ചെന്നൈ: വായ്പ ആപ്പുകൾ വഴി കേരളത്തിൽനിന്നടക്കം വൻതോതിൽ പണം തട്ടിയെടുത്ത കേസിൽ ചെന്നൈയിലെ ഐടി കമ്പനി ഉടമകളടക്കം നാലുപേർ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വൻതോതിൽ പണം കവർന്ന എട്ട് ആപ്പുകളുടെ നിർമ്മാതാക്കളായ ഐടി കമ്പനിയുടെ ഉടമകളാണ് പിടിയിലായത്. കോൾ സെന്റർ സ്ഥാപിച്ച് ഇടപാടുകാരെ ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇതേ കേസിൽ ചൈനീസ് സ്വദേശികളടക്കം നാലുപേർ നേരത്തെ പിടിയിലായിരുന്നു.

മൈ ക്യാഷ്, ഒറോറ ലോൺ, ക്വിക്ക് ലോൺ, ഡിമണി, റാപ്പിഡ് ലോൺ, ഈസി ക്യാഷ്, ന്യൂ റൂപ്പി തുടങ്ങി എട്ട് ആപ്പുകൾക്കാണു പിടിവീണത്. ഈ ആപ്പുകൾ നിർമ്മിച്ച അസാക്കസ് ടെക്‌നോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയുടെ ഉടമകളായ എസ്.മനോജ് കുമാർ, എസ്.കെ.മുത്തുകുമാർ, പ്രമുഖ മൊബൈൽ കമ്പനിയുടെ മാനേജർ സിജാഹുദ്ദീൻ, വിതരണക്കാരൻ ജഗദീഷ് എന്നിവരെയാണു ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.

ഈ കേസിൽ ചൈനീസ് പൗരന്മാരായ ഷിയാവോ യാമോ, ഷിവൂ യുൻലു, ആപ്പ് നടത്തിപ്പുകാരായ ബെംഗളൂരു സ്വദേശികളായ പ്രമോദ്, സി.പി.പവൻ എന്നിവർ ശനിയാഴ്ച പിടിയിലായിരുന്നു. സംഘത്തിന് രേഖകളില്ലാതെ ആയിരത്തിലധികം സിം കാർഡുകൾ നൽകിയതിനാണ് മൊബൈൽ കമ്പനി ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ലോൺ എടുത്തവരെ ഭീഷണിപ്പെടുത്തുന്നതിനായി സംഘം ബെംഗളൂരുവിൽ 110 പേരുള്ള വമ്പൻ കോൾ സെന്ററും നടത്തിയിരുന്നു.

ഇവിടങ്ങളിൽ നടത്തിയ റെയ്ഡിൽ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ചൈനീസ് പൗരന്മാർക്കു ചൈനയിൽനിന്നു നിർദേശങ്ങൾ ലഭിച്ചിരുന്നതായും ഇതിനെ കുറിച്ചു വിശദമായ അന്വേഷണം തുടങ്ങിയതായും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. 5000 രൂപ വായ്പയെടുത്ത് നാലര ലക്ഷം രൂപയുടെ കടക്കാരനായ ചെന്നൈ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റുകൾ. വരും ദിവസങ്ങളിൽ കൂടുതൽപേർ പിടിയിലാകുമെന്നാണു സൂചന.

ഓൺലൈൻ വായ്പാ ആപ്പിൽനിന്നു പണമെടുത്ത് ജീവിതം വഴിമുട്ടിയവരുടെ ഞെട്ടിക്കുന്ന കഥകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവന്നിരുന്നത്. സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് സമാന ദുരന്തങ്ങളിൽ പെട്ടത്. ഈടൊന്നും വേണ്ടെന്ന പ്രലോഭനത്തിൽ കുടുങ്ങി ചില്ലറ തുകകളുടെ വായ്പയെടുത്തശേഷം ലക്ഷങ്ങളുടെ കടക്കാരായി ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിനിൽക്കുന്നരാണ് പലരും.

ഓൺലൈൻ വായ്പ ആപ്പിൽനിന്ന് 12,000 രൂപ വായ്പയെടുത്ത കൊച്ചിയിലെ ഒരു ചെറുപ്പക്കാരൻ 12 ലക്ഷത്തിന്റെ കടക്കാരനായെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ദിനംപ്രതി തിരിച്ചടയ്‌ക്കേണ്ട ഭീമമായ തുക ഡയറിയിൽ കുറിച്ചിട്ട്, അവയ്ക്കായി പുതിയ ആപ്പുകൾ പരതി കടമെടുത്താണ് വൻ തുകയുടെ കടക്കാരനായത്. ആദ്യം ആപ്പിൽനിന്നെടുത്ത വായ്പയ്ക്ക് കമ്പനി നിശ്ചയിച്ച കൊള്ളപ്പലിശ അടക്കം അതടച്ചു തീർക്കാൻ മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വന്നതോടെയാണ് വലിയ തുകയ്ക്ക് കടക്കാരനായത്.

കുറ്റിച്ചലിൽ ഓൺലൈൻ റമ്മി കളിച്ച് കടക്കെണിയിലായ യുവാവിന്റെ ആത്മഹത്യയ്ക്കു പിന്നിലും മൊബൈൽ വായ്പാ ആപ്പുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഐ എസ്ആർഒ കരാർ ജീവനക്കാരനായിരുന്ന വിനീത് ഡിസംബർ 31ന് ആത്മഹത്യ ചെയ്യുമ്പോൾ 12 ലക്ഷം രൂപ കടമുണ്ടായിരുന്നു.

സുഹൃത്തുക്കളിൽ നിന്നു കടമെടുക്കുന്നതു തികയാതെ വന്നപ്പോൾ മൊബൈൽ വായ്പാ ആപ്പുകളിൽ നിന്നു വട്ടിപ്പലിശയ്ക്ക് കടമെടുത്തു. ആപ് പറഞ്ഞ കൊള്ളപ്പലിശ കൊടുത്തു തീർക്കാനാവാതെ വന്നപ്പോൾ വിനീതിനെ അവഹേളിച്ചു ഫോട്ടോ അടക്കം ആപ് കമ്പനിക്കാർ സന്ദേശം അയച്ചു. അവഹേളനത്തിൽ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.

കേരളത്തിൽ നിന്നും നിരവധി പരാതി ഉയർന്നതോടെ തട്ടിപ്പു നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. ഹൈടെക് ക്രൈം എൻക്വയറി സെല്ലിന്റെ സഹകരണത്തോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം.