തിരുവനന്തപുരം: വികസനമേഖലകളുടെ മുൻഗണനാക്രമം നിർണ്ണയിക്കുന്നതിനും അധ്വാനവർഗ്ഗത്തിന്റെ മേൽക്കോയ്മ ഉറപ്പിക്കുന്നതിനും കമ്യൂണിസത്തിനപ്പുറമുള്ള ഒരു സമ്പദ്ക്രമം അനിവാര്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ധനമന്ത്രി മന്ത്രി കെ. എം. മാണി. ജനാധിപത്യ സംവിധാനത്തിനുള്ളിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയായ ജനകീയ സോഷ്യലിസം യാഥാർത്ഥ്യമാക്കാനുള്ള മാർഗ്ഗമാണ് അധ്വാനവർഗ്ഗ സിദ്ധാന്തം. എന്നാൽ അധ്വാനവർഗ സിദ്ധാന്തം അഥവാ ജനകീയ സോഷ്യലിസം, കാലഹരണപ്പെട്ട കമ്യൂണിസത്തിനും മുതലാളിത്ത വ്യവസ്ഥിതിക്കും പകരം അവതരിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാമ്പത്തിക ദർശനമാണെന്ന് വാദിക്കുന്ന വ്യക്തി.

കമ്യൂണിസത്തിന്റെയും കാപ്പിറ്റലിസത്തിന്റെയും ദോഷവശങ്ങൾ നിരാകരിച്ചുകൊണ്ട് സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ ഏകീഭവിപ്പിക്കുന്ന ഒരു രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തമാണ് അധ്വാനവർഗ സിദ്ധാന്തമെന്ന് മാണി അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ബജറ്റ് അവതരണത്തിൽ റിക്കോർഡിട്ട മാണിയെന്ന ധനമന്ത്രിയെ കേരളം പ്രതീക്ഷയോടെ കണ്ടത്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നാലരക്കൊല്ലത്ത സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ മാണിയുടെ അധ്വാന വർഗ്ഗ സിദ്ധാന്തത്തിൽ അടിസ്ഥാനമായ ധനകാര്യം കേരളത്തിൻ ഗുണം ചെയ്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കടത്തിൽ നിന്ന് കടത്തിലേക്കാണ് കൂപ്പു കുത്തൽ. നാല് വർഷത്തിനിടയിൽ സംസ്ഥാനത്തിന്റെ കടബാധ്യതയിൽ ഇരട്ടിയോളം വർധനയാണുള്ളത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 1,07,157.33 കോടി രൂപയാണ് കേരളം കടമെടുത്തത്. തിരിച്ചടവു കിഴിച്ചാൽ കടബാധ്യതയിൽ 64,488.99 കോടി രൂപയുടെ വർധനയുണ്ടായതായും വിവരാവകാശരേഖ പറയുന്നു. ആളോഹരി കടം 39,841 രൂപയായി. ഓണത്തോടനുബന്ധിച്ച് സർക്കാർ വീണ്ടും വൻതുക കടമെടുത്തതിനാൽ കടത്തിന്റെ കണക്കിൽ ഇനിയും വർധനയുണ്ടാകും. 2010 മാർച്ചിൽ 70,969.42 രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടം 2014-15 സാമ്പത്തികവർഷം അവസാനിക്കുമ്പോൾ 1,35,458.41 കോടി രൂപയായി. പലിശയിനത്തിൽ 2014-15 ൽ സർക്കാർ അടച്ചത് പതിനായിരം കോടി രൂപയിലധികം വരും. കേരളത്തിന്റെ മൊത്തം ബജറ്റു തുകയുടെ എട്ടിലൊന്നുവരും ഈ സംഖ്യ.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കടപ്പത്രം വഴി സർക്കാർ സമാഹരിച്ചത് 51,883 കോടി രൂപയാണ്. ഇതിൽ തിരിച്ചടച്ചത് 5975.93 കോടിരൂപ മാത്രമാണ്. വിദേശവായ്പയായി 2465.33 കോടി രൂപയെടുത്തു. എൽ.ഐ.സി., നബാർഡ്, എൻ.സി.ഡി.സി. എന്നിവയാണ് സർക്കാർ കടം എടുത്ത മറ്റു സ്ഥാപനങ്ങൾ. പൊതുവിപണിയിൽ കടപ്പത്രമിറക്കിയും (ഒ.എം.ബി.) സർക്കാർ പണം കണ്ടെത്തിയിരുന്നു. വായ്പകളുടെ പലിശ തിരിച്ചടവിനു വേണ്ടിവരുന്ന തുകയും ഇരട്ടിയോളം വർധിച്ചു. 201011 വർഷത്തിൽ 5689.66 കോടി രൂപയാണിതിനു ചെലവാക്കിയതെങ്കിൽ 2014-15 ൽ 10,398.88 കോടി വേണ്ടിവന്നു. കടപ്പത്രങ്ങൾവഴി 2010-11ൽ സർക്കാർ സമാഹരിച്ചിരുന്നത് 5500 കോടി രൂപയായിരുന്നു. 2014-15 ൽ ഇത് 13,200 കോടി രൂപയായി.

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടർന്ന് കേരളം കടമെടുത്ത് മുന്നോട്ട് പോകുന്നത്. ദൈനംദിന ചെലവുകൾക്കു പോലും ട്രഷറിയിൽ പണം തികയാത്ത തരത്തിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അനുദിനം വഷളാവുകയാണ്. ഓരോ മാസവും അവസാനദിനങ്ങളിൽ പൊതുവിപണിയിൽ നിന്നെടുക്കുന്ന കടമടക്കം ഒപ്പിച്ചുകൂട്ടുന്ന പണമുപയോഗിച്ചാണ് ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കമുള്ള ചെലവുകൾ നിറവേറ്റുന്നത്. വികസനപദ്ധതികൾക്കെന്ന പേരിലെടുക്കുന്ന കടം മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് സംസ്ഥാനത്ത് വികസനമുരടിപ്പിന് കാരണമായിട്ടുണ്ട്.