- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മൂന്നാം ലോക മഹായുദ്ധം വീണ്ടും വരുമോ? ആനി ജേക്കബ്സെന്റെ 'ന്യൂക്ലിയര്‍ വാര്‍, എ സിനാറിയോ' പുസ്തകം പരിചയപ്പെടാം
ഹരിദാസന്‍ പി ബി
ലോക ജിയോ പൊളിറ്റിക്സ് ഇത്രയും കലുഷിതമായ ഒരു കാലഘട്ടത്തില്‍ ഒരു മൂന്നാം ലോക മഹായുദ്ധം എന്ന വാക്ക് ലോക മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഈ പുസ്തകം പരിചയപ്പെടുത്തേണ്ടതുണ്ട് എന്നതുകൊണ്ടാണ് ഈ ബുക്ക് റെവ്യൂ എഴുതുന്നത്.
ലോകാവസാനം പ്രവചിക്കുന്ന, അപ്പൊകലിപ്സ് ഇതാ അടുത്തിരിക്കുന്നു എന്നൊക്കെ പറയുന്ന പള്‍പ്പ് സാഹിത്യങ്ങളില്‍ ഒന്നല്ല ഈ പുസ്തകം. നൂറുകണക്കിന് ആണവ വിദഗ്ദ്ധന്‍മാരെയും അന്താരാഷ്ട്ര പ്രതിരോധ പ്രവര്‍ത്തന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും ആര്‍മി ഉദ്യോഗസ്ഥന്മാരെയും രാജ്യസുരക്ഷാ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ഇലക്ട്രോണിക് വാര്‍ഫെയര്‍ വിദഗ്ധരെയും, ക്രൂയിസ് മിസൈല്‍ മേഖലകളിലെ വിദഗ്ധരില്‍ പലരായും അഭിമുഖം നടത്തി എഴുതിയിരിക്കുന്ന ഒരു പുസ്തകമാണിത്. ശ്രീമതി ആനി ജേക്കബ്സെന്‍ ഒരു പുലിസ്റ്റര്‍ പ്രൈസ് വിന്നിംഗ് പത്രപ്രവര്‍ത്തക കൂടിയാകുന്നു.
President Vladimir Putin has ordered Russian forces to rehearse deploying tactical nuclear weapons, as part of military drills to respond to what he called 'threats' by the West…..(CNN Tue May 7, 2024)
'I'm not ruling anything out, because we are facing someone who is not ruling anything out,' Macron told The Economist magazine.
Preparing for war: Is Europe getting ready? Conscription and military spending are back on the agenda … BBC (Released On 30 Apr 2024 ),
സര്‍ക്കാര്‍ ഓഫീസുകളിലെ ജോലി ഭാരത്തെക്കുറിച്ചും, സാലറി അരിയേഴ്സ് വൈകുന്നതിനെ പ്രതി ആവലാതി പറയുന്നവരും, സാരിയുടെ നിറ ചേര്‍ച്ചയെ പ്രതി ടെന്‍ഷന്‍ കൊണ്ടുനടക്കുന്നവരും ഉപ്പുമാവിലെ ഉപ്പിനെക്കുറിച്ചു് പരാതി പറയുന്നവരും ഈ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുന്നത് നല്ലതാണ്. മഹാനുഭാവന്മാരെ ആണവ രാഷ്ട്രങ്ങളിലെ ഏതെങ്കിലുമൊരു റോഗ് നേതാവ് ഒരു തെറ്റായ തീരുമാനമെടുത്താല്‍ അന്നു തീരാവുന്നതേയുള്ള നമ്മുടെയൊക്കെ ജീവിതം. ഓടി രക്ഷപെടാന്‍ ഒരിടമില്ല. ഞങ്ങള്‍ നിഷ്‌കളങ്കരാണെന്ന കരച്ചിലുകേള്‍ക്കാന്‍ ഒരു ദൈവവും വരില്ല.
അങ്ങനെയൊരു തീരുമാനം, റോഗ് ആയോ ആസൂത്രിതമായതോ ആയ ഒരു തീരുമാനo; ആണവ വാഹിനിയായ ഒരു ICBM വിക്ഷേപിക്കപെട്ടാല്‍, അവനടക്കം ആര്‍ക്കും പിന്നെ ആ തെറ്റ് തീരുമാനം തിരുത്താന്‍ സമയം ലഭിക്കില്ല. പിന്നീട് നമ്മുടെ ഈ സിവിലൈസേഷന്, മാനവരാശിക്ക്, ഈ ലോകത്തുള്ള ജീവനം 72 മിനുട്ട് മാത്രമാണ്. പിന്നീടുള്ള ഓരോ മിനുട്ടുകളും പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. അമേരിക്കന്‍ ഡിഫെന്‍സ് സിസ്റ്റങ്ങളില്‍ ഒരു ബ്ലിപ്, സ്‌ക്രീനില്‍ നീങ്ങുന്ന ചെയ്യുന്ന ഒരു ഡോട്ട്, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ മിനുട്ട് മുതല്‍ അതിലെ ഓരോ മിനുട്ടുകളിലെ ഡിഫെന്‍സ് ഉദ്യോഗസ്ഥരുടെ ആകാംക്ഷയും തീരുമാനങ്ങളും, ഡിസിഷന്‍ മേക്കിങ് സിസ്റ്റത്തിന്റെ അങ്കലാപ്പുകളും, പരാജയങ്ങളും അവിടെത്തെ ഓരോ മിനുട്ടുകളെ ഓരോ അദ്ധ്യായങ്ങളാക്കി ജേക്കബ്സെന്‍ വിവരിക്കുന്നു. പതിറ്റാണ്ടുകളായുള്ള പല പരിശീലനങ്ങളും തയാറെടുപ്പുകളും അത് പ്രകാരം നടക്കില്ല. സ്ഥലപരിമിതി കാരണം പുസ്തകത്തിലെ പ്രധാന ആശയങ്ങള്‍ മാത്രമാണ് ഇവിടെ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്
Humanity is just one misunderstanding, one miscalculation away from Nuclear Annihilation' ( UN General Secretary Antonio Gutterres warned in 2022, ). ഒരു ICBM വിക്ഷേപിക്കപെട്ടാല്‍, പിന്നെ നമ്മള്‍ ജീവിക്കുന്ന ഈ സിവിലൈസേഷന് 72 മിനുട്ടിന്റെ നിലനില്‍പ്പ് മാത്രമേ ഉള്ളു എന്നാണ് ഈ പുസ്തകം പറഞ്ഞുറപ്പിക്കുന്നത്. ആര് വിചാരിച്ചാലും പിന്നീടൊരു തിരുത്ത് സാധ്യമാകില്ല. അങ്ങനെയാണ് പ്രധാന ലോകരാഷ്ട്രങ്ങളുടെ ന്യൂക്ലിയര്‍ ഡിറ്ററന്റ് പോളിസി ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഒരു ആണവായുധം പ്രയോഗിച്ചു, ഒരു നഗരം ഭസ്മീകരിക്കപ്പെട്ടു, പകരം റീട്ടാലിയേഷനായി ശത്രുരാജ്യത്തിന്റെ ഒരു നഗരം ഭസ്മീകരിക്കപ്പെട്ടു. അപ്പോഴേക്ക് ലോക രാഷ്ട്രങ്ങളൊക്കെ ഒന്നിച്ചുകൂടി, ചര്‍ച്ച ചെയ്തു, അപേക്ഷിച്ചു, ബെറ്റര്‍ സെന്‍സ് പ്രിവെയില്‍ഡ്, ഒരു ന്യൂക്ലിയര്‍ Armageddon നില്‍ നിന്ന് മാനവരാശി രക്ഷപ്പെടും എന്നൊക്കെ നമ്മള്‍ നമ്മുടെ അറിവുകള്‍, ആഗ്രഹങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ആലോചിച്ചിരിക്കാം. അല്ലെങ്കില്‍ ഒരു രാജ്യം ജപ്പാനെപോലെ കീഴടങ്ങുന്നു, ഒരു ന്യൂക്ലിയര്‍ Armageddon നില്‍ നിന്ന് മാനവരാശി രക്ഷപ്പെടും എന്നൊക്കെ നമ്മള്‍ സ്വപ്നം കാണുന്നു. എന്നാല്‍ പ്രധാന ലോകരാഷ്ട്രങ്ങളുടെ ന്യൂക്ലിയര്‍ ഡിറ്ററന്റ് പോളിസി പ്രകാരം കാര്യങ്ങള്‍ അങ്ങനെ പോകണമെന്നില്ല.
ഉദാഹരണമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ന്യൂക്ലിയര്‍ ഡിറ്ററന്‍സ് പോളിസി ഇപ്രകാരമാണ്. ' Launch at Warning'. അമേരിക്കയിലേക്ക് ഒരു മിസൈല്‍ വരുന്നെന്ന് ഉറപ്പായാല്‍ ആ വരുന്ന സോഴ്‌സസ് നശിപ്പിക്കുക. നോര്‍ത്ത് കൊറിയയില്‍ നിന്നും വരുന്നതാണെങ്കില്‍, അവരുടെ മിസൈല്‍ ആണവ സെന്ററുകള്‍ മുഴുവന്‍ കൗണ്ടര്‍ ലോഞ്ച് ചെയ്ത് നശിപ്പിക്കുക.
മറിച്ചു് റഷ്യയുടെ ന്യൂക്ലിയര്‍ ഡിറ്ററന്റ് പോളിസി 'First absorb attacking warheads' എന്ന പോളിസി ആണുള്ളത്. എന്നിട്ട് ? എന്നിട്ട്… 'The Soviets developed a System known as 'Dead Hand'. …. Nuclear war will not end until Russia's entire arsenal is emptied - to zero' ( Nuclear War: A Scenario, Page 225). ആണവ ആയുധം പേറുന്ന മിസൈലുകള്‍ മുഴുവന്‍ ലോഞ്ച് ചെയ്യപ്പെടും, റഷ്യയുടെ ന്യൂക്ലിയര്‍ ആയുധങ്ങള്‍ കഴിയുന്നതുവരെ.
ഇന്ന് റഷ്യ വ്യന്യസിച്ചു തയാറാക്കിവെച്ചിരിക്കുന്ന ന്യൂക്ലിയര്‍ വാര്‍ ഹെഡ് കളുടെ എണ്ണം 1674 ആണ്. അമേരിക്ക 1770 ന്യൂക്ലിയര്‍ വാര്‍ ഹെഡുകളും വ്യന്യസിച്ചിരിക്കുന്നു. അമേരിക്കയുടെ റിസേര്‍വിലുള്ളതും കൂട്ടിച്ചേര്‍ത്താല്‍ അത് 5000 നു മുകളിലാണ്. ചൈനയുടെ കൈവശം 500, പാകിസ്ഥാന്‍ ഇന്ത്യ 165 നടുത്ത് വീതം, നോര്‍ത്ത് കൊറിയ 50. ബ്രിട്ടനും ഫ്രാന്‍സും ആണവ രാഷ്ട്രങ്ങളാണ്. 1945ല്‍ ഹിരോഷിമയില്‍ പ്രയോഗിച്ച ആണവ ആയുധo; 'The Original atomic bombs were like school Science Projects'….. Dr. Glen McDuff (a former long serving nuclear weapons Engineer). ഹിരോഷിമയില്‍ ആദ്യ മണിക്കൂറുകളില്‍ മരിച്ചത് 80000. അത് വെറും ഹൈ സ്‌കൂള്‍ സയന്‍സ് പ്രോജെക്ട് ആകുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, റഷ്യയും അമേരിക്കയും തമ്മില്‍ ആണവ ആയുധ നിര്‍മ്മാണത്തില്‍ ഒരു മത്സരത്തിലായിരുന്നു. മന്‍ഹാട്ടന്‍ പ്രോജെക്ടില്‍, Los Alamos ല്‍ ജോലിചെയ്തിരുന്ന ഒരു ജര്‍മന്‍ കാരനായിരുന്ന Kluas Fuch എന്നൊരു കമ്മ്യൂണിസ്റ്റ് ചാരനാണ് ആറ്റോമിക് ബോംബിന്റെ ബ്ലൂ പ്രിന്റ് റഷ്യക്ക് ചോര്‍ത്തികൊടുത്തത്. പിന്നീട് രണ്ട് രാജ്യങ്ങളും തമ്മില്‍ ആണവായുധ മുന്‍കൈ നേടാന്‍ ഒരു 'Mad Rush'ലായിരുന്നു. വ്യവസായം പോലെ ആണവ ബോംബുകള്‍ രണ്ടുകൂട്ടരും ഉണ്ടാക്കി കൂട്ടി. ദിവസേന ഒരു അറ്റോമിക് ബോംബ് എന്ന തോതില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. 1986 ആകുമ്പോഴേക്ക് തെര്‍മോ ന്യൂക്ലിയര്‍ ബോംബ് അടക്കം രണ്ടു രാജ്യങ്ങളും കൂടി 70000 ത്തോളം ആണവ വാര്‍ ഹെഡ്‌സ് ഉണ്ടാക്കികൂട്ടി. പിന്നീട് 2010 Strategic Arms Reduction Treaty (START) a legally binding, verifiable agreement ആണ് ആണ്വായുധങ്ങളുടെ എണ്ണം മുകളില്‍ പറഞ്ഞ 1770 / 1674 എന്ന കുറഞ്ഞ എണ്ണത്തിലെത്തിച്ചത്.
അമേരിക്കന്‍ ന്യൂക്ലിയര്‍ ഡിഫെന്‍സ് സിസ്റ്റത്തിലെ ചില വൈകല്യങ്ങള്‍ ജേക്കബ്സെന്‍ ചൂണ്ടിടക്കാനിക്കുന്നു. ഈ മേഖല കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എല്ലാവരും ട്രെയിന്‍ഡ് ആണ്. പല തരo സംഭാവ്യതകളും, ഒരു ന്യൂക്ലിയര്‍ യുദ്ധത്തിലേക്ക് പോകുകയാണെങ്കില്‍ വരാവുന്ന പല തരo സംഭാവ്യതകളും കൗന്‍ട്ര്‍ മൂവ്കളും അവര്‍ പരിശീലിച്ചവരാണ്. എന്നാല്‍ ആസന്ന സമയത്ത് നിര്‍ണ്ണായക തീരുമാനമെടുക്കേണ്ടത് അമേരിക്കന്‍ പ്രെസിഡന്‍ഡ് ആകുന്നു. അദ്ദേഹം ഈ മേഖലയിലെ പരിശീലനം ലഭിക്കാത്ത വ്യക്തിത്വമാണ്. ജനഹിത തിരഞ്ഞെടുപ്പിലൂടെ വന്ന സിവിലിയന്‍ ആണ്. മുന്‍ ഡിഫെന്‍സ് സെക്രട്ടറി Wiiliam Perry യുടെ വാക്കുകള്‍ 'Many Presidents come to the office uninformed about their role in a Nuclear War'
പഴയ പ്രെസിഡന്‍ഡ് റൊണാള്‍ഡ് റീഗന്റെ പരിദേവനം കൂടി കേള്‍ക്കുക.
"Six minutes to decide how to respond to a blip on a radar scope, and decide whether to release Armageddon! How could anyone apply reason at a time like that'. (റാഡാര്‍ സ്‌ക്രീനില്‍ കൂടെ നീങ്ങുന്ന ഒരു ചെറിയ ബ്ലിപ് വിലയിരുത്തികൊണ്ട്, ലോകാവസാനത്തിന് ഇടയാക്കാവുന്ന ഒരു തീരുമാനം ആറു മിനുട്ടിനകത്ത് എടുക്കണം. എന്ത് യുക്തിവിചാരം ഉള്ള തീരുമാനമാണ് അപ്പോള്‍ സാദ്ധ്യമാകുക!).
നോര്‍ത്ത് കൊറിയയില്‍ നിന്ന് ഒരു ICBM അമേരിക്കയെ ലക്ഷ്യമാക്കി തൊടുത്തുകഴിഞ്ഞാല്‍ 26 മിനുട്ടുകളാണ് അമേരിക്കയില്‍ എത്തുന്നതുവരെ ഉള്ളത്. ആദ്യത്തെ 5 മിനുട്ട് ആ മിസൈല്‍ ശൂന്യാകാശത്തേക്കാണ് പോകുന്നത്. അത് ഒരു ശത്രുവിന്റെ വിന്യാസമാണോ അല്ലയോ എന്നുറപ്പിക്കാന്‍ സമയമെടുക്കും. അവസാനത്തെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മിസൈലിലെ മോട്ടോറുകള്‍ ഓഫ് ചെയ്യപ്പെടും. ആ സമയത്ത് സാറ്റലൈറ്റുകള്‍ക്ക് അതിനെ ട്രേസ് ചെയ്യാനാവില്ല. ബാക്കിയുള്ള ഇടവേളയില്‍ ഹോസ്‌റ്റൈല്‍ മിസൈല്‍ ആണെന്നുറപ്പിച്ചു് വേധക മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കണം. There is a myth among Americans that the US can easily shoot down an incoming attacking ICBM. This is simply not true (Page 72) ഒരു Intercontinental Ballistic Missile (ICBM) സഞ്ചരിക്കുന്നത് മണിക്കൂറില്‍ 14000 km വേഗതയിലാണ്. ഒരു ആന്റി മിസൈലിന്റെ വേഗത മണിക്കൂറില്‍ 20000 km ആണ്. ഒരു മിസൈലിനെ അതിന്റെ സഞ്ചാരപഥത്തില്‍ തടയുക എന്നുവെച്ചാല്‍ ഒരു തോക്കില്‍ നിന്ന് വരുന്ന വെടിയുണ്ടയെ വേറൊരു വെടിയുണ്ട കൊണ്ട് തടയുന്നതിന് തുല്യമാണ്. 'If you miss an inch, you miss by a mile'. അമേരിക്കയുടെതന്നെ ഒരു ആന്റി മിസൈല്‍ പരീക്ഷണത്തില്‍ 20 മിസൈല്‍ തടയാന്‍ ശ്രമിച്ചതില്‍ 9 എണ്ണവും പരാജപ്പെടുകയാണുണ്ടായത്. A success rate of only 55 percent. റഷ്യയുടെ ഡിറ്ററന്‍സ് പോളിസിയില്‍ ഒരേസമയം വിക്ഷേപിക്കപ്പെടുന്നത് നൂറുകണക്കിന് മിസൈലുകളാണെന്ന് ഓര്‍ക്കുക. മാത്രമല്ല മിസൈലുകളില്‍ ഒരേസമയത്ത് 5 വീതം decoy (പ്രച്ഛന്നതകള്‍) ഉണ്ടാകുo.
അമേരിക്കന്‍ പ്രെസിഡന്‍ഡ് പോകുന്നിടത്തൊക്കെ ഒരു കറുത്ത സൂട്ട് കേസ് പിടിച്ച് കൊണ്ട് വിടാതെ പിന്തുടരുന്നൊരു ഓഫീസറെ എല്ലാവരും ശ്രദ്ധിച്ചിരിക്കും ( റഷ്യന്‍ പ്രെസിഡന്‍ഡ്, മറ്റ് ലോകനേതാക്കളുടെ കൂടെയും, ഇതുണ്ടാകും). അത് 'ഇലക്ട്രോണിക് ജാമര്‍' ഒന്നുമല്ല. അത് യുദ്ധമുണ്ടായാല്‍ പ്രെസിഡന്‍ഡ്‌ന് തീരുമാനമെടുക്കേണ്ട Decisions Handbook ആകുന്നു. *What nuclear weapons to use, *What targets to hit, *Estimated casualties that will result. മുതലായവ തീരുമാനിക്കേണ്ട ഹാന്‍ഡ്ബുക്ക് ആകുന്നു. അതിന്റെ കോഡുകളും.
ഭൂമിയില്‍ നിന്ന് തൊടുക്കാവുന്ന 400 ICBM, ആകാശത്ത് B-52, B-2 സ്റ്റീല്‍ത്ത്. ബോംബേറുകളില്‍ ഉപയോഗിക്കാനുള്ള 66 മള്‍ട്ടിപ്ലില്‍ വാര്‍ ഹെഡ്‌സ്, കടലില്‍ 14 ന്യൂക്ലിയര്‍ ആംഡ് സബ്മറൈനുകള്‍. ഏതുപയോഗിക്കണം.
നാറ്റോ രാജ്യങ്ങളില്‍ 100 ഓളം ആണവ ആയുധങ്ങള്‍ സൂക്ഷ്ച്ചിട്ടുണ്ട്, വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അതിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ യുഎസ് ന്റെ യും ബ്രിട്ടണ്‍ ന്റെയും നിയന്ത്രണത്തിലാണ്. ഇന്നത്തെ ഒരു തെര്‍മോ ന്യൂക്ലിയര്‍ ആയുധം 100 കിലോമീറ്ററിനകത്ത് ഒന്നും ശേഷിപ്പിക്കില്ല. ഇത് ഉപയോഗിക്കുകയാണെങ്കില്‍ തടയാന്‍ സാദ്ധ്യമല്ല എന്ന വസ്തുത, റഷ്യയുടെ ഡിറ്ററന്‍സ് പോളിസിയുമായി ചേര്‍ത്തുവായിച്ചാല്‍ ഊഹിക്കാവുന്നതേയുള്ളു.
ഇതിനൊക്കെ പുറമെയാണ് ന്യൂക്ലിയര്‍-ആംഡ് അന്തര്‍വാഹിനികള്‍. 'There is no defense against a nuclear armed submarine'. … 'ballistic-missile submarines promise the unstoppable hand of nuclear retribution'. അവക്കുള്ള ഇരട്ടപ്പേരുതന്നെ ഭയാനകമാണ്. 'Vessels of Death.' 'Handmaidens of the apocalypse'. ഓരോ ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ക്കും 80 ഓളം ആണവ മിസൈലുകള്‍ ഒരു മിനുട്ടിനകം വിന്യസിക്കാന്‍ കഴിയും. ഒരു രാജ്യം മുഴുവന്‍ നശിപ്പിക്കാന്‍ ഒരു അന്തര്‍വാഹിനി മതി. അവയെ, അവയുടെ ലൊക്കേഷന്‍, ആര്‍ക്കും കണ്ടുപിടിക്കാനും കഴിയില്ല. സാറ്റെലൈറ്റുകള്‍ക്കും അവയെ നിരീക്ഷിക്കാന്‍ കഴിയില്ല. കടലിനടിയില്‍ വളരെക്കാലം കഴിയാന്‍ ഇക്കാലത്തെ അന്തര്‍വാഹനികള്‍ക്ക് കഴിയും. അവകാവശ്യമായ ഇലക്ട്രിസിറ്റി അതുത്പാദിപ്പിക്കുന്നു. അവക്കാവശ്യമായ ഓക്‌സിജന്‍ അതുല്‍പാദിക്കുന്നു. കരയുടെ വളരെ അടുത്ത് എത്തിപ്പെടാന്‍ കഴിയും. അവയുടെ ലോഞ്ച് ടു ഇമ്പാക്ട് സമയം കരയില്‍ നിന്നുള്ള മിസൈലിന്റെ ചെറിയൊരു അംശം മാത്രം മതി. ഒരു അന്തര്‍ വാഹിനിയില്‍ നിന്ന് ഒരേ സമയം ശത്രു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, കരയോടടുത്ത നഗരം മുതല്‍ ശത്രുരാജ്യത്തിന്റെ വളരെ ദൂരെയുള്ള നഗരങ്ങളിലേക്ക് വരെ ഒരേ സമയം ആയുധങ്ങള്‍ വിക്ഷേപിക്കാന്‍ അതിനു കഴിയുന്നു. 'Handmaidens of the apocalypse'!
യുദ്ധങ്ങളില്‍ പാലിക്കേണ്ട പല നിയങ്ങളുമുണ്ട്. ജനീവ കണ്‍വെന്‍ഷന്‍ എന്നിങ്ങനെ. എന്നാല്‍ ഒരു ന്യൂക്ലിയര്‍ യുദ്ധമുണ്ടായാല്‍ പിന്നെ അവിടെ നിയമങ്ങളൊന്നുമില്ല. 'If you win, you need not have to Explain' Adolf Hitler. പക്ഷെ ഒരു ആണവ യുദ്ധത്തില്‍ അങ്ങനെയൊരു 'Win' ഉണ്ടാവില്ല. ആരും തോല്‍ക്കാന്‍ തയാറുമല്ല. 'regardless of how a nuclear war begins, it ends with the complete Armageddon like destruction'
ഒരു മെഗാ ടണ്‍ തെര്‍മോ ന്യൂക്ലിയര്‍ ബോംബ് ഒരു നഗരത്തില്‍ പ്രയോഗിച്ചാല്‍, സെക്കന്‍ഡ് കള്‍ക്കകം ഒരു മൈല്‍ വ്യാസത്തില്‍ ഒരു തീഗോളം രൂപാന്തരപ്പെടും. പരിസരത്തുള്ള എല്ലാ കോണ്‍ക്രീറ്റ് മന്ദിരങ്ങളും പൊട്ടിച്ചിതറും. ഇരുമ്പ് അടക്കമുള്ള ലോഹങ്ങള്‍ ഉരുകും. റോഡുകള്‍ ദ്രവ രൂപമാകും. 100 km ചുറ്റളവിലേക്ക് തീ ഗോളങ്ങള്‍ മിനുട്ടുകള്‍ക്കകം വ്യാപിക്കും. വഴിയിലുള്ളതെല്ലാo ഒരു ഇന്‍ഫെര്‍ണോ പോലെ കത്തികൊണ്ടിരിക്കും. കാടുകള്‍ മരങ്ങള്‍ മലകള്‍ അംബരചുംബികള്‍ നിന്നിടത്തുനിന്ന് കത്തും. ആശുപത്രികളും മിലിറ്ററി ബാരക്കുകളൂം നിന്ന് കത്തും. ആരും ആരെയും സഹായിക്കാനുണ്ടാകില്ല. ആ നഗരത്തിലെ മിക്കവരും മരിക്കും. ഈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ളവര്‍, വസ്ത്രത്തില്‍ തീ പടര്‍ന്നവര്‍, ചര്‍മ്മം വെന്തുരുകിയവര്‍, തൊലി ഇളകി തൂങ്ങിയവര്‍ എന്താണ് സംഭവിച്ച തെന്ന് അറിയാതെ ആരും സഹായത്തിനില്ലാതെ കേഴും. ഡോക്ടര്‍ മാരില്ല നഴ്സ് ഇല്ല മരുന്നില്ല പോലീസ് ഇല്ല. ടിവി ബ്രേക്കിംഗ് ന്യൂസ് ഉണ്ടാവില്ല, എങ്ങനെ എന്തൊക്കെ കരുതല്‍ എടുക്കണം എന്ന് പറഞ്ഞു തരാന്‍ ടിവി അവതാരകര്‍, പ്രക്ഷേപണങ്ങള്‍ ഉണ്ടാവില്ല. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആരുമില്ല. എന്താണ് ഈ ശബ്ദം എന്ന് തീ ഗോളത്തിലേക്ക് നോക്കിയവര്‍ അന്ധരാകും.
ബോംബ് പതിക്കുന്ന 10 കിലോമീറ്റര്‍ ചുറ്റളവിലെ മനുഷ്യര്‍ എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനു മുന്‍പേ ഇന്‍സിനറേറ്റ്ഡ് ആകും (ദഹിക്കപ്പെടും, പുകയാകും). അന്ത്യനാളില്‍ ഉയിര്‍ത്തെഴുനേല്‍പ്പിക്കലിന്, ഒരുവനെ സ്വര്‍ഗ്ഗത്തിലേക്കയക്കണോ, നരകത്തിലേക്കയക്കണോ എന്ന് വിധികല്പിക്കാന്‍, ഒരു എലുമ്പിന്‍ കഷണം പോലും ദൈവത്തിന് കിട്ടില്ല. ദൈവത്തിന്റെ കണക്കില്‍ പോലും നിങ്ങള്‍ ഉണ്ടാകില്ല. അന്ത്യോപചാരങ്ങള്‍ പോയിട്ട് ഒരു തുള്ളിവെള്ളം വരണ്ട ചുണ്ടികളില്‍ ഒഴിക്കാന്‍ ആരുമുണ്ടാകില്ല ( ഈ വരികള്‍ എന്റേത്).
ന്യൂക്ലിയര്‍ ആയുധങ്ങള്‍ പതിച്ചു തുടങ്ങിയാല്‍ 1000 ചെറുതും വലുതുമായ നഗരങ്ങള്‍ ഒന്നിച്ചുനിന്ന് കത്തും. 1000 തീ ഗോളങ്ങള്‍, 1000 ഗ്രൗണ്ട് സീറോ പ്രദേശത്ത് മില്യണ്‍ ഡിഗ്രി ചൂടാണുണ്ടാക്കുക. മണിക്കൂറില്‍ 100 കിലോ മീറ്ററിലധികം വേഗത്തില്‍ തീ കാറ്റടിക്കും (പേജ് 277). ആള്‍ പാര്‍പ്പു കുറഞ്ഞ വിദൂരമായ അമേരിക്കന്‍ ഇടങ്ങളിലും രക്ഷ ഉണ്ടാവില്ല. കാടുകളും മരങ്ങളും നിന്ന് കത്തും. ഓയില്‍ ആന്‍ഡ് ഗ്യാസ്, കല്‍ക്കരി സ്റ്റോറുകള്‍ മാസങ്ങളോളം നിന്ന് കത്തും.
അമേരിക്കയിലും യൂറോപ്പിലും റഷ്യയിലും നടക്കുന്ന ഇത്തരം ഭസ്മീകരണം 330 ബില്യണ്‍ പൗണ്ട് പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലേക്കും സ്ട്രാറ്റോസ്ഫിയറിലേക്കും പൊങ്ങും. ഇവ സൂര്യകിരണങ്ങള്‍ ഭൂമിയില്‍ എത്തുന്നതിനെ തടയും. ഭൂമി മുഴുവന്‍ ഇരുട്ടാകും. എങ്ങും ഇരുട്ടും തണുപ്പുമായിരിക്കും. ആ ഇരുട്ടിലും തണുപ്പിലും കാള്‍ സാഗന്‍ പറഞ്ഞ ന്യൂക്ലിയര്‍ വിന്റര്‍ തുടങ്ങും. ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തില്‍ ആറു വര്ഷത്തോളം താപനില പൂജ്യത്തിനു താഴെ ആയിരിക്കും. ജല സ്രോതസ്സുകള്‍ ഐസ് കട്ട മൂടിയിരിക്കും.
റേഡിയേഷന്‍ മൂലം മനുഷ്യരുടെ ആന്തരാവയങ്ങള്‍ ദ്രവീകരിക്കപെടും. റേഡിയേഷന്‍ മൂലമുള്ള മരണങ്ങള്‍ കഠിനവേദനയുളവാക്കുന്ന പീഡയോടെ ആയിരിക്കും. ഒളിക്കാനോ ഓടി രക്ഷപെടാനോ ഭൂമിയില്‍ ഇടമില്ല.
"The survivors will envy the Dead'. Nikita Khrushchev.
ഇതൊക്കെ കഴിഞ്ഞു ഭൂമിയില്‍ ആരെങ്കിലും അവശേഷിച്ചുവെങ്കില്‍ മെലിഞ്ഞൊട്ടിയ അവര്‍ വേരുകളും കൃമി കീടങ്ങളെ തിന്നായിരിക്കും പിഴക്കേണ്ടത്. ആഹാരത്തിലുപരി കുടി വെള്ളത്തിനായിട്ടായിരിക്കും എല്ലാവരും ഉഴലുക. എല്ലാ കുടിവെള്ള സ്രോതസ്സുകളിലും ചത്തുപൊങ്ങിയ ജീവജാലങ്ങള്‍ കിടക്കുന്നുണ്ടാവും.
The conclusion drawn in 2022 by ten Scientists working on four continents, in a paper for Nature Food - is succinct: 'More than 5 billion could die from a (nuclear) war between United States and Russia.
അതിജീവിച്ചവരെ കൊണ്ട് ഇനിയൊരു മാനവ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ കഴിയുമോ? ഒരു പതിനായിരം അല്ലെങ്കില്‍ ഇരുപതിനായിരം വര്‍ഷം കഴിഞ്ഞാല്‍ ഭൂമി എങ്ങനെയിരിക്കും. ഭൂമി ദേവി തിരിച്ചുവരും. ഭൂമിക്ക് തിരിച്ചുവരാനുള്ള കഴിവുണ്ട്. എന്നാല്‍ മനുഷ്യ സംസ്‌കാരം ? ഇന്നേവരെ മനുഷ്യ നേടിയ എല്ലാ അറിവുകളും സഞ്ചിത ആര്‍ജ്ജിത നേട്ടങ്ങള്‍ എല്ലാം നഷ്ടപ്പെടും. ഐന്‍സ്‌റ്റൈന്‍ പറഞ്ഞതുപോലെ നാലാം ലോകമഹായുദ്ധം നടക്കുന്നത് കുറുവടികളും കല്ലെറിഞ്ഞും ആയിരിക്കും. ഇന്നേവരെ നേടിയത് മുഴുവന്‍ മണിക്കൂറുകള്‍ കൊണ്ട് നശിപ്പിച്ചു. പുതിയത് എങ്ങനെയിരിക്കും?
Nuclear weapons reduce human brilliance and ingenuity, love and desire, empathy and intellect, to ash (page 267). (മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗത്തിന്റെ സാമര്‍ത്ഥ്യം ബുദ്ധിവൈഭവം ഉജ്ജ്വലത ബുദ്ധികൂര്‍മ്മത തേജസ്സ് ഇച്ഛ, സ്‌നേഹം, സഹാനുഭൂതി എല്ലാം വെറും ചാരം).
NUCLEAR WAR A SCENARIO
ANNIE JACOBSEN
Transworld Publishers
Penguin Random House UK (March 2024)