- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂക്കച്ചവടത്തിനായി 20 ലക്ഷം വായ്പയ്ക്ക് കൊള്ളപ്പലിശ; കോവിഡിൽ നഷ്ടം വന്നതോടെ പറഞ്ഞ അവധിയിൽ തവണ മുടങ്ങി; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കൊള്ളപ്പലിശക്കാരൻ പിടിയിൽ
കൊച്ചി: കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിന് കാരണക്കാരനായ കൊള്ളപ്പലിശക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കരുമല്ലൂരിൽ പിരേലക്കമറ്റത്തിൽ വീട്ടിൽ കുര്യാക്കോസ് മകൻ ജോമോനെ(49) യാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിനായിരുന്നു കൊച്ചുകടവന്ത്രയിൽ താമസിക്കുന്ന നാരായണൻ എന്നയാളാണ് ഭാര്യ ജയമോൾ, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണൻ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പലിശക്കാരനായ ജോമോന്റെ പക്കൽ നിന്നും പൂക്കച്ചവടത്തിനായി 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മൂന്നര ലക്ഷം രൂപ പലിശയിനത്തിൽ ആദ്യം പിടിച്ചതിന് ശേഷം 16,50,000 രൂപയാണ് ജോമോൻ നൽകിയത്. അഞ്ചു മാസംകൊണ്ട് 20 ലക്ഷം രൂപയും അടച്ചു തീർക്കണമെന്ന വ്യവസ്ഥയിൽ തുക എഴുതാത്ത ഒപ്പിട്ട ചെക്കും മുദ്രപത്രവും വാങ്ങി. കോവിഡ് മൂലം പൂക്കച്ചവടത്തിൽ നഷ്ടം നേരിട്ടതോടെ പറഞ്ഞ അവധിയിൽ പണം നൽകാൻ നാരായണന് കഴിഞ്ഞില്ല. ഇതോടെ ജോമോൻ നിരന്തരം നാരായണനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭീഷണി താങ്ങാനാവാതെ നാരായണൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സംഭവം നടക്കുന്ന രാത്രിയിൽ സുഹൃത്തുക്കൾക്കും മറ്റും നാരായണൻ പുതുവത്സരദിനാശംസകൾ നേർന്ന് മെസേജ് അയച്ചിരുന്നു. പിന്നാലെ 'സോറി' എന്നും സന്ദേശമയക്കുകയും ചെയ്തിരുന്നു.
പുതുുത്സര ദിനത്തെ നടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ആശുപത്രിയിൽ നിന്നും സുഖം പ്രാപിച്ച നാരായണനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊള്ളപ്പലിശക്കാരന്റെ ഭീഷണിയെ പറ്റി അറിയുന്നത്. തുടർന്നാണ് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നത്. സംഭവത്തിന് ശേഷം നാരായണന്റെ ഭാര്യയുടെ സഹോദരിയും ജോമോനെതിരെ പരാതി നൽകിയിരുന്നു. ഇതോടെ ജോമോനെ രഹസ്യമായി പൊലീസ് നിരീക്ഷിക്കുകയും പിടികൂടുകയുമായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും നാരായണൻ ഒപ്പിട്ടു നൽകിയ ചെക്കുകളും മുദ്രപത്രങ്ങളും പൊലീസ് കണ്ടെടുത്തു. എറണാകുളം ഡി.സി.പി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇൻസ്പെക്ടർ എം.എസ് ഫൈസലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.