- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരം പുലരുന്നതേയുള്ളൂ, തീവണ്ടിയുടെ ചൂളം അകന്നകന്നു പോയി കൊണ്ടിരുന്നു, നിരാശ നിറഞ്ഞ മുഖഭാവത്തോടെ ശാരി തന്റെ തോള്‍സഞ്ചി എടുത്ത് ഒരു നിമിഷം ആലോചനയില്‍ നിന്നു. ഇനിയെങ്ങോട്ട് എന്ന ചോദ്യം അവളുടെ മനസിനെ ഏറെ അസ്വസ്തയാക്കികൊണ്ടിരുന്നു. അവളുടെ ഓര്‍മകള്‍ ഏറെ പിന്നിലേയ്ക്കുപാഞ്ഞു, ബാല്യത്തിന്റെ നിഷ്‌കളങ്കത മായും മുന്‍പേ നിറമുള്ള ദിനങ്ങള്‍ അവളുടെ ജീവിതത്തില്‍ നിന്നും മങ്ങിത്തുടങ്ങിയിരുന്നു. മാതാപിതാക്കളുടെ പിടിവാശിയും പിരിമുറുക്കങ്ങളും അവളുടെ ജീവിതത്തിലെ നിത്യ സംഭവമായി, ഒടുവില്‍ അവര്‍ രണ്ടു പേരും തങ്ങളുടെ ജോലിത്തിരക്കുകളിലേയ്ക്ക് തിരികെപ്പോയി, അമ്മൂമ്മയുടെ സംരക്ഷണയില്‍ അധിക നാള്‍ തുടരാനായില്ല, ഒടുവില്‍ അമ്മൂമ്മയുടെ ആയുസ്സും ഭൂമിയില്‍ നിന്നും വിച്ഛേദിക്കപ്പെട്ട ദിവസം അവളുടെ ജീവിത ഗതിയും എടുത്തു മാറ്റപ്പെടുകയായിരുന്നു, കൗമാരത്തിന്റെ സ്വപ്ന വര്‍ണങ്ങളിലേയ്ക്ക് കാലെടുത്തു വയ്ക്കപ്പെട്ട അവള്‍ക്ക് തീര്‍ത്തും അനാഥമാക്കപ്പെട്ടവളുടെ നൊമ്പരം മുറിപ്പെടുത്തി കൊണ്ടിരുന്നു, ഇനിയുള്ള ദിനങ്ങള്‍ ഉത്തരം കിട്ടാത്ത സമസ്യയായി നിന്നു.
പിന്നിട്ട വഴികളില്‍ അവള്‍ നേടിയെടുത്ത ചിട്ടയായ ജീവിതശൈലി പകര്‍ത്തിയെഴുതിയത് അമ്മൂമ്മയുടെ അര്‍ത്ഥവത്തായ വാക്കുകളിലൂടെയായിരുന്നു. താന്‍ ക്ഷണിക്കപ്പടാതെ ഭൂമിയിലേയ്ക്കു വന്നവളായിരിക്കും എന്ന ചിന്ത അവളെ എപ്പോഴും അലട്ടിയിരുന്നു. തികഞ്ഞ ഈശ്വരവിശ്വാസിയായ തന്റെ അമ്മൂമ്മ അവളെ എന്നും ചേര്‍ത്തു നിര്‍ത്തി സ്‌നേഹപൂര്‍വ്വം പറയുമായിരുന്നു, ഈശ്വരേച്ഛയോടെയാണ് ഒരു പുല്‍ക്കൊടി പോലും നാമ്പിടുന്നത്. പതിയെ പതിയെ അവളുടെ മനസിലും ആ വാക്കുകള്‍ പുത്തനുണര്‍വ് നല്‍കി കൊണ്ടിരുന്നു. നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ നമ്മുടെ കര്‍മ്മമേഖലയില്‍ നാം പ്രാവീണ്യം നേടണം, അവളുടെ മനസിനെ ധൈര്യപ്പെടുത്തുന്ന വാക്കുകള്‍ ഇതൊക്കെയായിരുന്നു.
ട്രാക്കിന്റെ ഓരം ചേര്‍ന്ന് അവള്‍ ഏറെ ദൂരം പിന്നിട്ടിരുന്നു. പ്രത്യേകിച്ച് ഒരു ജോലിയും അറിയാത്തതിനാല്‍ വല്ലാത്തൊരു ഉത്കണ്ഠ അവളെ മഥിച്ചിരുന്നു. ജീവിതത്തിലെ ദിനങ്ങള്‍ ഡയറിയായി അവളുടെ പക്കല്‍ ഉണ്ടായിരുന്നു, ജീവിതത്തിലെ ആകെ നിക്ഷേപം അത് മാത്രമായിരുന്നു... പ്രായത്തില്‍ കൂടുതല്‍ പക്വമതിയായിരുന്ന അവള്‍ക്ക് ജീവിതത്തിന്റെ താളബന്ധങ്ങള്‍ നിശ്ചയമുണ്ടായിരുന്നു. തല്‍ക്കാലം ഏതെങ്കിലും ആശ്രമത്തില്‍ അഭയം തേടണം, അവിടെയാകുമ്പോള്‍ തന്റെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് ആരെയും ഭയപ്പെടാതെ അന്തിയുറങ്ങാം.
വഴി പിന്നിട്ടെത്തിയപ്പോള്‍ ആദ്യം കണ്ട പള്ളിയില്‍ കയറി അവള്‍ അധികാരിയോട് തന്റെ അഭ്യര്‍ത്ഥന അറിയിച്ചു. അവിടെ പള്ളിവക കാര്യാലയത്തിലെ ആവശ്യങ്ങള്‍ വേഗത്തില്‍ നിര്‍വഹിക്കുന്നതിന് ഒരു കന്യാസ്ത്രീയുണ്ടായിരുന്നു. അതിനാല്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചതിലും എളുപ്പത്തിലായി. പള്ളിയോട് ചേര്‍ന്ന് കുറച്ചകലെയായി ഒരു സന്യസ്താ ശ്രമം ഉണ്ടായിരുന്നു. തല്‍ക്കാലം അവിടെ നില്‍ക്കാന്‍ അനുവാദം കിട്ടി. മനസിന് അല്‍പം സമാധാനം കിട്ടിയതു പോലെ അവള്‍ക്കനുഭവപ്പെട്ടു. വളരെപ്പെട്ടെന്ന് അവള്‍ ആ ആശ്രമവുമായി ഇണങ്ങിച്ചേര്‍ന്നു. കുറച്ചധികം നാള്‍ കഴിഞ്ഞപ്പോള്‍ അവളെ ദൂരെ ഒരാശ്രമത്തിലേയ്ക്കു അധികൃതര്‍ മാറ്റി.
അവിടെ തികച്ചും വ്യത്യസ്തമായൊരിടമായിരുന്നു. ആശ്രമത്തിനോട് ചേര്‍ന്ന് ഒരു അച്ചടിശാലയുണ്ടായിരുന്നു, അവിടെ സഹായിയായി അവളെ നിര്‍ത്തുകയുണ്ടായി, പതിയെപ്പതിയെ അവള്‍ അച്ചടി മഷിയിലെ നിറഭേദങ്ങള്‍ തന്റെ ജീവിതത്തിലെ വര്‍ണങ്ങളാക്കി മാറ്റി. അത് അവളുടെ ജീവിതത്തെ അടിമുടിമാറ്റിക്കളഞ്ഞു. താനറിയാതെ തന്നെ അവള്‍ ഒരെഴുത്ത്കാരിയായി മാറുകയായിരുന്നു. എഴുതുവാന്‍ ഏറെയുള്ള ജീവിതമായിരുന്നല്ലോ പാവം ശാരിയുടേത്.
വര്‍ഷങ്ങള്‍ക്കൊഴിഞ്ഞു പോയ് കൊണ്ടിരുന്നു, കാത്തിരുന്ന സുദിനം വന്നെത്തി, ഏറ്റവും നല്ല കഥാകൃത്തിനുള്ള സാഹിത്യ അവാര്‍ഡ് അവളെത്തേടിയെത്തി. വീണ്ടുമൊരു ചൂളം വിളിയുടെ നിലയ്ക്കാത്ത നാദം പോലെ അവള്‍ എഴുതികൊണ്ടേയിരുന്നു...
റോസ് മേരി പി. എ
കുരിശുങ്കല്‍ ഹൗസ്
അര്‍ത്തുങ്കല്‍ പി.ഒ
ചേര്‍ത്തല
ഫോണ്‍ 8590171 135