രാജ്യത്തെ നിയമലംഘകരും കുറ്റവാളികളുമായ വിദേശികൾക്കെതിരെ കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈത്ത്. രാജ്യത്ത് നടക്കുന്ന ഇഖാമ പരിശോധന ആശുപത്രിയിലേക്ക് വ്യാപിച്ചിരിക്കെ രോഗികളാണെങ്കിലും ഇഖാമയില്ലെങ്കിൽ നാടുകടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

ഇഖാമ കാലാവധി ക!ഴിഞ്ഞ വിദേശികൾ ചികിത്സ തേടിയെത്തിയാൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനും നിർദേശമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ നിയമ വിഭാഗമാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.രോഗികളോടുള്ള അനുകമ്പ മുതലെടുത്ത് നിയമലംഘകരായി ഏറെപ്പേർ രാജ്യത്തെ ആശുപത്രികളിൽ താമസിക്കുന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ആശുപത്രികളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നത്.

നിയമവിേധയമായല്ലാതെ ആരെയും രാജ്യത്ത് വച്ച് പൊറുപ്പിക്കില്ല എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് ഇഖാമ കാലാവധി തീർന്ന വിദേശികൾ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തിയാൽ ഉടൻ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടുമാർക്ക് കത്തുകൾ അയച്ചത്. ഏതെങ്കിലും ആശുപത്രികളിലോ ക്ലിനിക്കുകളിലോ ഇഖാമ കാലാവധി കഴിഞ്ഞവർ ഉണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം ഗൗരവത്തിൽ എടുത്തതായും ആശുപത്രികളിലെ ഇഖാമ കാലാവധി കഴിഞ്ഞവരെ കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. എന്നാൽ രോഗികളുടെ ശാരീരികാവസ്ഥ കൂടി പരിഗണിച്ചാകും തുടർ നടപടികൾ എന്നും ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.

കൂടാതെ രാജ്യത്ത് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ എത്രയും പെട്ടെന്ന് നാടുകടത്താനുള്ള പദ്ധതിയും കുവൈത്ത് സുരക്ഷാവിഭാഗത്തിന്റെ പരിഗണനയിലാണ്. കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് ആഭ്യന്തരമന്ത്രാലയം ആസൂത്രണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നാടുകടത്താനുള്ള തീരുമാനം.

പൊലീസിനെ കയ്യേറ്റം ചെയ്യൽ, ഏറ്റുമുട്ടലും മുറിവേൽപ്പിക്കലും, ഗുരുതരമായ ഗതാഗത നിയമലംഘനം, നിയമം പാലിക്കുന്നതിലെ വീഴ്ച, വധവും വധശ്രമവും, ലഹരിമരുന്ന് ഇടപാട് തുടങ്ങിയ കുറ്റങ്ങളിൽ ഏർപ്പെടുന്നവരെയാകും നാടുകടത്തുകയെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കി. ഇത്തരം കേസുകളിൽ കോടതി വിധി കാത്തുനിൽക്കാതെ തന്നെ നാടുകടത്തൽ നടപ്പാക്കാനാണ് തീരുമാനം. കോടതിക്ക് പുറത്ത് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളും അനുവദിക്കില്ല. പിടികൂടുന്ന മുറയ്ക്ക് നാടുകടത്തൽ കേന്ദ്രങ്ങളിൽ എത്തിക്കും.