- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചൽ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്: സിപിഎമ്മിന് മികച്ച നേട്ടം; ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലത്തിൽ 42 സീറ്റിൽ നിന്ന് ഉയർന്നത് 337 സീറ്റിലേക്ക്; 25 പഞ്ചായത്തുകളിൽ പ്രസിഡന്റ് പദവി; അഞ്ച് വർഷം കൊണ്ട് സീറ്റ് എട്ടിരട്ടി; പാർട്ടിക്ക് തുണയായത് ജനകീയ വിഷയങ്ങളിലെ ഇടപെടലുകൾ
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത് സിപിഐ എം. 2016ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 2 ജില്ലാ പഞ്ചായത്ത് സീറ്റുകൾ മാത്രമായിരുന്നു സിപിഐ എമ്മിനുണ്ടായിരുന്നത്. 2021ൽ ഇത് 12 ആയി വർധിച്ചു. 2016ൽ ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലത്തിൽ ആകെ സിപിഐ എമ്മിന് ലഭിച്ചത് 42 സീറ്റുകളായിരുന്നെങ്കിൽ ഇത്തവണ 337 സീറ്റുകളിൽ വിജയിക്കാനായി. 25 പഞ്ചായത്തുകളിൽ പ്രസിഡന്റ് പദവിയും 30 പഞ്ചായത്തുകളിൽ വൈസ് പ്രസിഡന്റ് പദവിയും പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്.
ജനകീയ വിഷയങ്ങളിലെ ശക്തമായ ഇടപെടലിന്റെയും അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയുള്ള നിരന്തരമായ സമരങ്ങളുടെയും പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന്റെ നേട്ടങ്ങൾക്ക് ഇടയാക്കിയത്. പൊലീസിന്റെ അതിക്രൂരമായ ആക്രമണങ്ങളിൽ പരിക്കേറ്റ അനവധി യുവാക്കളും തെരഞ്ഞെടുപ്പിൽ ജയിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ കിസാൻസഭയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വലിയ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപ് തന്നേ സിപിഐ എം തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ഓംകാർ ഷാദ് പറഞ്ഞു. ജില്ലാ, ലോക്കൽ കമ്മിറ്റികളെല്ലാം മുൻകൂട്ടി പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനങ്ങളിൽ നിന്നും പ്രത്യേകിച്ച് യുവാക്കളിൽ നിന്നും വലിയ പിന്തുണയാണ് പാർട്ടിക്ക് ലഭിച്ചത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥിപോരാട്ടങ്ങളും കരുത്തായി. വളരെ ചെറിയ വോട്ടുകൾക്കാണ് പാർട്ടിയുടെ പല സ്ഥാനാർത്ഥികളും പരാജയപ്പെട്ടതും. മികച്ച വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും കർഷകർക്ക് മതിയായ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങൾ പാർട്ടി തുടരുമെന്നും ഓംകാർ ഷാദ് പറഞ്ഞു.
2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിയോഗ് മണ്ഡലത്തിൽ നിന്നും സിപിഐ എം സ്ഥാനാർത്ഥിയായി മുൻ കേന്ദ്രകമ്മിറ്റി അംഗമായ രാഗേഷ് സിംഗ വിജയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ