തിരുവനന്തപുരം: സാമൂഹ്യസുരക്ഷാമേഖലയിൽ 'കേരള മാതൃക' ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്. ഇത് കേരളീയരുടെ സ്വകാര്യ അലങ്കാരമായികൊണ്ടു നടക്കാറുമുണ്ട്. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന സംസ്ഥാനമെന്ന പദവിയും ഇതോടൊപ്പം നാം നേടിയെടുത്തിട്ടുണ്ടെന്നതാണ് മറ്റൊരു വിരോധാഭാസം. തികഞ്ഞ ആരോഗ്യവും വിദ്യാഭ്യാസവുമുള്ള നൂറുകണക്കിന് ആളുകളാണ് ഇവിടെ വർഷം തോറും ആത്മഹത്യ ചെയ്യുന്നത്. കേരളീയരുടെ ദുർബലമായിക്കൊണ്ടിരിക്കുന്ന മാനസികാരോഗ്യമാണ് ആത്മഹത്യയിലേയ്ക്ക് വഴിതെളിക്കുന്നത്. എന്നാൽ ആത്മഹത്യ ചെയ്യുന്നവർ ഒരു നിമിഷം സരസു തോമസിനെ നോക്കണം. കഴുത്തിനു താഴെ ചലനമറ്റ, മരവിച്ച സരസുവിനെ കണ്ടിരുന്നെങ്കിൽ അവരൊന്നും ആത്മഹത്യയ്ക്ക് മുതിരുകയില്ലായിരുന്നു.

സരസു തോമസിന് അറുപതു വയസ്സു കഴിഞ്ഞു. തിരുവനന്തപുരം ചെഷയർ ഹോമിലെ അന്തേവാസി. അഞ്ചാമത്തെ വയസ്സിൽ പോളിയോ ബാധിച്ച് കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട്, കഴിഞ്ഞ അൻപത്തിഅഞ്ചുവർഷമായി ഒരേ കിടപ്പാണ്. ഈ കിടപ്പിൽ കിടന്ന് സരസു നേടിയ നേട്ടങ്ങൾക്കു മുമ്പിൽ എല്ലാമുള്ള നാം തലകുനിക്കേണ്ടിവരുന്നു.

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സരസു മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ സ്വയം പഠിച്ചെടുത്തു. കമ്പ്യൂട്ടറിംഗിലും,എംബ്രോയിഡറിയിലും കഴിവുതെളിയിച്ചിട്ടുണ്ട്. ചിത്രം വരയ്ക്കാനും, പാട്ടുപാടാനും പരിശീലിച്ചു. മൂന്നു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. നാലാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. ആത്മകഥ, ജീവചരിത്രം, നോവൽ, ചെറുകഥകൾ, കവിതകൾ... എന്നിങ്ങനെ പോകുന്നു സരസുവിന്റെ സാഹിത്യസപര്യകൾ. സരസുവിന്റെ ആത്മകഥ വായിച്ചിട്ട് മലയാളത്തിലെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി ഒരിക്കൽ വിളിച്ച് ഹൃദയം തുറന്നു. 'എന്റെ കഥയുടെ' കഥാകാരിക്ക് സരസുവിന്റെ ആത്മകഥയായ 'ഇതാണെന്റെ കഥയും ഗീതവും' ഹൃദയസ്പർശിയായി അനുഭവപ്പെട്ടുവത്രേ.

എഴുതാനുണ്ടായ പ്രചോദനത്തെക്കുറിച്ച് സരസു പറഞ്ഞത് ഇങ്ങനെ : 'വലിയ വായനക്കാരി അല്ല ഞാൻ. ശാരീരികവിഷമതകൾ തന്നെ കാരണം. കമഴ്ന്നുകിടന്നു വേണം വായിക്കാൻ, അതുകൊണ്ട് തുടർച്ചയായി വായിക്കാൻ കഴിയില്ല. എന്നാൽ അനുകാലികങ്ങളിൽ വരുന്നവ വായിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. മറ്റൊന്ന്, തന്റെ സുഹൃത്തായി കൂടെ ഉണ്ടായിരുന്നത് റേഡിയോ ആണ്. ആകാശവാണിയുടെ പരിപാടികളിലൂടെയാണ് താൻ ലോകത്തെ തിരിച്ചറിഞ്ഞതും ഭാവനയുടെ ചിറക് വിരിയിച്ചതും'. 'ഏകാന്തമായ ജീവിതമാണ് എഴുതാൻ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം. വൈകല്യത്തെ നിശ്ചയദാർഢ്യത്തോടുകൂടി പൊരുതി ജയിച്ച് ചരിത്രം സൃഷ്ടിച്ചവരുടെ കഥകളും ഹൃദിസ്ഥമാക്കിയിരുന്നു.'

പ്രതിസന്ധികളെ തരണം ചെയ്ത് എങ്ങനെ ജീവിതവിജയം നേടാമെന്ന് തന്റെ അനുഭവത്തിലൂടെ സരസു കാട്ടിത്തരുന്ന പുസ്തകമാണ് 'ജയത്തിനുണ്ടോ കുറുക്കുവഴി?' തൃശൂർ കറന്റ് ബുക്‌സാണ് ഈ പുസ്തകത്തിന്റെ പ്രസാധകർ. വൈകല്യത്തെ അതിജീവിച്ച് ചരിത്രത്തിൽ സ്ഥാനം പിടിച്ച നിരവധി പേരെ ഈ പുസ്തകത്തിൽ സരസു വരച്ചു കാണിക്കുന്നുണ്ട്. സ്റ്റീഫൻ ഹോക്കിങ്ങ്‌സ്, മിൽ്ട്ടൺ, ഫ്രാങ്ക്‌ലിൻ ഡി.റൂസ്‌വെൽറ്റ്, ഹെലൻകെല്ലർ അങ്ങനെപോകുന്നു ആ പട്ടിക.

ആരോഗ്യമുള്ളവർ പലരും പരാജയബോധത്താലും, വിഷാദരോഗത്തിലും ജീവിക്കുമ്പോൾ അനാരോഗ്യത്താലും വൈകല്യം നിമിത്തവും കൂമ്പടഞ്ഞെന്നു കരുതിയ ചിലർ ജീവിതത്തിൽ അവിശ്വസനീയമായ നേട്ടങ്ങൾ കൈവരിക്കുന്നതായി സരസു തോമസ്സ് സാക്ഷ്യപ്പെടുത്തുന്നു. നിരാശയെ വിഷസർപ്പത്തെപോലെ ഒഴിവാക്കണം. ലോകത്തിൽ വച്ച് ഏറ്റവും വലിപ്പമുള്ള തടവറ ഭയത്തിന്റെയാണ്. ശരീരത്തിൽ നേരിടുന്ന അംഗവൈകല്യത്തിന് തുല്യമാണ് മനസ്സിലെ പരാജയഭീതി. തളർന്നുകിടക്കുമ്പോഴും നിരാശയുടേയോ ദുഃഖത്തിന്റെയോ യാതൊരു അംശവും സരസുവിന്റെ മുഖത്ത് പ്രതിഫലിക്കുന്നില്ല. പ്രകാശപൂർണമായ ആ മുഖവും, ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളും ഏവരുടേയും ഹൃദയം കവരും. പോളിയോ എന്ന മാരകരോഗം സരസുവിന് തിരിച്ചുനൽകിയത് നാക്കിന്റെ ശക്തിയും മൂന്നുവിരലുകളുടെ ചലനവുമാണ്.

സംസാരശേഷിയെയും ബാധിച്ചിരുന്നെങ്കിലും ദൈവാനുഗ്രഹം കൊണ്ട് അതു തിരിച്ചുകിട്ടിയെന്ന് അവർ ആശ്വസിക്കുന്നു.' ഏറ്റവും ഭംഗിയുള്ള ആഭരണമാണ് പുഞ്ചിരി, മുഖത്തെ നേർത്ത പുഞ്ചിരിക്ക് നിലാവിന്റെ അഴകാണ്, അതിന് വാക്കുകൾക്കും അപ്പുറമായി ചിലത് പറയാനുള്ള കഴിവുണ്ട്.' സരസു തന്നെ എഴുതിയിട്ടുള്ള ഈ വാചകങ്ങൾ എത്ര ശരിയാണെന്ന് അവരെ കാണുമ്പോൾ നമുക്ക് ബോധ്യപ്പെടും. ഇനിയും സരസുവിന് ലോകത്തോട് പലതും പറയാനുണ്ട്. ചലനശേഷിയുള്ള മൂന്നു വിരലുകൾ അതിനായി വെമ്പൽ കൊള്ളുന്നു. ലോകത്തെ ഉൻേമേഷഭരിതമാക്കാൻ ആ വാക്കുകൾക്ക് ശക്തിയുണ്ട്. ആരോഗ്യമുള്ളവരുടെ മനസ്സിൽ അംഗവൈകല്യം അനുദിനം പ്രകടമായികൊണ്ടിരിക്കുമ്പോൾ, ശാരീരികവൈകല്യത്തെ ധീരമായ മനസ്സുകൊണ്ട് കീഴടക്കിയ സരസുവിന്റെ ജീവിതം ഒട്ടേറെ പേർക്കു പ്രചോദനമാവുകയാണ്.