- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകനെ നേതൃത്വം ഏൽപ്പിച്ച പസ്വാന്റെ തീരുമാനത്തിൽ തുടങ്ങിയ അസ്വാരസ്യം; എൻഡിഎ വിട്ട് തനിച്ച് മത്സരിച്ചത് ജെഡിയുവിനെ തകർക്കാൻ; ദലിത് വോട്ടുബാങ്കിൽ കണ്ണുവച്ച ചിരാഗിന് തിരിച്ചടിയായി ജനവിധി; കലഹം മുതലെടുത്ത് പാർട്ടിയെ പിളർപ്പിലെത്തിച്ചത് നിതീഷിന്റെ പ്രതികാരം; ഇത് മോദിക്കുള്ള മറുപടിയോ? ബീഹാറിൽ നിതീഷ് വീണ്ടും കിങ് മേക്കർ
പട്ന: ബിഹാറിൽ ദലിത് വോട്ടുബാങ്ക് സൃഷ്ടിച്ച് നേട്ടങ്ങൾ കൊയ്ത റാം വിലാസ് പാസ്വന്റെ കാലഘട്ടം കഴിഞ്ഞതോടെ ലോക് ജനശക്തി പാർട്ടി നേരിടുന്നത് കനത്ത തിരിച്ചടി. മകൻ ചിരാക് പാസ്വനെ പാർട്ടി നേതൃത്വം എൽപ്പിച്ച് 'തലമുറ' മാറ്റത്തിന് തുടക്കമിട്ട റാം വിലാസ് പാസ്വന്റെ തീരുമാനത്തിന് പിന്നാലെ തുടക്കമിട്ട അസ്വാരസ്യമാണ് പാർട്ടിയെ പിളർപ്പിൽ എത്തിച്ചത്.
പാർട്ടിയിൽ ചിരാഗിനു നൽകിയ അമിതാധികാരങ്ങൾ പിതൃസഹോദരൻ പശുപതി പാരസിനെ അലോസരപ്പെടുത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പാർട്ടിയുടെ ബിഹാർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു പശുപതി പാരസിനെ മാറ്റി ബന്ധുവായ പ്രിൻസ് രാജിനെ നിയോഗിച്ചതു പോലും ചിരാഗിന്റെ സ്വാധീനം ഉറപ്പിക്കാനായിരുന്നു. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. മകനെ പാർട്ടിയുടെ കടിഞ്ഞാൺ ഏൽപ്പിച്ച് കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിക്കഴിയാൻ തുടങ്ങവെയാണ് അപ്രതീക്ഷിതമായി പസ്വാന്റെ മരണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിട്ടു തനിച്ചു മൽസരിക്കാനുള്ള ചിരാഗ് പസ്വാന്റെ തീരുമാനം ബിഹാറിൽ ദലിത് രാഷ്ട്രീയത്തിന്റെ ബലപരീക്ഷണം കൂടിയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു പ്രചരണ സമയത്തായിരുന്നു റാം വിലാസ് പസ്വാന്റെ വിയോഗം. തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കുമെന്ന ചിരാഗ് പസ്വാന്റെ വീരവാദം, ഫലം വന്നപ്പോൾ പൊളിഞ്ഞു. എൽജെപി ടിക്കറ്റിൽ വിജയിച്ച ഏക എംഎൽഎ രാജ്കുമാർ ജെഡിയുവിൽ ചേർന്നതോടെ പാർട്ടിക്കു നിയമസഭയിലുണ്ടായിരുന്ന പ്രാതിനിധ്യവും നഷ്ടമായി. ദേശീയ തലത്തിൽ ദലിത് സ്വത്വ രാഷ്ട്രീയത്തിനു നേതൃത്വം നൽകിയ റാം വിലാസ് പസ്വാന്റെ വിയോഗം ബിഹാറിൽ ദലിത് രാഷ്ട്രീയത്തെ ഒന്നകെ തളർത്തുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി ജെഡിയു സ്ഥാനാർത്ഥികളുടെ പരാജയം ഉറപ്പാക്കുകയെന്ന ചിരാഗിന്റെ ആഗ്രഹം ഏകദേശം നടന്നു. എൻഡിഎയിലെ ഏറ്റവും വലിയ കക്ഷിയെന്ന സ്ഥാനം ബിജെപിക്ക് അടിയറ വച്ച് ജെഡിയു ജൂനിയർ പാർട്നറാവുകയും ചെയ്തു. ബിജെപിയുടെ ഔദാര്യത്തിൽ മുഖ്യമന്ത്രിയാകേണ്ടി വന്ന നിതീഷ് കുമാറിന്റെ പക മുഴുവൻ അതോടെ ചിരാഗ് പസ്വാനോടായി. ജെഡിയുവിനെ ദുർബലമാക്കാൻ ബിജെപിയുടെ മൗനാനുവാദം ചിരാഗ് പസ്വാനുണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ചിരാഗിന്റെ 'പോരാട്ടം' പ്രതീക്ഷിച്ചപോലെ തന്നെ ബിജെപിക്ക് ബിഹാർ രാഷ്ട്രീയത്തിൽ മേൽക്കൈ നൽകിയെങ്കിലും നിതീഷിന്റെ അപ്രമാതിത്വം ഇപ്പോഴും ചോദ്യം ചെയ്യാൻ ബിജെപി നേതൃത്വത്തിന് കഴിയുന്നതല്ല. ചിരാഗിനെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ ഗൂഢനീക്കങ്ങൾക്കുള്ള മറുപടിയാണ് നിതീഷ് ഇപ്പോൾ നൽകുന്നത്.
2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ശക്തി തെളിയിക്കുന്നതിൽ പരാജയപ്പെട്ട ചിരാഗ് പസ്വാൻ എൻഡിഎയിൽ തിരിച്ചെത്തി കേന്ദ്രമന്ത്രി സ്ഥാനം നേടാൻ ശ്രമം ഇതിന് തെളിവായിരുന്നു. എന്നാൽ നിതീഷ് കുമാർ കടുത്ത എതിർപ്പ് ഉയർത്തിയതോടെ എൻഡിഎ നേതൃത്വം ചിരാഗിനെ കൈവിട്ടു. പിതാവിന്റെ ഒഴിവിൽ കേന്ദ്രമന്ത്രിയാകാമെന്ന ചിരാഗിന്റെ പദ്ധതിയും വിജയിച്ചില്ല. നിതീഷ് കുമാറിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ ചിരാഗ് പസ്വാനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബിജെപി കേന്ദ്ര നേതൃത്വവും താൽപര്യമെടുത്തില്ല.
രാഷ്ട്രീയ ചാണക്യനായ നിതീഷ് കുമാർ അതിനിടെ ചിരാഗിനെ തകർക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ചിരാഗിനോട് ഇടഞ്ഞു നിന്ന പശുപതി പാരസിനെ കരുവാക്കി നീക്കം തുടങ്ങി. എൻഡിഎയിൽനിന്നു വിട്ടു നിന്നാൽ എൽജെപിക്ക് അധികാരവും ഭാവിയുമില്ലെന്ന പ്രായോഗിക സമീപനത്തിലേക്ക് മറ്റ് എംപിമാരും അതോടെ എത്തിച്ചേർന്നു. ബിജെപിജെഡിയു സഖ്യത്തിന്റെ ഭാഗമായി രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പാർട്ടി എംപിമാർ പശുപതി പാരസിനു പിന്നിൽ അണിനിരന്നതോടെ ചിരാഗ് പസ്വാന് അപ്രതീക്ഷിത പ്രഹരമേറ്റു.
പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും പാർലമെന്ററി പാർട്ടി നേതൃത്വത്തിൽനിന്നും പുറത്താക്കപ്പെട്ട ചിരാഗ് പസ്വാന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണ്. പാർട്ടി പിളർപ്പിൽ അഞ്ച് എംപിമാരുള്ള എതിർപക്ഷത്തിനു മുന്നിൽ ഒറ്റയാൾ പട്ടാളമായി നിൽക്കുകയാണ് ചിരാഗ്. അണികൾക്കിടയിൽ ചിരാഗിനു സ്വാധീനമുണ്ടെങ്കിലും ഫലത്തിൽ ഒറ്റപ്പെട്ട അവസ്ഥ. പരാസിനൊപ്പം പോയ 5 എംപിമാരെ പാർട്ടി ദേശീയ നിർവാഹക സമിതി യോഗം വിളിച്ചു പുറത്താക്കിയിരിക്കുകയാണ് ചിരാഗ്. ഇത്തരത്തിൽ പിളർന്നു ദുർബലമായ വിഭാഗത്തിന്റെ നേതാവായി സംഘടന വീണ്ടും കെട്ടിപ്പടുക്കാൻ ഭഗീരഥ പ്രയത്നം വേണ്ടി വരും. എൻഡിഎയിലേക്കു തിരിച്ചു കയറാൻ കഴിയില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട ചിരാഗ് പസ്വാന് ഇനി അഭയം മഹാസഖ്യം മാത്രം.
ചിരാഗ് പസ്വാനെ ആർജെഡിയും കോൺഗ്രസും സ്വാഗതം ചെയ്തു കഴിഞ്ഞു. ബിഹാർ രാഷ്ട്രീയത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവും ചിരാഗ് പസ്വാനും കൈകോർത്താൽ ഭാവിയുണ്ടെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. പിതാവിന്റെ തണലിൽ സുരക്ഷിതനായിരുന്ന ചിരാഗിനു മുന്നിൽ ഇനിയുള്ളത് വെല്ലുവിളിയുടെ നാളുകളാണ്. പശുപതി പരാസ് വിഭാഗത്തിന്റെ ഭാവിയും അത്ര ശോഭനമല്ല. തൽക്കാലം കേന്ദ്രമന്ത്രിസ്ഥാനത്തിലൂടെ പിടിച്ചു നിൽക്കാമെങ്കിലും വരും തിരഞ്ഞെടുപ്പുകളിൽ എൻഡിഎയിൽ മുൻകാല പ്രാധാന്യം പാർട്ടിക്കു ലഭിക്കുമോയെന്ന കാര്യം സംശയമാണ്. പാർട്ടി എംപിമാരെയും എംഎൽഎമാരെയും വിലയ്ക്കെടുക്കാൻ കാത്തുനിൽക്കുന്ന പ്രബല കക്ഷികളുടെ ഭീഷണിയും എന്നും പരാസിന്റെ തലയ്ക്കു മുകളിലുണ്ടാകും. യഥാർഥ എൽജെപി ആരുടേതെന്ന തർക്കത്തിൽ വരുംനാളുകളിൽ നിയമപോരാട്ടത്തിനും പരാസിനു മുൻപന്തിയിൽ നിൽക്കേണ്ടി വരും. അവിടെ തിരിച്ചടിയേൽക്കാതെ നോക്കുകയും വേണം.
രാം വിലാസ് പസ്വാൻ അന്തരിച്ച് വെറും എട്ടു മാസം തികയുമ്പോഴേക്കുമാണ് പാർട്ടി രണ്ടായി പിളർന്നിരിക്കുന്നത്. പാർട്ടിയുടെ ആറ് എംപിമാരിൽ അഞ്ചു പേരും പരാസിനൊപ്പമാണെങ്കിലും നിയന്ത്രണം ഇപ്പോഴും തന്റെ കയ്യിലാണെന്നു വ്യക്തമാക്കാനാണ് ചിരാഗ് ദേശീയ നിർവാഹക സമിതി വിളിച്ചു ചേർത്തത് (ജാമുയി എംപിയാണ് ചിരാഗ്). വെർച്വൽ യോഗത്തിൽ സമിതിയിലെ 76 അംഗങ്ങളിൽ 41 പേരും പങ്കെടുത്തെന്നും എൽജെപി ബിഹാർ യൂണിറ്റഡ് വർക്കിങ് പ്രസിഡന്റ് രാജു തിവാരി വ്യക്തമാക്കുന്നു. അഞ്ച് എംപിമാരെ 'പാർട്ടി വിരുദ്ധ' പ്രവർത്തനത്തിനാണു പുറത്താക്കിയതെന്നും യോഗം വ്യക്തമാക്കി. പെട്ടെന്നു വിളിച്ചു ചേർത്ത യോഗമായതിനാലാണു പലർക്കും പങ്കെടുക്കാനാകാതെ പോയത്. അവരെല്ലാം ചിരാഗിന് പിന്തുണ അറിയിച്ചെന്നും തിവാരി വ്യക്തമാക്കി.
പരാസും സമാന്തരമായി നിർവാഹകസമിതി യോഗം ചേർന്നെങ്കിലും എത്ര പേർ പങ്കെടുത്തുവെന്നതു വ്യക്തമാക്കിയില്ല. 'ഒരാൾക്ക് ഒരു പദവി' എന്ന പാർട്ടി നയം അനുസരിച്ചാണ് ചിരാഗിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതെന്നും പരാസ് വിഭാഗം വ്യക്തമാക്കി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ പാർട്ടിയുടെ ദേശീയ കൗൺസിൽ അഞ്ചു ദിവസത്തിനകം ചേരുമെന്നും വിമതവിഭാഗം അറിയിച്ചിട്ടുണ്ട്. അതിനിടെ ബുധനാഴ്ച വാർത്താ സമ്മേളനം വിളിക്കാൻ ചിരാഗ് തീരുമാനിച്ചിട്ടുണ്ടെന്നാണു വിവരം. പാർട്ടി എംപിയും ബന്ധുവുമായ പ്രിൻസ് രാജിനെ ഭീഷണിപ്പെടുത്തിയാണ് പരാസ് ഒപ്പം നിർത്തിയതെന്നും ചിരാഗ് ആരോപിക്കുന്നു. ലൈംഗിക പീഡനാരോപണം ഉന്നയിക്കുമെന്ന് ഒരു യുവതിയെക്കൊണ്ടു പറയിച്ചാണ് പരാസ് പ്രിൻസിനെ ഒപ്പം നിർത്തിയതെന്നും ചിരാഗ് ആരോപിച്ചു. 'പൊലീസിൽ പരാതിപ്പെടൂ..' എന്നായിരുന്നു ഇതിനെപ്പറ്റി പരാസ് പ്രിൻസിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിന്മേൽ പ്രിൻസ് പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ബിജെപിയുടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങളും തന്ത്രപരമായ മൗനം തുടരുകയാണ്.
ബിഹാറിൽ ദലിത് വോട്ടുബാങ്ക് സൃഷ്ടിച്ച റാം വിലാസ് പസ്വാൻ എൽജെപിയെ കുടുംബ പാർട്ടിയാക്കി മാറ്റിയതിന്റെ അനന്തര ഫലമാണ് അടി തെറ്റിയുള്ള എൽജെപിയുടെ വീഴ്ച. ദേശീയ തലത്തിൽ ദലിത് സ്വത്വ രാഷ്ട്രീയത്തിനു നേതൃത്വം നൽകിയ റാം വിലാസ് പസ്വാന്റെ പാർട്ടിയും നേതാക്കളും രാഷ്ട്രീയ അഭയം തേടി എതിരാളികൾക്ക് മുന്നിൽ കാത്തുനിൽക്കുകയാണ്.
ന്യൂസ് ഡെസ്ക്