പത്തനംതിട്ട: സർക്കാർ ആശുപത്രിയിലെ അനാസ്ഥയ്ക്ക് തെളിവായി ജീവിക്കുകയാണ് കോന്നി പയ്യനാമൺ പുളിനിൽക്കുന്നതിൽ ലിറ്റോ വർഗീസ് (21). പഴുപ്പു കയറിയ വലതുകാൽ മുറിച്ചു നീക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഈ യുവാവ്. എട്ടു വർഷം മുൻപ് സർക്കാർ ആശുപത്രിയിൽ നിന്നുണ്ടായ അനാസ്ഥയാണ് പാദം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ലിറ്റോയെ എത്തിച്ചത്.

ലിറ്റോ വർഗീസ് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ 2014 മെയ് ഒന്നിനാണ് ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന ആ അപകടം ഉണ്ടായത്. ലിറ്റോ സഞ്ചരിച്ചിരുന്ന സൈക്കിൾ അപകടത്തിൽപ്പെട്ട് വലതു പാദത്തിൽ ഗേറ്റിന്റെ കൂർത്ത ഇരുമ്പ് കമ്പി തുളച്ച് കയറി. കോന്നി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ലിറ്റോയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ പരിശോധനയിൽ വിരലിന്റെ ഞരമ്പ് മുറിഞ്ഞ് പോയതായി കണ്ടെത്തി.

വലതു പാദത്തിനുള്ളിലും പുറത്തുമായി 38 തുന്നൽ ഇടുകയും ചെയ്തിരുന്നു. എട്ടു വർഷത്തിന് ശേഷം, രണ്ടാഴ്ച മുമ്പ് മുതലാണ് കാലിന് വേദനയും നീരും വരാൻ തുടങ്ങിയത്. പാദത്തിനുള്ളിലെ കുത്തിക്കെട്ട് പുറത്തേക്ക് കാണപ്പെടുകയും ചെയ്തു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കാലിലെ പഴുപ്പ് കുത്തി വിട്ട് മരുന്നു കഴിച്ചാൽ മതിയെന്നും പറഞ്ഞ് മടക്കി വിട്ടു. വേദന കൂടിയപ്പോൾ സ്വകാര്യ ആശുപത്രിയെ സമീപിച്ച് പരിശോധന നടത്തി.

പാദത്തിനുള്ളിൽ തുന്നിക്കെട്ട് നശിച്ചു പോകാതെ ഇരിക്കുന്നതും തുരുമ്പിന്റെ അവശിഷ്ടമുള്ളതും കണ്ടെത്തി ഓപ്പറേഷൻ നടത്തി ഇവ നീക്കം ചെയ്യുകയായിരുന്നു. ഇനിയും വൈകിയിരുന്നങ്കിൽ പഴുപ്പ് കയറി പാദം മുറിച്ചു മാറ്റേണ്ടഅവസ്ഥയുണ്ടാകുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. അശ്രദ്ധമായി ഡ്രസ് ചെയ്തതാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് തന്നെ എത്തിച്ചതെന്നാണ് ലിറ്റോ പറയുന്നത്.