തിരുവനന്തപുരം: നവംബർ രണ്ടിനും അഞ്ചിനും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ തലവേദന യുഡിഎഫിനു തന്നെ. വിവിധ പ്രദേശങ്ങളിൽ വിമതരുടെ ശല്യം കൊണ്ടു പൊറുതി മുട്ടുകയാണ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ.

മലപ്പുറത്തെ രണ്ടു നഗരസഭകളിലും 25 പഞ്ചായത്തുകളിലും കോൺഗ്രസും ലീഗും തമ്മിൽ നേർക്കുനേർ പോരാട്ടമാണുള്ളത്. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ രണ്ടു കക്ഷികൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നടക്കുന്നത് യുഡിഎഫ് കേന്ദ്രങ്ങളിൽ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.

മലപ്പുറത്തിനു പുറമെ കണ്ണൂരിലും പലയിടങ്ങളിലും കോൺഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നേർക്കുനേർ ഏറ്റുമുട്ടും. തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥിക്കും വിമതനുണ്ട്. കൊച്ചി കോർപറേഷനിലേക്ക് മേയർ ടോണി ചമ്മിണിയുടെ സഹോദരിയും വിമതയായി മത്സരിക്കുന്നുണ്ട്.

യുഡിഎഫിന് അഞ്ചു വിമതരാണു തിരുവനന്തപുരം കോർപറേഷനിൽ ഉള്ളത്. മേയർ സ്ഥാനാർത്ഥി മഹേശ്വരൻ നായർ മത്സരിക്കുന്ന മുടവന്മുഗൾ വാർഡിലടക്കം വിമതശല്യമുണ്ട്. പട്ടം, കഴക്കൂട്ടം എന്നിവിടങ്ങളിലും വിമതരുണ്ട്. കോഴിക്കോട് കോർപറേഷനിൽ രമേഷ് നമ്പിയത്ത് വിമതനായി മത്സരംഗത്തുണ്ട്. കണ്ണൂരിലെ ചപ്പാരപ്പടവിലാണ് കോൺഗ്രസ്-ലീഗ് സ്ഥാനാർത്ഥികൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. കണ്ണൂുർ കോർപറേഷനിലെ ഒമ്പതു വാർഡുകളിലും യുഡിഎഫിന് വിമത സ്ഥാനാർത്ഥികളുണ്ട്.

പട്ടത്തു കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്കും കഴക്കൂട്ടത്തു ജെഡിയു സ്ഥാനാർത്ഥിക്കെതിരേയുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിർദ്ദേശം അണികൾ തള്ളിയെന്നതിന്റെ സൂചനയാണ് ഇന്നത്തെ സംഭവം ഉറപ്പിക്കുന്നത്.

അതിനിടെ, പാലക്കാട് നഗരസഭയിൽ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുൻനഗരസഭാ ചെയർ പേഴ്‌സണുമായ രമണീഭായ് കോൺഗ്രസിൽനിന്നും രാജിവച്ചു. തദ്ദേശസ്വയം ഭരണം തെരഞ്ഞെടുപ്പിൽ പാർട്ടിയെ വെല്ലുവിളിച്ച് റിബലായി മത്സരിക്കുന്നവരെല്ലാം ഇന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കണമെന്ന കെപിസിസിയുടെ അന്ത്യശാസനം തള്ളിയാണ് രമണീ ഭായിയുടെ തീരുമാനം. മത്സരത്തിൽ ഉറച്ചു നില്ക്കാനും പാർട്ടിയിലെ മുഴുവൻ പദവികളും രാജിവെയ്ക്കാനുമാണ് തീരുമാനം. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് പുറമെ കെപിസിസി വിചാർ വിഭാഗത്തിലെ സ്ഥാനവും ഒഴിഞ്ഞു. സ്ത്രീകളെ അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും സുധീരനെപ്പോലെ ഒരാളിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും രമണീഭായ് പറഞ്ഞു. പാലക്കാട് നഗരസഭയിൽ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി അംഗം കിദർ മുഹമ്മദ് കഴിഞ്ഞ ദിവസം നിരാഹാര സമരം നടത്തിയിരുന്നു.

മത്സര രംഗത്തുള്ളവരുടെ ഏകദേശ കണക്ക് 130000 ത്തോളമാണെന്നാണു സൂചന. വൈകിട്ട് ആറോടെ മുഴുവൻ സ്ഥാനാർത്ഥികളുടെയും കണക്ക് വിവരങ്ങൾ പുറത്തുവിടുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിനിടെ, വിമതരുടെ ശല്യം ഒഴിവാക്കാൻ എന്തൊക്കെ നടപടികൾ വേണമെന്ന ചിന്തയിലാണ് രാഷ്ട്രീയ കക്ഷികൾ.

പത്രിക പിൻവലിക്കാത്ത റിബൽ സ്ഥാനാർത്ഥികൾക്കെതിരെ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും മിക്ക സ്ഥലങ്ങളിലും പത്രിക പിൻവലിക്കാൻ സ്ഥാനാർത്ഥികൾ തയ്യാറായില്ല.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനമില്ലാതെ മത്സരിക്കുന്നവർക്കെതിരെ നടപടിയെന്നു സിപിഐ(എം) അറിയിച്ചിട്ടുണ്ട്. സിപിഐ(എം) സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. പത്രിക പിൻവലിക്കാത്തവർക്കെതിരെ ഇന്നു തന്നെ നടപടിയെടുക്കും. ഏതാനും വാർഡുകളിൽ മാത്രമാണ് വിമത ശല്യമെന്നു സംസ്ഥാന സമിതി വിലയിരുത്തിയതായാണു റിപ്പോർട്ടുകൾ. സ്ഥാനാർത്ഥി നിർണയത്തിൽ പൂർണ്ണ തൃപ്തിയാണു നേതൃത്വത്തിനുള്ളത്.

നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരിൽ നാലായിരത്തിലധികം പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. 400 ഓളം വിമതരും പത്രിക പിൻവലിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മത്സര രംഗത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത് വയനാട് ജില്ലയിലാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 21871 വാർഡുകളിലേക്കായി ഒരു ലക്ഷത്തോളം പേർ സ്ഥാനാർത്ഥികളായി രംഗത്തുണ്ടാകും.

941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണു തെരഞ്ഞെടുപ്പു നടക്കുന്നത്. രണ്ടു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് നവംബർ രണ്ടിനും അഞ്ചിനുമാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നവംബർ രണ്ടിന് വോട്ടെടുപ്പ് നടക്കും. നവംബർ 5 ന് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകൾ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവയാണ്.