പാനൂർ: കെ.പി മോഹനന് മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതോടെ എൽ.ജെ.ഡിയിൽ കലാപത്തിന്റെ കനലെരിച്ചൽ. പാർട്ടി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയംസ് കുമാർ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജിവയ്ക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പകരം വർഗിസ് ജോർജ് വരട്ടെയെന്ന നിലപാടിലാണ് കെ.പി മോഹനനെ അനുകുലിക്കുന്നവരുടെ ആവശ്യം അല്ലെങ്കിൽ എൽ.ജെ.ഡി പിളർത്തുമെന്ന ഭീഷണിയും ഇവർ മുഴക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന നേതൃയോഗത്തിൽ ശ്രേയംസ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഒരു വിഭാഗം നേതാക്കളുയർത്തിയത്. പാർട്ടിയിൽ ഏറെ ഒറ്റപ്പെട്ടിരിക്കുകയാണ് ശ്രേയംസ് കുമാർ. മനയത്ത് ചന്ദ്രനുൾപ്പെടെയുള്ള വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രമേ ശ്രേയസ് കുമാറിനെ പിൻതുണച്ച് സംസാരിച്ചുള്ളു. യോഗത്തിൽ കടുത്ത കടന്നാക്രമണം നേരിട്ടപ്പോൾ ഒരു ഘട്ടത്തിൽ വൈകാരികമായി പോലും ശ്രേയസ് കുമാർ പൊട്ടിത്തെറിച്ചു.

മന്ത്രി സ്ഥാനം കിട്ടിയിട്ട് മണിക്കുറുകൾ കൊണ്ട് വലിച്ചെറിഞ്ഞ ഒരു പിതാവിന്റെ മകനാണ് താനെന്ന് ഓർക്കണമെന്നും ശ്രേയംസ് കുമാർ പറഞ്ഞു. കെ.പി മോഹനൻ മന്ത്രിയാകാതിരിക്കാൻ താൻ ഒന്നും ചെയ്തിട്ടില്ല. പാർട്ടിക്ക് ഒരു മന്ത്രിയുണ്ടാവേണ്ടത് അനിവാര്യമാണ്. തങ്ങൾക്ക് മന്ത്രി സ്ഥാനം വേണമെന്ന കാര്യം പല തവണ സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടതിന് സാക്ഷികളുമുണ്ട്. എന്നാൽ ശ്രേയംസ് കുമാറിനെതിരെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് മോഹനൻ അനുകൂലികൾ

എൽ.ജെ.ഡി സ്ഥാനാർത്ഥികൾ മത്സരിച്ച കൽപ്പറ്റയൊഴികെയുള്ള മണ്ഡലങ്ങളിൽ യാതൊരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ലെന്നും ഇതിനായി പിരിച്ച ഫണ്ടുപോലും ലഭിച്ചില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വീരേന്ദ്രകുമാർ ചരമവാർഷിക ദിനാചരണം കഴിഞ്ഞാൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങുമെന്നാണ് ഇവർ നൽകുന്ന സൂചന

സംസ്ഥാന പ്രസിഡന്റും സിപിഎമ്മും തമ്മിൽ രഹസ്യമായുണ്ടാക്കിയ അജൻഡയാണ് മോഹനന് മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിന് പിന്നിലെന്നാണ് മോഹനനെ അനുകൂലിക്കുന്നവരുടെ ആരോപണം.എന്നാൽ കൽപ്പറ്റയിൽ ശ്രേയംസ് കുമാർ തോൽക്കാൻ കാരണം മോഹനൻ വിഭാഗം കാലുവാരിയതാണെന്ന ആരോപണമാണ് പാർട്ടി ഔദ്യോഗിക വിഭാഗം ഉയർത്തുന്നത്.

ശ്രേയംസ് കുമാർ തോൽക്കണം ഇടതുമുന്നണി അധികാരത്തിൽ വരണമെന്ന സന്ദേശം ഇവർ കൽപ്പറ്റയിലെ പാർട്ടി അണികളിൽ പ്രചരിപ്പിച്ചതായാണ് ആരോപണം എന്നാൽ ഇരുവിഭാഗവും സിപിഎം ഒതുക്കാൻ നോക്കിയെന്ന ആരോപണം പൊതുവായി ഉയർത്തുന്നുമുണ്ട്. ജനതാദളുകൾ ലയിക്കണമെന്ന് പറയാൻ സിപിഎമ്മിന് അവകാശമില്ലെന്നും ആദ്യം സിപിഎമ്മും സിപിഐയും ലയിക്കട്ടെയെന്നുമാണ് ഇതിനെ കുറിച്ച് ഒരു പ്രമുഖ നേതാവ് പ്രതികരിച്ചത്.