- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദള്ളിൽ ലയിച്ചാൽ കുമാരസ്വാമി ബിജെപിയെ തുണച്ചാൽ വിനയാകും; ഗൗഡയുടേയും നീതീഷിന്റേയും അച്ഛനോടുള്ള പഴയ പരിവാർ ചതി ചർച്ചയാക്കി ലയനം വേണ്ടെന്ന് വച്ച് ശ്രേയംസ് കുമാർ; ലക്ഷ്യമിടുന്നത് ഏഴ് സീറ്റും; നാലിൽ കൂടുതൽ കൊടുക്കില്ലെന്ന് സിപിഎമ്മും; ഇടതു മുന്നണിക്ക് തലവേദനയായി കേരളത്തിലെ സോഷ്യലിസ്റ്റുകൾ മാറുമ്പോൾ
തൃശൂർ: സോഷ്യലിസ്റ്റുകളുടെ ലയനം തൽകാലം ഉണ്ടാകില്ല. ഇടതു പക്ഷത്തിന് ഇത് കടുത്ത വെല്ലുവിളിയാകും. പ്രത്യേകിച്ച് സിപിഎമ്മിന്. ഇടത് സോഷ്യലിസ്റ്റ് ചിന്താധാരയുടെ കരുത്തുമായാണ് ലോക് താന്ത്രിക് ജനതാദൾ ഇടതുപക്ഷത്ത് എത്തുന്നത്. എംപി വീരേന്ദ്രകുമാർ മരിച്ചതോടെ നേതൃത്വം എംവി ശ്രേയംസ് കുമാറിനായി. സ്വന്തം പാർട്ടിയുടെ ഐഡന്റിറ്റി കളഞ്ഞു കുളിക്കാൻ ശ്രേയാംസ് തയ്യാറല്ല. ദേശീയ പാർട്ടിയായ ദേവഗൗഡയുടെ ജനതാദൾ എസിൽ ലയിച്ചാലും പ്രശ്‌നമാണ്.
കർണ്ണാടകയിൽ ബിജെപിയുമായി ചേരാനുള്ള ജനതാദൾ എസിന്റെ സാധ്യത ശ്രേയംസ് കുമാർ കാണുന്നു. മുമ്പ് ദേവഗൗഡയെ വിട്ട് നതീഷ് കുമാറിനൊപ്പം വീരേന്ദ്രകുമാർ പോയത് ബിജെപി ബന്ധത്തിന്റെ പേരിലാണ്. ബീഹാറിൽ നിതീഷും മോദിയ്‌ക്കൊപ്പമായപ്പോൾ വീരേന്ദ്രകുമാർ കേരളത്തിൽ സ്വന്തം പാർട്ടിയായി. ദേശീയ പാർട്ടിയുമായി ലയിക്കുമ്പോൾ ഈ വെല്ലുവിളി ഇപ്പോഴുമുണ്ട്. കർണ്ണാടകയിൽ ദേവഗൗഡയുടെ മകൻ കുമാരസ്വാമി ബിജെപിയിലേക്ക് ചായാനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ട് തന്നെ ജനതാദൾ എസിൽ ശ്രേയംസ് കുമാർ ലയിക്കില്ല. ജനതാദള്ളുകാർക്ക് വേണമെങ്കിൽ ഇങ്ങോട്ട് ലയിക്കാം. ഇതിലൂടെ പാർട്ടിയിൽ നേതൃത്വം ശ്രേയംസ് കുമാറിന്റെ കൈയിലേക്ക് തന്നെ നിൽക്കുകയും ചെയ്യും. എന്നാൽ ശ്രേയംസിനൊപ്പം ചേരാൻ ജനതാദൾ എസിന് താൽപ്പര്യവുമില്ല. അതുകൊണ്ട് തൽക്കാലം ജനതാദൾ എസുമായി ലയിക്കാതെ തന്നെ എൽഡിഎഫിൽ 7 സീറ്റ് ചോദിക്കാൻ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.
15നു എൽഡിഎഫുമായി ചർച്ച നടത്തും. സിപിഎമ്മിന്റെ ലയന നിർദ്ദേശം പ്രകാരം ജനതാദൾ (എസ്) നേതാക്കളുമായി നേരത്തേ ചർച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള ലയനം ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് എൽജെഡി സംസ്ഥാന സമിതിയിൽ നേതാക്കൾ പ്രകടിപ്പിച്ച ആശങ്ക. സിപിഎം മുന്നോട്ടു വച്ച നിർദ്ദേശം തള്ളിയെന്നു വരുന്നത് എൽജെഡി ആഗ്രഹിക്കുന്നില്ല. ചർച്ചകളിലൂടെ തീരുമാനമെടുക്കാൻ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിനെ യോഗം ചുമതലപ്പെടുത്തിയത് ഇതുകൊണ്ടാണ്.
കർണാടകയിൽ ബിജെപിയുമായി കൈകോർക്കാൻ ജനതാദൾ (എസ്) നീക്കം തുടങ്ങിയ സാഹചര്യവും ലയനത്തിനെതിരായി പരിഗണിച്ചവെന്ന് ശ്രേയംസ് കുമാർ പറയുന്നു. ജനതാദൾ എസിനു കഴിഞ്ഞ തവണ എൽഡിഎഫ് നൽകിയത് 5 സീറ്റാണ്. യുഡിഎഫ് എൽജെഡിക്കു നൽകിയത് 7 സീറ്റും. 12 സീറ്റുകൾ ഇരു പാർട്ടികൾക്കുമായി നൽകാൻ സിപിഎമ്മിന് കഴിയില്ല. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് 13 സീറ്റുകൾ കൂടി കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സിപിഎമ്മിന് രണ്ട് പാർട്ടികൾക്കുമായി നാല് സീറ്റ് കൊടുക്കാനാണ് താൽപ്പര്യം.
കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി 7 സീറ്റു ചോദിക്കാനാണ് എൽജെഡി തീരുമാനം. എൽഡിഎഫുമായി ചർച്ച ചെയ്യാൻ ഡോ. വർഗീസ് ജോർജ്, ദേശീയ സമിതി അംഗം കെ.പി. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് എന്നിവരെ ചുമതലപ്പെടുത്തി. ഈ ആവശ്യങ്ങളോട് സിപിഎം കരുതലോടെ മാത്രമേ പ്രതികരിക്കൂ. രണ്ട് ദള്ളും ചേർന്നാൽ എട്ട് സീറ്റെന്ന ഫോർമുല അവർ മുന്നോട്ട് വയ്ക്കും.
എന്നാൽ ജനതാദൾ എസിനും എൽഡെഡി ലയനത്തോട് താൽപ്പര്യമില്ല. ശ്രേയംസ്‌കുമാറിന്റെ നേതൃത്വം അംഗീകരിക്കാൻ അവരും തയ്യാറല്ല. മാത്യു ടി തോമസും സികെ നാണുവും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ജനതാദൾ എസിലെ വിഭാഗീയതയും ലയനമുണ്ടായാൽ പൊട്ടിത്തെറിയായി മാറും. എന്നാൽ ജോസ് തെറ്റയിലിനെ പോലുള്ളവർ ലയനത്തിന് അനുകൂലവും. മന്ത്രി കൃഷ്ണൻകുട്ടിയും ലയന പക്ഷത്താണെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ