തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായതായും സംവരണ മണ്ഡലങ്ങൾ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും സംസ്ഥാന തെരഞ്ഞടുപ്പ് ഓഫീസർ ശശിധരൻ നായർ അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കലക്ടർമാർക്കായി വിളിച്ച യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോളിങ് ബൂത്തുകളെ സംബന്ധിച്ച അന്തിമ തീരുമാനം അടുത്തയാഴ്ചയോടെ പൂർത്തീകരിക്കും. നിലവിൽ തയ്യാറാക്കിയ പോളിങ് ബൂത്ത് ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന ആവശ്യം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്‌ളോക്ക് ജില്ലാ പഞ്ചായത്ത് സംവരണം സംബന്ധിച്ച ക്രമീകരണങ്ങൾ ഉദ്യാഗസ്ഥരുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുകയാണെന്നും ഇത് അൽപം വൈകാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.