തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 395 തദ്ദേശ സ്ഥാപനങ്ങളിൽ 6910 വാർഡുകളിലേക്ക് 88,26,873 വോട്ടർമാർ വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റീനിലായവർക്കും പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ട് രേഖപ്പെടുത്താം. 

11,225 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്. 320 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച പൂർത്തിയായിരുന്നു. തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981. വാർഡുകളിൽ വീതം വോട്ടെടുപ്പ് നടക്കും നടക്കും. കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തിൽ രണ്ടുവാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

ഒന്നാം ഘട്ടത്തിൽ ആകെ വോട്ടർമാരിൽ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് വോട്ട് രേഖപ്പെടുത്തുക. ഇതിൽ 42,530 പേർ കന്നിവോട്ടർമാരാണ്. കൂടാതെ 150 പ്രവാസി ഭാരതീയരുമുണ്ട്.

വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാലു ജില്ലകളിൽ 14-നാണ് തിരഞ്ഞെടുപ്പ്.

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ആദ്യ വോട്ടെടുപ്പാണ് സംസ്ഥാനത്തേത്. ബൂത്തിലെത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? വോട്ടു ചെയ്യേണ്ടത് എങ്ങനെ?

ആകെ 2.76 കോടി വോട്ടർമാർ, അവരിൽ 1.72 ലക്ഷം പേരും ആദ്യമായാണ് വോട്ടു ചെയ്യാൻ പോളിങ് ബൂത്തിലെത്തുന്നത്. കന്നിവോട്ടുകാർ മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ മാറ്റങ്ങളും പ്രത്യേകതകളുമുണ്ട് ഇത്തവണ.

ആദ്യം നോക്കേണ്ടത് വോട്ടർ പട്ടിക
മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്തെന്നു കരുതി ഇത്തവണയും വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. കേരള തിരഞ്ഞെടുപ്പു കമ്മിഷനാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പു ചുമതല. കമ്മിഷന്റെ പുതുക്കിയ വോട്ടർ പട്ടിക lsgelection.kerala.gov.in  എന്ന വെബ്ബ്സൈറ്റിൽ ലഭ്യമാണ്. ജില്ല, തദ്ദേശസ്ഥാപനം, വാർഡ് എന്നീ വിവരങ്ങൾ നൽകിയാൽ പട്ടികയിൽ പേരുണ്ടോയെന്നും ഏതു പോളിങ് ബൂത്തിലാണു വോട്ടെന്നും മനസ്സിലാക്കാം. വെബ്‌സൈറ്റിൽ വിവരങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലും തേടാം

വോട്ടർ പട്ടികയിൽ പേരുണ്ടോയെന്നു പരിശോധിക്കാൻ പ്രാദേശിക പാർട്ടി പ്രവർത്തകരുടെയും മറ്റും സഹായവും തേടാം. പട്ടികയിൽ പേരില്ലെങ്കിൽ വോട്ടു ചെയ്യാനാകില്ല.

അകലം പാലിക്കാം, കരുതലോടെ വേണം വോട്ട്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 8, 10, 14 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടിങ് സമയം. വോട്ടു ചെയ്യാനെത്തുമ്പോൾ മാസ്‌ക് നിർബന്ധം. മൂക്കും വായും മൂടുന്ന രീതിയിൽ മാസ്‌ക് ധരിക്കുക. മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്. ബൂത്തിലേക്ക് കുട്ടികളെ കൊണ്ടു പോകരുത്. സംസാരിക്കുമ്പോൾ ആറടി അകലം പാലിക്കുക. വരി നിൽക്കുമ്പോഴും ആറടി അകലം നിർബന്ധം. വോട്ടർമാർക്ക് നിൽക്കാൻ പ്രത്യേക സ്ഥാനവും അടയാളപ്പെടുത്തി നൽകിയിട്ടുണ്ടാകും.

ഹസ്തദാനം ഒഴിവാക്കുക. പോളിങ് ബൂത്തിൽ തെർമൽ സ്‌കാനർ വഴിയുള്ള ശരീരോഷ്മാവ് പരിശോധന ഉണ്ടാകില്ല. ബൂത്തിനു പുറത്ത് കൈകഴുകാനുള്ള സോപ്പും വെള്ളവും സാനിട്ടൈസർ ഇവയിലേതെങ്കിലുമൊന്നു സജ്ജമാക്കിയിട്ടുണ്ടാകും. ഏഴു ലീറ്റർ സാനിറ്റൈസറാണ് ഓരോ ബൂത്തിലേക്കും നൽകുക. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂവുണ്ടാകും. ശാരീരിക വെല്ലുവിളി നേരിടുന്നവർ, മുതിർന്ന പൗരന്മാർ, രോഗബാധിതർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ടു ചെയ്യാം. ബൂത്തിനുള്ളിൽ ഒരേസമയം 3 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. വോട്ടു ചെയ്തു പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. വൈകിട്ട് ആറു മണിക്ക് ക്യൂവിൽ നിൽക്കുന്ന, ടോക്കൺ ലഭിച്ച എല്ലാവർക്കും വോട്ടു ചെയ്യാം.

പഞ്ചായത്തിൽ മൂന്ന് വോട്ട്

നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ ഒരൊറ്റ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്താൽ മതി. എന്നാൽ ത്രിതല സംവിധാനം നിലവിൽ വന്നതിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലെ വോട്ടർമാർക്ക് മൂന്നു വോട്ടുണ്ട്. അതായത് അവർ മൂന്നു ബാലറ്റ് യൂണിറ്റുകളിൽ വോട്ട് ചെയ്യണം, നഗരസഭയിലും കോർപറേഷനിലും വോട്ടു ചെയ്യുന്നവർക്ക് ഒറ്റ ബാലറ്റ് യൂണിറ്റും ഒറ്റ വോട്ടും മാത്രമേയുള്ളൂ. വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥിക്കായി വോട്ടു ചെയ്യുന്ന ഭാഗമാണ് ബാലറ്റ് യൂണിറ്റ്. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥിയുടെ പേരിനു നേരെ അമർത്തുമ്പോൾ അദ്ദേഹത്തിനുതന്നെയാണോ വോട്ടു വീണതെന്ന് വ്യക്തമാക്കുന്ന വിവിപാറ്റ് സംവിധാനം പക്ഷേ ഇത്തവണയില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനമുണ്ടായിരുന്നു. താഴെയുള്ള ചിത്രത്തിൽ ഇടതു വശത്തു കാണുന്നത് കൺട്രോൾ യൂണിറ്റും വലതു വശത്ത് ബാലറ്റ് യൂണിറ്റുമാണ്.

വോട്ട് ചെയ്യേണ്ടത് എങ്ങനെ
ഇനി വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്നു നോക്കാം. പോളിങ് ബൂത്തിൽ പ്രവേശിച്ചാൽ ആദ്യത്തെ പോളിങ് ഉദ്യോഗസ്ഥൻ വോട്ടർമാരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റു വിവരങ്ങളും പരിശോധിക്കും.

ബൂത്തിൽ വോട്ടറുടെ മുഖം സംബന്ധിച്ച് സംശയമുണ്ടെങ്കിൽ, തിരിച്ചറിയൽ വേളയിൽ മാത്രം മാസ്‌ക് മാറ്റുക. പോളിങ് ഏജന്റുമാർ തർക്കം ഉന്നയിക്കുന്നില്ലെങ്കിൽ രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥന്റെ അടുത്തേക്കു പോകാം. അദ്ദേഹമാണ് വോട്ടറുടെ കൈവിരലിൽ മഷി പുരട്ടുക. അവിടെ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തുകയും ചെയ്യും. വോട്ട് രേഖപ്പെടുത്താനുള്ള ക്രമനമ്പർ രേഖപ്പെടുത്തിയ സ്ലിപ്പും ഇവിടെനിന്നു ലഭിക്കും. രജിസ്റ്ററിൽ ഒപ്പിടാൻ സ്വന്തം പേന കയ്യിൽ കരുതുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

അടുത്ത പോളിങ് ഓഫിസറുടെ അടുത്ത് ഈ വോട്ടേഴ്‌സ് സ്ലിപ് ഏൽപിക്കണം. അദ്ദേഹം സ്ലിപ് വാങ്ങിവച്ചതിനു ശേഷം വിരലിൽ മഷി പുരട്ടിയതു പരിശോധിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനായി കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തും. അതോടെ കൺട്രോൾ യൂണിറ്റിലെ ചുവപ്പ് ലൈറ്റ് തെളിയും. വോട്ടർക്ക് ഇനി വോട്ടിങ് കംപാർട്ട്മെന്റിനകത്തുള്ള വോട്ടിങ് യന്ത്രത്തിനടുത്തേക്കു പോകാം.

പഞ്ചായത്തിൽ താമസിക്കുന്ന വോട്ടർമാർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ വോട്ടു ചെയ്യണം. ഇതിനായി മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഈ മൂന്നു യൂണിറ്റുകൾക്കും കൂടി ഒറ്റ കൺട്രോൾ യൂണിറ്റ് മാത്രം. ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമായിരിക്കും ഉണ്ടാവുക. പതിനാറാമതായി 'എൻഡ്' എന്നെഴുതിയ ബട്ടണും കാണാം. സ്ഥാനാർത്ഥികൾ 15ൽ കൂടുതലായാൽ മറ്റൊരു ബാലറ്റ് യൂണിറ്റ് കൂടി ബൂത്തിലുണ്ടാകും. 16 മുതലുള്ള സ്ഥാനാർത്ഥികളുടെ വിവരം ഈ ബാലറ്റ് യൂണിറ്റിലുണ്ടായിരിക്കും. ആദ്യത്തെ ബാലറ്റ് യൂണിറ്റിൽ ഗ്രാമ പഞ്ചായത്ത് വാർഡിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബലാകും പതിച്ചിട്ടുണ്ടാവുക. രണ്ടാമതായി ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളം നീല നിറത്തിലുള്ള ലേബലുമാണു പതിച്ചിരിക്കുക

ഓരോ ബാലറ്റ് യൂണിറ്റിന്റെയും മുകളിൽ ഇടതു ഭാഗത്തായി പച്ച ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ടെങ്കിൽ യന്ത്രം വോട്ട് രേഖപ്പെടുത്താൻ തയാറാണെന്നാണ് സൂചന.
ഏതു സ്ഥാനാർത്ഥിക്കാണോ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് ആ സ്ഥാനാർത്ഥിയുടെ നേർക്കുള്ള നീല ബട്ടണിൽ വിരൽ അമർത്തുക. അപ്പോൾ മുകളിലെ പച്ച ലൈറ്റ് അണഞ്ഞ് സ്ഥാനാർത്ഥിയുടെ നേർക്കുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കും. നീണ്ട ബീപ് ശബ്ദവും കേട്ടാൽ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു എന്നർഥം.

ആദ്യത്തെ ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയിൽത്തന്നെ മറ്റ് രണ്ട് ബാലറ്റുകളിലും (ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്) വോട്ടും രേഖപ്പെടുത്താം. മൂന്നു ബാലറ്റിലും ക്രമമായി വോട്ട് രേഖപ്പെടുത്തിയാൽ നീണ്ട ബീപ് ശബ്ദം കേൾക്കാം. വോട്ടിങ് പൂർത്തിയായി എന്നാണ് ഇതിനർഥം. നഗരസഭയിലും കോർപറേഷനിലും ഇതേ രീതിയിൽതന്നെയാണു വോട്ടു ചെയ്യേണ്ടത്. പക്ഷേ ഒരൊറ്റ വോട്ടു മാത്രമേ ചെയ്യാനുണ്ടാവുകയുള്ളൂ.

ഇത്തവണ നോട്ടയില്ല പകരം 'എൻഡ്'
ഇഷ്ടപ്പെട്ട സ്ഥാനാർത്ഥികളില്ലെങ്കിൽ ആർക്കും വോട്ടു ചെയ്യാതെ 'നോട്ട' രേഖപ്പെടുത്താനുള്ള അവസരം ഇത്തവണയില്ല. പകരം എൻഡ് ബട്ടനാണുള്ളത്. ഓരോ ബാലറ്റ് യൂണിറ്റിലെയും ആദ്യത്തെ 15 സ്ഥാനാർത്ഥികളുടെ പേരിനു താഴെയായിരിക്കും എൻഡ് ബട്ടൻ ഉണ്ടാവുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആർക്കും വോട്ടു ചെയ്യാൻ താൽപര്യമില്ലെങ്കിൽ ആദ്യമേ എൻഡ് ബട്ടൻ മാത്രം അമർത്തി മടങ്ങാം. ഇഷ്ടമുള്ള ഒന്നോ രണ്ടോ തലത്തിലെ സ്ഥാനാർത്ഥികൾക്കു മാത്രം വോട്ടു ചെയ്യാനും അവസരമുണ്ട്. വോട്ടു രേഖപ്പെടുത്തിയതിനു ശേഷം എൻഡ് ബട്ടൻ അമർത്തണമെന്നു മാത്രം.

ഗ്രാമ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മാത്രമേ വോട്ട് ചെയ്യാൻ താൽപര്യമുള്ളൂവെങ്കിൽ അതു രേഖപ്പെടുത്തിയ ശേഷം മൂന്നാമത്തെ ബാലറ്റ് യൂണിറ്റിലെ (ജില്ലാ പഞ്ചായത്ത് ബാലറ്റ് യൂണിറ്റ്) എൻഡ് ബട്ടൺ അമർത്താവുന്നതാണ്. ഗ്രാമപഞ്ചായത്തിലേക്കു മാത്രമേ വോട്ടു ചെയ്യുന്നുള്ളൂവെങ്കിലും ജില്ലാ പഞ്ചായത്ത് ബാലറ്റ് യൂണിറ്റിലെ ഈ ബട്ടൺ അമർത്തുമ്പോൾ വോട്ടിങ് പൂർത്തിയായി എന്നു വ്യക്തമാക്കാൻ നീണ്ട ബീപ് ശബ്ദം കേൾക്കാം. ഇത്തരം സാഹചര്യത്തിൽ ചെയ്യാതിരുന്ന തലത്തിലെ വോട്ട് രേഖപ്പെടുത്താത്ത വോട്ടായി പരിഗണിക്കപ്പെടും.

വോട്ടർ 'എൻഡ്' ബട്ടൺ അമർത്തിയില്ലെങ്കിൽ പ്രിസൈഡിങ് ഓഫിസർ ബട്ടൺ അമർത്തി യന്ത്രം അടുത്തയാൾക്കു വോട്ടിനായി സജ്ജീകരിക്കണം. ബട്ടൺ അമർത്തുന്നതിനു മുൻപ് ബൂത്തിലെ പോളിങ് ഏജന്റുമാരുടെ സമ്മതം തേടണം. വോട്ടർ ഏതു സ്ഥാനാർത്ഥിക്കാണു വോട്ടു ചെയ്തതെന്നു നോക്കാതെ വേണം എൻഡ് ബട്ടൺ അമർത്തേണ്ടത്. ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എൻഡ് ബട്ടണുമാണുണ്ടാവുക. സ്ഥാനാർത്ഥികൾ 15ൽ കൂടുതലുണ്ടെങ്കിൽ 2 ബാലറ്റ് യൂണിറ്റുകളുണ്ടാകുമെങ്കിലും എൻഡ് ബട്ടൺ ഒന്നാമത്തേതിലാകും. നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലേക്കുള്ള ബാലറ്റ് യൂണിറ്റുകളിൽ നോട്ടയോ എൻഡ് ബട്ടനോ ഇല്ല, പകരം വോട്ടർ കയ്യിൽ മഷി പുരട്ടിയ ശേഷം വോട്ടു ചെയ്യാതെ മടങ്ങുന്നത് രേഖപ്പെടുത്തും.

ഒന്നോ രണ്ടോ തലത്തിലെ വോട്ടിങ് ഒഴിവാക്കിയാൽ മാത്രമേ എൻഡ് ബട്ടൺ അമർത്തേണ്ട ആവശ്യമുള്ളൂ. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ മൂന്നു തലത്തിലും വോട്ട് രേഖപ്പെടുത്തിയാൽ എൻഡ് ബട്ടൺ അമർത്തേണ്ട ആവശ്യമില്ല. ഒരിക്കൽ എൻഡ് ബട്ടൺ അമർത്തിയാൽ പിന്നീട് ആ വോട്ടർക്ക് ബാലറ്റ് യൂണിറ്റിൽ അടയാളപ്പെടുത്തിയിട്ടുള്ള വേറെ ആർക്കും വോട്ട് ചെയ്യാനാകില്ല. ഒരേ സമയം ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികളുടെ ബട്ടണിൽ അമർത്തിയാലും ഒരേ ബട്ടണിൽത്തന്നെ ഒന്നിൽ കൂടുതൽ തവണ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുകയുള്ളൂ.

വോട്ടു ചെയ്യുന്നതിനിടെ സംശയമോ പ്രയാസമോ തോന്നിയാൽ പ്രിസൈഡിങ് ഓഫിസറുടെ സഹായം തേടാൻ ഒരു മടിയും വിചാരിക്കേണ്ട. വോട്ടറെ സഹായിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ചുമതലകളിലൊന്ന്. പക്ഷേ നിങ്ങൾ വോട്ടു ചെയ്യുന്നത് ആരും കാണരുത്, അതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണം. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാലുടൻ വോട്ടിങ് കംപാർട്െമന്റിൽനിന്ന് പുറത്തിറങ്ങി അടുത്തയാൾക്ക് അവസരം നൽകണം. വോട്ടു ചെയ്തു തിരികെ വീട്ടിലെത്തിയാൽ കുളിക്കുകയോ സാനിട്ടൈസർ ഉപയോഗിക്കുകയോ കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകുകയോ വേണം. സംശയങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ 'ദിശ' ഹെൽപ്ലൈൻ നമ്പർ: 1056 ൽ ബന്ധപ്പെടാം.

കൊറോണ ബാധിതർക്കും വോട്ട് ചെയ്യാം
അവസാന മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും എത്തി വോട്ടു ചെയ്യാനാണ്. പിപിഇ കിറ്റ് ധരിച്ചെത്തിയായിരിക്കും ഇവർ വോട്ടു ചെയ്യുക. ഇവർ ഒപ്പിടാൻ ഉപയോഗിച്ച പേന ഉൾപ്പെടെ പുനരുപയോഗിക്കില്ല. ബൂത്തിനകത്തുള്ള ഏജന്റുമാർ ഉൾപ്പെടെ ഈ സമയത്ത് പിപിഇ കിറ്റ് ധരിച്ചിട്ടുണ്ടാകും. സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് നൽകും. വീടുകളിലോ ആശുപത്രികളിലോ കഴിയുന്നവർ പിപിഇ കിറ്റ് സ്വയം സംഘടിപ്പിക്കണം. ഇവർ പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് ആറിന് മുൻപ് വോട്ടു ചെയ്യാനെത്തണം. എന്നാൽ ആറു മണിക്ക് ക്യൂവിലുള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ടിന് അനുവദിക്കൂ. സ്ഥാനാർത്ഥിയുടെ ഏജന്റുമാർ ആവശ്യപ്പെട്ടാൽ ഇവർ മുഖാവരണം മാറ്റണം. കോവിഡ് സ്‌പെഷൽ വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കോവിഡ് ഭേദമായാലും ക്വാറന്റൈൻ കഴിഞ്ഞാലും പോളിങ് ദിവസം ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല.

പ്രത്യേക വോട്ടർമാർ
വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് 3 വരെ കോവിഡ് ബാധിതരാവുകയോ ആരോഗ്യവകുപ്പ് ക്വാറന്റൈൻ നിർദ്ദേശിക്കുകയോ ചെയ്യുന്നവർ ഇത്തവണ 'പ്രത്യേക' വോട്ടർമാരാണ്. ഇവർക്കു വേണ്ടി, താമസസ്ഥലത്തും ആശുപത്രിയിലും പൊലീസ് അകമ്പടിയോടെ ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ധരിച്ചെത്തി ബാലറ്റ് കൈമാറും. വരുന്നതിന്റെ സമയം എസ്എംഎസ് വഴിയോ ഫോണിലൂടെയോ അറിയിക്കും. ബാലറ്റ് ലഭിക്കുമ്പോൾതന്നെ വോട്ടു രേഖപ്പെടുത്തി സംഘത്തിലെ സ്‌പെഷൽ പോളിങ് ഓഫിസർക്കു കൈമാറാം, അല്ലെങ്കിൽ തപാലിലോ ആൾവശമോ വരണാധികാരിക്ക് എത്തിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായിട്ടാണിങ്ങനെ. കോവിഡ് ബാധിച്ച് മറ്റു ജില്ലകളിൽ കുടുങ്ങിപ്പോയവർക്കും തപാൽ ബാലറ്റ് ലഭ്യമാക്കി. ജില്ലാ മെഡിക്കൽ ഓഫിസർമാർ അല്ലെങ്കിൽ ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ നൽകുന്ന സർട്ടിഫൈഡ് പട്ടിക അനുസരിച്ചാണ് പ്രത്യേക വോട്ടർമാരെ തിരഞ്ഞെടുക്കുന്നത്.

ബൂത്തിൽ ഫോൺവേണ്ട; ക്യാമ്പിൽ ആഹാരം വിതരണംചെയ്യരുത്
തിരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികളുടെ അംഗീകൃത പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡും വേണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിങ് ഓഫീസർ, വെബ് കാസ്റ്റിങ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവരൊഴികെ ആർക്കും മൊബൈൽഫോൺ പോളിങ് സ്റ്റേഷനകത്തുകൊണ്ടുവരാൻ പാടില്ല.

വിതരണംചെയ്യുന്ന വെള്ളക്കടലാസിലുള്ള സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ പാടില്ല. രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ വോട്ടർമാരെ പോളിങ് സ്റ്റേഷനിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.

പഞ്ചായത്തുകളിൽ പോളിങ്‌സ്റ്റേഷനിൽനിന്ന് 200 മീറ്ററും നഗരസഭയിൽ 100 മീറ്ററും അകലത്തിലേ രാഷ്ട്രീയപാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കാവൂ. സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ സ്ഥാപിക്കാം. രാഷ്ട്രീയപാർട്ടികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക് ഈ പരിധിക്കുള്ളിൽ ഉപയോഗിക്കരുത്.

സ്ഥാനാർത്ഥി ക്യാമ്പുകളിൽ ആഹാരം വിതരണംചെയ്യരുത്. സ്ലിപ്പ് വിതരണത്തിന് രണ്ടുപേരിൽ കൂടുതൽ പാടില്ല. വിതരണം നടത്തുന്നവർ മാസ്‌കും കൈയുറയും ധരിക്കണം.