തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ആവേശ്വോജ്വലമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചത്.

തിങ്കളാഴ്ചയാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. പ്രചാരണ തന്ത്രങ്ങൾ ബീഫിൽനിന്നു ബാർ കോഴയിലേക്കു മാറിയപ്പോൾ വികസന നേട്ടങ്ങളും കോട്ടങ്ങളും ചൂണ്ടിക്കാട്ടി ഇരുമുന്നണികൾക്കൊപ്പം ബിജെപിയും രംഗത്തുണ്ട്.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണു തിങ്കളാഴ്ച വോട്ടെടുപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ അഞ്ചിനാണു വോട്ടെടുപ്പ്. ഏഴിനു വോട്ടെണ്ണൽ.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി ആകെ 1,11,11,006 വോട്ടർമാരുണ്ട്. ഏറ്റവുമധികം വോട്ടർമാർ തിരുവനന്തപുരം ജില്ലയിലാണ്. 26,02,589 പേർ. തൊട്ടുപിന്നിൽ കോഴിക്കോട് ജില്ലയാണ്. 22,76,217 വോട്ടർമാർ. 5,73,513 വോട്ടർമാരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്.

പാറിപ്പറക്കുന്ന കൊടിതോരണങ്ങൾ, മൈക്ക് അൻൗൺസുമെന്റുമായി ജീപ്പുകൾ എന്നിവ കൊട്ടിക്കലാശത്തിന് ആവേശമേറ്റി. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ നഗരങ്ങളിലും നാട്ടിൻപുറത്തും നിറഞ്ഞുനിന്നു. സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ട് ആഘോഷമായിമാറി.