- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ജില്ലാ പഞ്ചായത്തുകളിലും ഭരണം ഉറപ്പിച്ചു; അഞ്ഞൂറിലേറെ ഗ്രാമ പഞ്ചായത്തുകളിലും 35ലേറെ മുനിസിപ്പാലിറ്റികളിലും ഭൂരിപക്ഷം; ആറിൽ അഞ്ച് കോർപ്പറേഷനുകളിലും അധികാരം പിടിക്കുന്ന അവസ്ഥയിൽ; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടേത് മിന്നുന്ന വിജയം; എൽഡിഎഫ് വിജയത്തിലെ സൂപ്പർസ്റ്റാറായി ജോസ് കെ മാണി; കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ ദുർബലമായി യുഡിഎഫ്; നേട്ടമുണ്ടാക്കിയെങ്കിലും കേരളത്തിലെ മുന്നണി സംവിധാനത്തോട് പച്ചതൊടാതെ ബിജെപിയും
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മിന്നുന്ന വിജയം. യുഡിഎഫുമായി നേർക്കുനേർ മത്സരിച്ച ഇടതു മുന്നണി ഭരണ വിരുദ്ധ വികാരത്തെയും മറികടന്നാണ് ഇക്കുറി മികച്ച വിജയം നേടിയത്. ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടതു മുന്നണി മികച്ച വിജയമാണ് നേടിയത് മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മികച്ച വിജയമാണ് ഇടതു മുന്നണി നേടിയത്. ജോസ് കെ മാണിയുടെ ഇടതു മുന്നണിയിലേക്കുള്ള കടന്നുവരവും എൽഡിഎഫ് വിജയത്തിൽ നിർണായകമായി മാറി. കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിൽ അതേസമയം മുന്നണി കൂടുതൽ ദുർബലമായി മാറുകയായിരുന്നു. ബിജെപി ആകട്ടെ കേരളത്തിലെ മുന്നണി സംവിധാനത്തോട് പൊരുത്തപ്പെടാൻ സാധിക്കാതെ മികച്ച വിജയം ഉണ്ടാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കും മാറി.
തെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ:
ഗ്രാമപഞ്ചായത്ത്: എൽ.ഡി.എഫ് - 516, യുഡിഎഫ് - 374, എൽഡിഎഫ്,- 23, മറ്റുള്ളവർ-27
കോർപറേഷൻ: എൽ.ഡി.എഫ് -7, യു.ഡി.എഫ് -1.
മുൻസിപ്പാലിറ്റി: എൽ.ഡി.എഫ് -35, യു.ഡി.എഫ് -45, എൻ.ഡി.എ -2, മറ്റുള്ളവർ-4.
ബ്ലോക്ക് പഞ്ചായത്ത്: എൽ.ഡി.എഫ് -112, യു.ഡി.എഫ് -40, എൻ.ഡി.എ -0, മറ്റുള്ളവർ -0.
ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് -10, യു.ഡി.എഫ് -4.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ നേട്ടമാണ് ഇടതു മുന്നണിക്ക് അവകാശപ്പെടാനുള്ളത്. ജില്ലാ പഞ്ചായത്തിൽ അടക്കം മികച്ച നേട്ടമുണ്ടാക്കാൻ ഇടതു മുന്നണിക്കു സാധിച്ചു.
2015ലെ തെരഞ്ഞെടുപ്പ് ഫലം
ഗ്രാമ പഞ്ചായത്ത്: എൽ.ഡി.എഫ് -549, യു.ഡി.എഫ് -365, എൻ.ഡി.എ -14, മറ്റുള്ളവർ -13
ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് -7, യു.ഡി.എഫ് -7.
ബ്ലോക് പഞ്ചായത്ത്: എൽ.ഡി.എഫ് -90, യു.ഡി.എഫ് -61, മറ്റുള്ളവർ-1.
മുൻസിപ്പാലിറ്റി: എൽ.ഡി.എഫ് -44, യു.ഡി.എഫ് -41, എൻ.ഡി.എ -1.
കോർപറേഷൻ: എൽ.ഡി.എഫ് -4, യു.ഡി.എഫ് -2.
സംസ്ഥാനത്ത് ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളിൽ 516 പഞ്ചായത്തുകളിലാണ് ഇടതു മുന്നണി വിജയം നേടിയത്. അതേസമയം യുഡിഎഫും ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ച്ചവെച്ചു. 374 പഞ്ചായത്തുകളിൽ യുഡിഎഫ് വിജയം നേടിയപ്പോൾ 28 ഇടങ്ങളിൽ മറ്റു കക്ഷികൾ മുന്നിൽ നിൽക്കുകയാണ്. 23 ഗ്രാമപഞ്ചായത്തുകളിലാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആകുകയോ വിജയിക്കുകയോ ചെയ്തത്. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പതറി നിന്ന സർക്കാരിന് വലിയ ആശ്വാസമാണ് തെരഞ്ഞെടുപ്പിലെ വൻ വിജയം. 152 ബ്ലോക്കു പഞ്ചായത്തുകളിൽ യുഡിഎഫിനെ അൻപത് കടക്കാനനുവദിക്കാതെ തളച്ച ഇടതുപക്ഷം, 106 ഇടത്ത് വിജയിച്ചു.
പതിനാല് ജില്ലാ പഞ്ചായത്തുകളിൽ പതിനൊന്നും ഇടതുപക്ഷത്തിനൊപ്പം നിന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ എൽഡിഎഫ് വിജയിച്ചു. മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകളിൽ യുഡിഎഫ് വിജയിച്ചു. മുൻസിപ്പാലിറ്റികളിൽ മാത്രമാണ് യുഡിഎഫിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. 45ഇടത്ത് യുഡിഎഫ് മുന്നിലെത്തി. 35ഇടത്ത് എൽഡിഎഫും. രണ്ട് മുൻസിപ്പാലിറ്റികളിൽ എൻഡിഎ ജയിച്ചു.
കോർപ്പറേഷനുകളിലും വൻ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. തിരുവനന്തപുരം, കൊല്ലം കോഴിക്കോട് കോർപ്പറേഷനുകളിൽ ഇടത് മുന്നണി ഭരണമുറപ്പിച്ചു. ഇത് മൂന്നും തുടർഭരണമാണ്. മാത്രമാല്ല, കൊച്ചിയിൽ ഏ്റ്റവും വലിയ ഒറ്റകക്ഷി ആകുകയും ചെയ്തു. ബിജെപിയുമായി ബലാബലം നിന്ന തിരുവനന്തപുരത്ത് 52 സീറ്റുകൾ നേടിയാണ് എൽഡിഎഫ് അധികാരത്തിലെത്തുന്നത്. എൻഡിഎ 35 സീറ്റ് നേടിയപ്പോൾ യുഡിഎഫ് പത്തിലൊതുങ്ങി. കൊല്ലം കോർപ്പറേഷനിൽ 39 സീറ്റുകളിൽ മുന്നിലെത്തിയ എൽഡിഎഫ് യുഡിഎഫിനെ 9ൽ ഒതുക്കി. ആറ് സീറ്റാണ് എൻഡിഎയ്ക്കുള്ളത്.
കൊച്ചി കോർപ്പറേഷനിൽ 34 സീറ്റുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 31ഇടത്ത് യുഡിഎഫും അഞ്ചിടത്ത് എൻഡിഎയും വിജയിച്ചു. സ്വതന്ത്രരായി ജയിച്ച നാലു സ്ഥാനാർത്ഥികളിൽ ഒരാളായ ഇടതു റിബൽ കെ.പി ആന്റണി പിൻതുണച്ചതോടു കൂടി കോർപ്പറേഷൻ ഭരണം എൽഡി.എഫ് സ്വന്തമാക്കുന്ന അവസ്ഥയിലാണ്. മറ്റു ചിലരും പിന്തുണക്കുമെന്നാണ് സൂചന. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ യുഡിഎഫ് ഭരണത്തിലായിരുന്നു.
കൊച്ചിയിൽ ഇരുമുന്നണികൾക്കും ഭീഷണിയായെത്തിയ വിമതരിൽ നാലു പേരാണ് ജയിച്ചത്. ഇതിൽ യുഡിഎഫിന്റെ മൂന്നു വിമതരും എൽഡിഎഫിന്റെ ഒരു വിമതനുമാണ് നേട്ടമുണ്ടാക്കിയത്. പനയപ്പള്ളിയിൽ നിന്നു മൽസരിച്ച യുഡിഎഫിന്റെ ജെ. സനിൽമോൻ 162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് വിമതയായി സിഎംപിസിസി സി.പി. ജോൺ പിന്തുണയിൽ മുണ്ടൻവേലിയിൽ നിന്ന് മൽസരിച്ച മേരി കലിസ്റ്റ 470 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. മുസ്ലിംലീഗ് സീറ്റ് നിഷേധിച്ചതോടെ കൽവത്തിയിൽ മൽസരത്തിനിറങ്ങിയ ടി.കെ. അഷറഫ് 156 വോട്ടിനു ജയിച്ചു. എൽഡിഎഫ് വിമതനായി മാനാശേരിയിൽ നിന്നു മൽസരിച്ച കെ.പി. ആന്റണി സിപിഎമ്മിന്റെ മൈക്കിൾ ആന്റണിക്കെതിരെ 537 വോട്ടുകളുടെ ഭൂരിപക്ഷണുണ്ടാക്കി. അതേ സമയം ബിജെപി വിമതർ ആരും നേട്ടമുണ്ടാക്കിയില്ല.
യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ഒരു വോട്ടിനാണ് എൻ ഡി എ സ്ഥാനാർത്ഥിയോട് തോറ്റത്. ഐലന്റ് വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ കേവലം ഒരു വോട്ടിനാണ് കോൺഗ്രസ് മേയർ സ്ഥാനാർത്ഥി ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. അതേസമയം തിരഞ്ഞെടുപ്പിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ് 48 സീറ്റുകൾ നേടിയപ്പോൾ യുഡിഎഫ് 14ൽ ഒതുങ്ങി. കണ്ണൂർ കോർപ്പറേഷനിൽ മാത്രമാണ് യുഡിഎഫിന് ആശ്വാസം. 34സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇവിടെ എൽഡിഎഫ് 19 സീറ്റിലൊതുങ്ങി. ബിജെപി ഒര് സീറ്റ് നേടി. ഈ കോർപ്പറേഷനിൽ മാത്രമാണ് യുഡിഎഫ് ആധികാരികമായി വിജയം നേടിയിരിക്കുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങളിൽ ഉൾപ്പെട കനത്ത വിജയമാണ് ഇടത് മുന്നണി നേടിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ട പുതുപ്പള്ളി പഞ്ചായത്തിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷം വിജയക്കൊടി നാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫ് തകർന്നടിഞ്ഞു.
ജോസ് കെ മാണിയെ ഒപ്പം കൂട്ടി അങ്കത്തിനിറങ്ങിയ ഇടതുമുന്നണിക്ക് പിഴച്ചില്ല. പാലാ മുൻസിപ്പാലിറ്റി ഉൾപ്പെടെ പിടിച്ചെടുത്ത് വൻ മുന്നേറ്റം സാധ്യമാക്കാൻ ജോസിന്റെ വരവുകൊണ്ട് കഴിഞ്ഞു. ഭേദപ്പെട്ട പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്തിയ ബിജെപി, പന്തളം നഗരസഭകൂടി എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.
തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് ചിത്രത്തിലില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. കഴിഞ്ഞ തവണ 42 സീറ്റുകളിൽ വിജയിച്ച സിപിഎമ്മിന് നിലവിൽ കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു. തൃശ്ശൂർ കോർപറേഷനിലേക്ക് മത്സരിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പരാജയം ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രാദേശികമായ രാഷ്ട്രീയേതര കൂട്ടായ്മകൾ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇത്തവണത്തെ എടുത്തു പറയേണ്ട സവിശേഷത. കിഴക്കമ്പലത്തിനു പുറമേ പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂർ, കുന്നത്തുനാട് എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും അവർക്ക് സാധിച്ചിട്ടുണ്ട്.
കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ജോസ് കെ മാണിയുടെ മുന്നണി മാറ്റ പരീക്ഷണം വിജയകരമാണെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകൾ വ്യക്തമാക്കുന്നത്. പാലാ നഗരസഭയിൽ ജോസ് കെ മാണി വിഭാഗത്തിന്റെ അഞ്ച് സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ