോടിയേരിയെ മിസ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് അദ്ദേഹത്തെ തടവിലിട്ടത്.

ഒന്നരവർഷക്കാലത്തോളം മിസ പ്രകാരം ജയിലിൽ കഴിയേണ്ടി വന്നു. ഈ ഘട്ടത്തിൽ പാർട്ടി നേതാക്കന്മാർ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുന്നവരെയെല്ലാം മർദ്ദിക്കുകയും ഡി ഐ ആർ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തുപോന്നു. രാജ്യമാസകലം പ്രതിഷേധത്തിന്റെ കൊടുങ്കാറ്റലയടിച്ച നാളുകളായിരുന്നു അത്. അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ നിർബന്ധിതയായി. 1977ൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. അതുവരെ കോടിയേരിയടക്കമുള്ളവർക്ക് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. ജയിലിൽ നിന്ന് പുറത്തുവന്നയുടൻ തന്നെ എല്ലാ കോളേജുകളിലും ഒരു പര്യടനം നടത്തി. അപ്പോഴാണ് അടിയന്തരാവസ്ഥയ്ക്കെതിരായ വിദ്യാർത്ഥികളുടെ രോഷം എത്രമാത്രം വലുതായിരുന്നു എന്ന് മനസിലാക്കാൻ സാധിച്ചത്. കോടിയേരി കടന്നുചെന്ന കോളേജുകളിലെല്ലാം വമ്പിച്ച വിദ്യാർത്ഥി സമ്മേളനത്തോടെയാണ് വരവേൽപ്പുണ്ടായത്. തുടർന്ന് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. യു ഡി എഫിനാണ് ഭരണം ലഭിച്ചത്. എന്നാൽ, സ്‌കൂൾ പാർലമെന്റുകളിലേക്കും കോളേജ് യൂണിയനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ എസ് എഫ് ഐ വൻവിജയം നേടി. ചരിത്രത്തിൽ ആദ്യമായാണ് അന്നത്തെ കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനുകളിൽ കെ എസ് യുവിനെ തോൽപ്പിച്ച് എസ് എഫ് ഐ വിജയിച്ചത്. തുടർന്നിങ്ങോട്ട് എസ് എഫ് ഐയുടെ വിജയങ്ങളായിരുന്നു കേരളം കണ്ടതും കേട്ടതും.

എസ് എഫ് ഐ ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ പിന്തുണയുള്ള സംഘടനയാണ്. ഈ നേട്ടം കൈവരിച്ചത് പോരാട്ടത്തിൽ കൂടിയും സഹനത്തിൽ കൂടിയുമാണ്. നിരവധി വിദ്യാർത്ഥി പ്രവർത്തകന്മാർ ഇതിനിടയിൽ രക്തസാക്ഷികളായി. എത്രയോ വിദ്യാർത്ഥികൾ മർദ്ദനമേറ്റ് അംഗവൈകല്യമുള്ളവരായി മാറി. പതിനായിരങ്ങൾക്ക് ജയിലിൽ കിടക്കേണ്ടി വന്നു. കള്ളക്കേസുകളിൽ പ്രതികളാക്കപ്പെട്ട പലർക്കും തങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ ജോലി പോലും ലഭിച്ചില്ല. അതേസമയം എസ് എഫ് ഐയുടെ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക്കിടയിൽ മതനിരപേക്ഷ ബോധവും ജനാധിപത്യ ബോധവും സാമൂഹ്യ ബോധവും വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്നത് പ്രധാനപ്പെട്ട നേട്ടമാണ്. ഇതിനെ തകർക്കാനായി മതമൗലീകവാദ ശക്തികളും തീവ്രവാദ ശക്തികളും സജീവമായി വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിനെ പരാജയപ്പെടുത്തി മുന്നോട്ടുപോവുന്നതിൽ വീഴ്ച സംഭവിച്ചാൽ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകരും.

ഇത് കണക്കിലെടുത്ത് കോർപ്പറേറ്റുവൽക്കരണ നയങ്ങൾക്കെതിരായും വർഗീയ ശക്തികൾക്കെതിരായുമുള്ള ശക്തമായ പോരാട്ടം ഇന്നത്തെ തലമുറ ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പുതുതലമുറയെ നിരന്തരം ഓർമ്മിപ്പിച്ചു. എസ് എഫ് ഐയുടെ ശുഭ്രപതാക കോടിയേരിക്ക് എന്നും ആവേശമായിരുന്നു.