കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ അധികാരമേറ്റിട്ട് ആഴ്ചകൾ മാത്രമെ പിന്നിട്ടിട്ടുള്ളു. അപ്പോഴേക്കും ജനപ്രതിനിധികളുടെ പരിശീലനത്തിന്റെ പേരിൽ വൻ അഴിമതി നടത്താൻ നീക്കവും ആരംഭിച്ചു.  തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പരിശീലനത്തിനായുള്ള സംഘാടനം സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചാണ് 'കില'അഴിമതിക്ക് കളമൊരുക്കിയിരിക്കുന്നത്.

പരിശീലനപരിപാടിയുടെ വിശദാംശങ്ങൾ അറിയിച്ചുകൊണ്ട് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് 'കില' ഡയറക്ടറുടെ പേരിലുള്ള കത്തുകൾ നൽകുന്നത് ഇത്തരം ഏജൻസിയുടെ ആളുകൾ നേരിട്ടാണ്. അതാത് തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ട് കത്തുകൊടുക്കാനുള്ള മര്യാദപോലും കാണിക്കാത്ത കില ഡയറക്ടറുടെ നടപടിയിൽ പുതുതായി സ്ഥാനമേറ്റ അധ്യക്ഷന്മാർ കടുത്ത പ്രതിഷേധത്തിലാണ്. തങ്ങൾ ഭരണം തുടങ്ങുന്നതിന് മുമ്പ് തന്നെ പരിശീലനത്തിന്റെ പേരിൽ വൻതുക അടിച്ചുമാറ്റാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് പഞ്ചായത്ത്ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നത്.

കോഴിക്കോട് ജില്ലയിൽ ജനപ്രതിനിധികളുടെ പരിശീലനത്തിനുള്ള സംഘാടത്തിനായി കില തെരഞ്ഞെടുത്തിരിക്കുന്നത് നഴ്‌സുമാർക്കും വിദേശത്ത് പഠനത്തിനും ജോലിക്കും പോകാൻ തയ്യാറെടുക്കുന്നവർക്കും ഇംഗ്‌ളീഷ് പരിജ്ഞാനത്തിന് പരിശീനം നൽകുന്ന താമരശ്ശേരി ആസ്ഥാനമായുള്ള സ്ഥാപനത്തെയാണ്. താമരശേരി രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫാദർ ജോസ് മുളകേപറമ്പിൽ ഡയറക്ടറായ എൽ ഡി എസ് ഓവർസീസ് എഡ്യൂക്കേഷൻ ആൻഡ് ഐ ഇ എൽ ടി എസ് എന്ന സ്ഥാപനത്തെയാണ് ജില്ലയിലെ ബ്‌ളോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ പരിശീലനത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

ഇവർ സെന്റർ ഫോർ ഓവറോൾ ഡവലപ്‌മെന്റ്, താമരശ്ശേരി എന്ന സ്ഥാപനമുണ്ടാക്കിയാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്ന കിലയുടെ പാനലിൽ എത്തപ്പെട്ടത്. വൻതുക ഈടാക്കി ഐ ഇ എൽ ടി എസ്, ടോഫൽ തുടങ്ങിയ ഇംഗ്ലീഷ് പരിജ്ഞാന കോഴ്‌സുകൾ നടത്തുന്ന ഇത്തരം ഏജൻസികളെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെ പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകാൻ തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. എല്ലാ ജില്ലകളിലും ഇത്തരത്തിൽ ഏജൻസികളെ പരിശീലനത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുകയാണ് കില അധികൃതർ. ഡിസംബർ മാസം ആദ്യ ആഴ്ചയിലാണ് ജില്ലാബ്‌ളോക്ക്ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുള്ള പരിശീലനപരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

കില എന്നറിയപ്പെടുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷന്റെ പ്രവർത്തനോദ്ദശ്യേം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ പരിശീലനപദ്ധതികൾ ആസൂത്രണം ചെയ്യകയും നടപ്പാക്കുകയുമെന്നതാണ്. ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ പദവിയിൽ അതിവിപുലമായ സംവിധാനങ്ങളുള്ള കിലയ്ക്ക് ജില്ലാതലങ്ങളിലും അതിന് താഴെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഡിനേറ്റർമാരും റിസോഴ്‌സ് പേഴ്‌സൺമാരുമുണ്ട്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഫാക്കൽട്ടികളുമുണ്ട്.

പരിശീലനപരിപാടികളുടെ ആസൂത്രണവും നടത്തിപ്പും ഇത്രയും കാലം കില നേരിട്ടാണ് നടപ്പിലാക്കിക്കോണ്ടിരുന്നത്. ഇതിന്റെ നിർവ്വഹണവും ഏകോപനവും അതാത് തദ്ദേശ സ്ഥാപനങ്ങളും അതിന്റ സെക്രട്ടറിമാരുമാണ് നടത്തുക. ഗ്രാമപഞ്ചായത്തുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതിനാവശ്യമായ ഓഫീസ് സംവിധാനങ്ങളും ഉദ്യോഗസ്ഥരും പശ്ചാത്തല സംവിധാനങ്ങളുമുണ്ട്. പരിശീലനപരിപാടികൾക്ക് ഇത്രയും കാലം ഇവയൊക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ വളരെ ആസൂത്രിതമായാണ് ഇത്തവണ കിലയുടെയും തദ്ദേദ്ദശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടയ്ക്ക് സ്വകാര്യ ഏജൻസികൾ കടന്നുവന്നിരിക്കുന്നത്.

എല്ലാ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ജില്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും ജനപ്രതിനിധികളുടെ പരിശീലനപരിപാടികൾക്ക് ആവശ്യമായ കോൺഫ്രറൻസ് ഹോളുകൾ, വീഡിയോ പ്രൊജക്ടറുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് സംവിധാനങ്ങൾ ഇവയെല്ലാം ഒരുക്കിയിട്ടുണ്ട്. സർക്കാർ കോടികൾ മുടക്കിയാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിൽ ഇവയെല്ലാം സജ്ജീകരിച്ചിരിക്കുന്നതും. ഇതൊന്നും ഉപയോഗിക്കാതെ പരിശീലനത്തിന്റെ പേരിൽ സ്വകാര്യ ഏജൻസികളെ വച്ച് കോടികൾ തട്ടാനുള്ള പദ്ധതിയാണ് കിലയുടെ തലപ്പത്തുള്ളവർ തയ്യറാക്കിയിരിക്കുന്നത്.