ആലപ്പുഴ: പെറ്റമ്മയുടെ കരളും രജിമോൾക്ക് താങ്ങായില്ല. ഇന്നലെ രജിമോൾ മരണത്തിന് കീഴടങ്ങി. തിരുനല്ലൂർ പുറത്തേൽ ബിജുവിന്റെ ഭാര്യ രജിമോൾ (34) കരൾ സംബന്ധമായ അസുഖത്തെ തുടർന്നു മരിച്ചത്.

കഴിഞ്ഞ പത്ത് വർഷമായി രജിമോൾ ചികിൽസിയിലായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ഓപ്പറേഷനുള്ള കാശ് ലഭിച്ചത്. എന്നാൽ കരൾ പകുത്ത് നൽകാൻ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ രജിമോളുടെ അസുഖം വഷളാകുകയും ചെയ്തു.

ഇതോടെ അന്വേഷണം നിർത്തിവെക്കുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ഏറെ സാമ്പത്തിക ബാദ്ധ്യത ഉള്ളതുകൊണ്ടുതന്നെ രജിമോൾക്ക് അമ്മ ഓമന തന്റെ കരൾ പകുത്ത് നൽകാൻ തയ്യാറായി.

കൂലിവേലക്കാരനായ ഭർത്താവ് ബിജുവിന് ഭാര്യയുടെ ചികിൽസാ ചെലവ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ബിജു ഭാര്യയുടെ അസുഖം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനുപുറമെ നാട്ടുകാരും രജിമോളുടെ ചികിൽസക്കായി സഹായം അഭ്യർത്ഥിക്കാൻ മുന്നിട്ടിറങ്ങി. ഇതോടെ വിവിധ ഭാഗങ്ങളിൽനിന്നും ചികിൽസാ സഹായം പ്രവഹിച്ചു തുടങ്ങി.

ഏറെ താമസിയാതെ രണ്ട് പെൺകുട്ടികളുടെ മാതാവ് കൂടിയായ രജിമോൾക്ക് പെറ്റമ്മയുടെ കരൾ തുന്നിചേർത്ത് ശസ്ത്രക്രിയ പൂർത്തിയാക്കി. ഓപറേഷനുശേഷം കഴിഞ്ഞ മൂന്നുകൊല്ലമായി രജിമോൾ മരുന്നു കഴിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് രജിമോളെ മരണം തട്ടിയെടുത്തത്. സംസ്‌കാരം നടത്തി. മക്കൾ: വിദ്യാലക്ഷ്മി, വീണാലക്ഷ്മി. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ ഒമ്പതിനു നടക്കും.