കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികളാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലകളിലെ എല്ലാ കേന്ദ്രങ്ങളിലും സൂക്ഷ്മ പരിശോധനയ്ക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധന നടക്കുന്ന ഹാളുകൾ അണുവിമുക്തമാക്കും.

സൂക്ഷ്മപരിശോധനാ വേളയിൽ ഓരോ വാർഡിലേയും സ്ഥാനാർത്ഥികൾക്കും നിർദ്ദേശകർക്കും ഏജന്റുമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു സമയത്ത് ഹാളിനുള്ളിൽ പരമാവധി 30 പേർ മാത്രമേ പാടുള്ളൂവെന്നാണ് നിർദ്ദേശം.

ഹാളിനുള്ളിൽ സാമൂഹിക അകലം ഉറപ്പാക്കിയാണ് ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. സൂക്ഷ്മ പരിശോധനാ വേളയിൽ വരണാധികാരിയും ഉപവരണാധികാരിയും സ്ഥാനാർത്ഥികളും ഒപ്പമെത്തുന്നവരും കോവിഡ് മുൻകരുതലുകൾ പാലിക്കണം.