- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തു ഭരണം ത്രിശങ്കുവിലായിടത്തു വിലപേശലും കുതിരക്കച്ചവടവും; സ്വതന്ത്രരും വിമതരും വിഐപികൾ; പണവും പദവിയും വാഗ്ദാനം; ബിജെപി പിന്തുണ മാത്രം സ്വീകരിക്കരുതെന്നു ലീഗ്
മലപ്പുറം: ഭരണം ത്രിശങ്കുവിലായ മലപ്പുറത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വിലപേശലും കുതിരക്കച്ചവടവും തകൃതിയായി നടക്കുന്നു. പതിനാല് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതെ ജനം വിധിയെഴുതിയത്. ഇവിടെങ്ങളിലെല്ലാം ഭരണം ഉറപ്പിക്കാനുള്ള നെതട്ടോട്ടത്തിലാണ് മുസ്ലിം ലീഗും ഇടതുമുന്നണിയും. വിമതരായും സ്വതന്
മലപ്പുറം: ഭരണം ത്രിശങ്കുവിലായ മലപ്പുറത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വിലപേശലും കുതിരക്കച്ചവടവും തകൃതിയായി നടക്കുന്നു. പതിനാല് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതെ ജനം വിധിയെഴുതിയത്. ഇവിടെങ്ങളിലെല്ലാം ഭരണം ഉറപ്പിക്കാനുള്ള നെതട്ടോട്ടത്തിലാണ് മുസ്ലിം ലീഗും ഇടതുമുന്നണിയും.
വിമതരായും സ്വതന്ത്രരായും വിജയിച്ചവർക്ക് വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇരുമുന്നണികളും രംഗത്തെത്തിയിരിക്കുന്നത്. ലീഗും കോൺഗ്രസും മുന്നണി ബന്ധം ഉപേക്ഷിച്ച സ്ഥലങ്ങളിൽ ഒരുമിച്ചു നിന്ന് ഭരണം പിടിക്കണമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിർദ്ദേശം.
എന്നാൽ ലീഗ് വിരോധം ഇളക്കി വിട്ട് വിജയം കരസ്ഥമാക്കിയ സാമ്പാർ മുന്നണികൾക്ക് ലീഗിനോടൊപ്പം കൂടുക പ്രയാസകരമാണ്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ലീഗ്-കോൺഗ്രസ് ചർച്ചയും സജീവമാണ്. വിജയിച്ച കോൺഗ്രസ് അംഗങ്ങളെ ഇടതിലേക്ക് എത്തിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്തെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഏറ്റവും വലിയ ഒറ്റകക്ഷി മുസ്ലിംലീഗ് തന്നെയാണെങ്കിലും ഒന്നോ രണ്ടോ സീറ്റിന് ഭരണം നഷ്ടമായത് പല പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ തിരിച്ചടിയായി. എന്നാൽ സ്വതന്ത്രരെയും വിമതരെയും കൊണ്ടുവരുന്നതോടെ ഇതി പരിഹരിക്കാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
പരപ്പനങ്ങാടി, തിരൂർ, കൊണ്ടോട്ടി നഗരസഭകളിലും എടപ്പറ്റ, തവനൂർ, പൊന്മള, ചോക്കാട്, കാളിക്കാവ്, വെട്ടത്തൂർ, കീഴുപറമ്പ്, എടയൂർ, മാറഞ്ചേരി, മക്കരപ്പറമ്പ്, മങ്കട, പെരുവള്ളൂർ, ഒഴൂർ, കരുവാരക്കുണ്ട് എന്നീ പഞ്ചായത്തുകളിലുമാണ് ഭരണം ആർക്കായിരിക്കുമെന്ന് തീരുമാനമാകാത്തത്. ഇവിടങ്ങളിലെല്ലാം സ്വതന്ത്രരുടെയോ ബിജെപിയുടെയോ നിലപാട് നിർണായകമാണ്. എന്നാൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് ഇരുമുന്നണികളും. അതേസമയം ചെയർമാൻ സ്ഥാനത്തേക്ക് ബിജെപിയുടെ വോട്ട് നിർണായകമാണെന്നതിനാൽ രഹസ്യ ചർച്ചകൾ ഇരുമുന്നണികളും നടത്തുന്നുണ്ട്. ബിജെപി പിന്തുണച്ചാൽ സ്വീകരിക്കേണ്ടന്നാണ് മുസ്ലിംലീഗിന്റെ തീരുമാനം.
ത്രിശങ്കുവിൽ നി്ൽക്കുന്ന സ്ഥലങ്ങളിൽ ബിജെപി അംഗം വോട്ടു ചെയ്താൽ ഭരണത്തിലേറാതെ സ്ഥാനം രാജിവച്ച് പ്രതിപക്ഷത്തിരിക്കാനുമാണ് ലീഗിന്റെ ഔദ്യോഗിക വൃത്തങ്ങളുടെ നിലപാട്. ബിജെപിയുടെ പിന്തുണ സ്വീകരിച്ച് ഭരണത്തിലേറിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമോ എന്ന ഭയമാണ് പിന്തുണ വേണ്ടെന്നുവയ്ക്കാൻ കാരണം. എന്നാൽ ഇടനിലക്കാർ മുഖേനയും രഹസ്യമായുമെല്ലാം ഇരുമുന്നണികളും ചർച്ചകൾ നടത്തുന്നുവെന്നതാണ് വസ്തുത.
അതേസമയം സ്വതന്ത്രർക്കും വിമതർക്കുമുൾപ്പെടെ മികച്ച വാഗ്ദാനങ്ങൾ നൽ്കി ഭരണം ഉറപ്പിക്കുകയാണ് ലക്ഷ്യം. സ്ഥാനമാനങ്ങൾ മുതൽ കോടികൾ വരെ മുന്നണികൾ ഇവർക്കായി വിലപേശുന്നുണ്ടെന്നാണ് അറിവ്. നാൽപത്തിയഞ്ച് സീറ്റുകളുള്ള പരപ്പനങ്ങാടി നഗരസഭയിൽ യു.ഡി.എഫിന് 20 സീറ്റും ജനകീയ വികസന മുന്നണിക്ക് 18 സീറ്റുമാണുള്ളത്. എന്നാൽ ബിജെപിക്ക് നാലുസീറ്റും മൂന്ന് സ്വതന്ത്രരും ഉണ്ടെന്നതാണ് ഇവിടത്തെ പ്രത്യേകത. സ്വതന്ത്രർ ആരെ പിന്തുണക്കുന്നു എന്നതും ബിജെപിയുടെ നിലപാടും ഇവിടത്തെ ഭരണത്തിൽ നിർണായകമാകും. തിരൂർ നഗരസഭയിലും ബിജെപിയുടെ നിലപാട് നിർണായകമാകും. 38ൽ 18 യു.ഡി.എഫും 19 എൽ.ഡി.എഫുമാണ്. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് നിർമ്മല കുട്ടികൃഷ്ണനാണ് വിജയിച്ച ഏക ബിജെപി അംഗം. ബിജെപി യു.ഡി.എഫിനെ പിന്തുണച്ചാൽ ഇരു മുന്നണികൾക്കും 19 വീതമാകും.ഇതോടെ ചെയർമാൻ സ്ഥാനത്തേക്ക് നറുക്കെടുക്കേണ്ടി വരും. എന്നാൽ ഇടതുമുന്നണിക്കൊപ്പമുള്ള 19ൽ 12 പേരും ഇടതുസ്വതന്ത്രരാണ്. മുൻ കെപിസിസി അംഗം വി.അബ്ദു റഹ്മാന്റെ നേതൃത്വത്തിലുള്ളവരാണിവർ. ഇതിനാൽ ബിജെപിയുടെ പിന്തുണ തേടാതെ ഇടതു സ്വതന്ത്രരെ യു.ഡി.എഫിൽ കൊണ്ടുവരാനുള്ള ശ്രമം മുസ്ലിംലീഗ് നടത്തുന്നുണ്ട്. എന്നാൽ വിജയിച്ച ഏക കോൺഗ്രസ് അംഗത്തെ യു.ഡി.എഫിൽ നിന്നും അടർത്തി മാറ്റി ഇടതുപാളയത്തിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അതേസമയം തിരൂരിലെ വിജയം അബ്ദു റഹ്മാന്റെ വിജയമാണെന്ന് മനസിലാക്കിയ ലീഗ് അബ്ദു റഹ്മാനെ ലീഗിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളും തുടങ്ങി. പരസ്പരം മുന്നണിയിൽ നിന്നും പുറത്തുപോയി മറുചേരിയിൽ ചേക്കേറിയെന്ന വാർത്ത നേതൃത്വം നിഷേധിക്കുമ്പോഴും ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്.
കൊണ്ടോട്ടി നഗരസഭ ലീഗും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടിയ സ്ഥലമായിരുന്നു. വിജയിച്ച ലീഗ് വിമതരെയും കോൺഗ്രസ് സ്ഥാനാർത്ഥികളെയും കൂട്ടി ഭരണം പിടിക്കാമെന്നതാണ് ഇവിടെ ലീഗിന്റെ പ്രതീക്ഷ. 40 സീറ്റുകളിൽ ഇടത്-കോൺഗ്രസ് കൂട്ടുകെട്ടിലുള്ള മതേതര മുന്നണിക്ക് 21 സീറ്റും മുസ്ലിംലീഗിന് 18ഉം എസ്.ഡി.പി.ഐക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. മുന്നണി ബന്ധം പുനഃസ്ഥാപിക്കുന്നതിനും വിമതരെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനും നേതൃത്വം ഇടപെട്ടിട്ടുണ്ട്. എന്നാൽ അവസരം പാഴാക്കാതെ മികച്ച സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള വിലപേശലാണ് ഇവിടെയും നടക്കുന്നത്. പഞ്ചായത്തുകളിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഇപ്പോഴും ആര് ഭരിക്കുമെന്ന വ്യക്തമായ ചിത്രം തെളിഞ്ഞിട്ടില്ല. ഈ മാസം പതിനെട്ടിനാണ് ചെയർമാൻ തെരഞ്ഞെടുപ്പ്.
ബിജെപിയും സ്വതന്ത്രരും ആരെയും പിന്തുണച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഒറ്റക്കക്ഷിക്കാകും ഭരിക്കാൻ സാധിക്കുക. ഇങ്ങനെ വന്നാൽ കൂടുതൽ നേട്ടം മുസ്ലിംലീഗിനായിരിക്കും. ലീഗും കോൺഗ്രസും എൽ.ഡി.എഫും ത്രികോണ മത്സരം നടന്ന ഒഴൂർ പഞ്ചായത്തിൽ കോൺഗ്രസ് വിജയിച്ച രണ്ടു സീറ്റുകൾ നിർണായകമായിരിക്കുന്നു. ഒഴൂരിനു പുറമെ ലീഗും കോൺഗ്രസും തർക്കം മറന്ന് ഒന്നിച്ചാൽ കീഴുപറമ്പ്, കരുവാരക്കുണ്ട്, പെരുവള്ളൂർ പഞ്ചായത്തുകളിലും ഭരണം ലഭിക്കും. പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തിനായുള്ള ചർച്ചകളാണ് ഇവിടെ നടക്കുന്നത്. അതേസമയം എടയൂർ, മാറഞ്ചേരി പഞ്ചായത്തുകളിൽ ബിജെപിയുടെ തീരുമാനമാണ് നിർണായകം. എടയൂരിൽ ആകെയുള്ള 19 സീറ്റുകളിൽ ഒമ്പത്‌വീതം സീറ്റാണ് ഇരുമുന്നണികൾക്കും. എന്നാൽ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്. മാറഞ്ചേരിയിൽ യു.ഡി.എഫ് 8, എൽ.ഡി.എഫ് 9, ബിജെപി രണ്ട് എന്നിങ്ങനെയാണ്. ചെയർമാൻ, പ്രസിഡന്റ് തരെഞ്ഞെടുപ്പ് വരെയും അതു കഴിഞ്ഞാലും വിലപേശൽ നീളാനാണ് സാധ്യത. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും എപ്പോൾ വേണമെങ്കിലും ചിത്രം മാറിമറിയാവുന്നതാണ്.