തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണകർത്താക്കൾ ആരെന്നുള്ള വിധിയെഴുത്തിന് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാവിലെ ഏഴു ജില്ലയിലെ ഒരു കോടി വോട്ടർമാർ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനായി പോളിങ് ബൂത്തിലേക്കു പോകും.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള ജില്ലകൾ അഞ്ചിനും പോളിങ് ബൂത്തിലെത്തും.

കൊട്ടിക്കലാശത്തോടെ ആവേശ്വോജ്വല സമാപനമാണു കഴിഞ്ഞ ദിവസം പരസ്യപ്രചാരണത്തിനുണ്ടായത്. ഇടതു-വലതു മുന്നണികളും ബിജെപിയും തങ്ങളുടെ ഇടമുറപ്പിക്കാൻ കടുത്ത മത്സരത്തിലാണെന്നത് പ്രചാരണത്തിന്റെ ചൂടും ചൂരും വർധിപ്പിച്ചു. പരസ്യ പ്രചാരണം അവസാനിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ നിശബ്ദ പ്രചാരണവുമായി സജീവമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനായി തെക്കൻ കേരളത്തിൽ 3 ജില്ലകളും വടക്കൻ കേരളത്തിലെ 4 ജില്ലകളുമാണ് ബൂത്തിലെത്തുന്നത്. തെരഞ്ഞെടുപ്പിന് വിപുലമായ ഒരുക്കങ്ങളാണ് കമ്മീഷൻ സജ്ജീകരിച്ചിരിക്കുന്നത്.

അതീവ പ്രശ്‌നബാധിത ബൂത്തുകളായി 1315 എണ്ണമാണ് കണക്കാക്കിയിട്ടുള്ളത്. ഇതിലധികവും ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലാണ്. ഇവിടങ്ങളിൽ പൊലീസ് സംവിധാനം ഉൾപ്പടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവയിൽ 1022 സ്ഥലങ്ങളിൽ വെബ് കാസ്റ്റിങ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും ഒരു ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും, ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ടിങ്ങിനായി മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നാളെ തെരെഞ്ഞെടുപ്പ് നടക്കുന്ന 7 ജില്ലകളിലായി 31,161 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. ഇതിൽ 15,848 പേർ സ്ത്രീ സ്ഥാനാർത്ഥികളാണ്.

വോട്ടർമാരുടെ എണ്ണത്തിലും സ്ത്രീകളാണ് മുന്നിൽ. 1,11,11,006 വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തുന്നുണ്ട്. ഇതിൽ 58,18,462 പേർ സ്ത്രീകളാണ്.

പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കപ്പുറം നാടിന്റെയാകെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പ്രചാരണരംഗത്ത് ചർച്ചയായത്. ഏഴ് ജില്ലയിലെ 9150 സ്ഥാനത്തേക്ക് 31,161 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഏഴ് ജില്ലാ പഞ്ചായത്തിലെ 152 സ്ഥാനത്തേക്ക് 582 പേരും 63 ബ്ലോക്ക് പഞ്ചായത്തിലെ 866 ഡിവിഷനിലേക്ക് 2844 പേരും 395 ഗ്രാമപഞ്ചായത്തിലെ 6794 വാർഡിലേക്ക് 22,788 പേരും 31 നഗരസഭയിലെ 1123 വാർഡിലേക്ക് 3632 പേരും നാല് കോർപറേഷനിലെ 285 വാർഡിലേക്ക് 1315 പേരുമാണ് സ്ഥാനാർത്ഥികളായി രംഗത്തുള്ളത്. നവംബർ അഞ്ചിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കും. നവംബർ മൂന്നിന് ഈ ജില്ലകളിൽ പരസ്യപ്രചാരണം സമാപിക്കും. നവംബർ ഏഴിനാണ് വോട്ടെണ്ണൽ.

അവസാന മണിക്കൂറിലും വോട്ടുറപ്പിക്കാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാർത്ഥികൾ. വീടുകൾ കയറിയിറങ്ങി വ്യക്തിബന്ധവും സൗഹൃദവും പുതുക്കുകയാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. കണ്ണൂരിൽ പരസ്യ പ്രചരണത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും നിശബ്ദ പ്രചരണത്തിൽ സജീവമാണ്. ഇതിനൊപ്പം ഇതുവരെയുള്ള അവലോകനങ്ങളും നാളെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള തീരുമാനമെടുക്കലുമൊക്കെയായി സജീവമാണ് പ്രവർത്തകർ. കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ നാളെ പോളിങ് ബൂത്തുകൾ സജീവമാകും.

നാളെ നടക്കുന്ന വോട്ടെടുപ്പിനുള്ള വോട്ടിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. 15096 ബൂത്തുകളിലേക്കുള്ള വോട്ടിങ്ങ് സാമഗ്രികളാണ് വിതരണം ചെയ്തത്. വോട്ടിങ് സാമഗ്രികൾ കൈപറ്റിയ ഉദ്യോഗസ്ഥർ വൈകുന്നേരത്തോടുകൂടി അതാത് പോളിങ് സ്റ്റേഷനിലെത്തും. രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെയാണു വോട്ട് ചെയ്യാൻ അവസരം.