വിദ്യാഭ്യാസ വായ്പയായെടുത്ത ഒന്നോ രണ്ടോ ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഗതിയില്ലാതെ യുവതീയുവാക്കൾ ആത്മഹത്യ ചെയ്യുന്ന നാടാണ് നമ്മുടേത്. അതേ നാട്ടിലാണ് ബാങ്കുകൾ മുൻപിൻ നോക്കാതെ വിജയ് മല്യക്ക് 9000 കോടി രൂപ വായ്പ നൽകിയതും അതിസമ്പന്നർ നൽകാനുള്ള കോടികൾ കിട്ടാക്കടമായി എഴുതിത്ത്തള്ളുന്നതും. ലോണടയ്ക്കുന്നവരിൽ വീഴ്ചവരുത്തുന്നതിലൂടെ ആകെ ബാങ്കുകൾക്ക് കിട്ടാനുള്ള തുകയുടെ 27 ശതമാനവും എത്തേണ്ടത് എസ്.ബി.ഐയിലേക്കാണ്.

രാജ്യത്തെ ധനാഢ്യരായ 1762 പേർ എസ്.ബി.ഐക്ക് നൽകാനുള്ളത് 25,104 കോടി രൂപയാണ്. പഞ്ചാബ നാഷണൽ ബാങ്കിന് 1120 പേർ ചേർന്ന് നൽകാനുള്ളത് 12,278 കോടി രൂപയും. കിട്ടാക്കടമായി ബാങ്കുകൾ അവയുടെ ബാലൻസ് ഷീറ്റിൽ ചേർത്തിരിക്കുന്ന തുകയാണിത്. രണ്ടുബാങ്കുകളും ചേർന്ന് നൽകിയിട്ടുള്ള വായ്പയുടെ 40 ശതമാനത്തോളം വരുമിത്. പൊതുമേഖലാ ബാങ്കുകളിലാകെ കിട്ടാക്കടമായി രേഖപ്പെടുത്തിയിട്ടുള്ള വായ്പാ തുക 92,376 കോടി രൂപയും.

കിട്ടാക്കടം തിരിച്ചുപിടിക്കാൻ ബാങ്കുകൾ ഒന്നും ചെയ്യുന്നില്ലെന്നതിന് തെളിവാണ് ഈ കണക്കുകൾ. 2015-16 സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകൾക്കാകെ കിട്ടാനുണ്ടായിരുന്ന കിട്ടാക്കടം 76,685 കോടി രൂപയായിരുന്നു. 2016-17 സാമ്പത്തിക വർഷത്തിൽ അത് 92,376 കോടി രൂപയായി വർധിച്ചു. 20.4 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. വായ്പകൾ കിട്ടാക്കടമായി ചേർത്ത് വൻകിടക്കാരെ രക്ഷിക്കുന്നതിൽ ബാങ്കുകൾ മത്സരിക്കുകയാണിവിടെ.

വായ്പകൾ തിരിച്ചടയ്ക്കുന്നവരുടെ എണ്ണത്തിലും ഇക്കാലയളവിൽ വർധനയുണ്ടായി. മുൻസാമ്പത്തിക വർഷം 8167 പേരാണ് വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതെങ്കിൽ, ഇക്കുറി അത് 8915 പേരായി വർധിച്ചു. ഇതിൽ 1914 പേർക്കെതിരെ മാത്രമാണ് ബാങ്കുകൾ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളത്. 32,484 കോടി രൂപയാണ് നിയമനടപടികൾ സ്വീകരിച്ച് രണ്ടായിരത്തോളം പേരിൽനിന്ന് ബാങ്കുകൾക്ക് കിട്ടാനുള്ളത്.

2016-17 സാമ്പത്തിക വർഷത്തിൽ എസ്.ബി.ഐയും അതിന്റെ അഞ്ച് ഉപബാങ്കുകളും ഉൾപ്പെടെ 27 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് എഴുതിത്ത്തള്ളിയത് 81,683 കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലേതിനെക്കാൾ ഉയർന്ന തുകയാണിത്. ഒന്നോ രണ്ടോ ലക്ഷം വായ്പ തിരിച്ചടയ്ക്കാനുള്ളവനെ കഴുത്തിന് പിടിച്ച് പണമീടാക്കുന്ന ബാങ്കുകളാണ് ഇത്രയും കോടി രൂപ വൻകിടക്കാരിൽനിന്ന് ഈടാക്കാതെ എഴുതിത്ത്തള്ളിയതെന്നോർക്കണം.