ആലപ്പുഴ: നടക്കാത്ത കാര്യങ്ങളാണെങ്കിലും നടത്തിത്തരാം എന്ന് വാഗ്ദാനം നൽകി പറ്റിക്കുന്നത് രാഷ്ട്രീയക്കാരുടെ സ്ഥിരം ശൈലിയാണ്. ഖദർധാരികളായ കോൺഗ്രസുകാരാണ് ഇക്കാര്യത്തിൽ മുന്നിലെന്ന് പറഞ്ഞാൽ അതിൽ അത്രയ്ക്ക് അതിശയോക്തിയില്ല. എന്നാൽ, ഇങ്ങനെ നിരന്തരം ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയക്കാർ കരുതിയിരിക്കുക. പൊതുജനം പ്രതികരിക്കാൻ അവസരം കാത്തിരിക്കയാണെന്ന്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ രാഷ്ട്രീയക്കാരെ നാണം കെടുത്തും വിധം തീരുമാനമെടുത്ത് ഭരണക്കാർക്ക് തിരിച്ചടി നൽകി. മുതുകുളം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ജനങ്ങളാണ് രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാൻ റോഡ് നിർമ്മാണം ജനകീയ കൂട്ടായ്മയിൽ നടത്തിയത്.

ഹരിപ്പാട് അസ്സംബ്ലി മണ്ഡലത്തിലെ മുതുകുളം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മായംമുറ്റം - ഇടത്തിട്ട റോഡാണ് നാട്ടുകാർ സ്വന്തം കൈയിൽ നിന്നും പണം മുടക്കി പുനർ നിർമ്മിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കണമെന്ന് കൂറേ നാളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്. എന്നാൽ, അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഇനിയും രാഷ്ട്രീയക്കാരിൽ പ്രതീക്ഷ അർപ്പിച്ചിരുന്നാൽ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര തുടരേണ്ടി വരുമെന്ന ബോധ്യത്തിലാണ് നാട്ടുകാർ ഇടപെട്ട് റോഡ് നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയത്.

സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണ് സംഭവം. റോഡിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ എംഎൽഎ ഓഫീസിലുമെത്തി നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ, റോഡിന്റെ ദുരവസ്ഥയെ കുറിച്ചുള്ള കാര്യം ഓഫീസിലുള്ളവർ അദ്ദേഹത്തെ ബോധിപ്പിച്ചില്ലെന്നം നാട്ടുകാർ പരാതി പറയുന്നു. എംഎൽഎയുടെ സ്വന്തം ആളുകൾ എന്നു പറയുന്നവർ നിവേദനത്തെ ഗൗരവമായി കാണാതെ വന്ന ഘട്ടത്തിലാണ് നാട്ടുകാർ പിരിവെടുത്ത് റോഡ് നിർമ്മിക്കാൻ ശ്രമിച്ചത്.

എംഎൽഎയെക്കാൾ ഉപരി ഈ വിഷയത്തിൽ ഇടപെടൽ നടത്തേണ്ടത് മുതുകളും പഞ്ചായത്ത് അധികൃതർ ആയിരുന്നു. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന ഭരണസമിതിയാകട്ടെ ഈ റോഡിനെ തീർത്തും അവഗണിച്ചുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്ത് ഭരണ സമിതിയോടും വാർഡ് മെംബറോടും പലതവണ അഭ്യർത്ഥിച്ചിട്ടും ഇവർ മുഖം തിരിച്ചു. ഇതേ ഗതികെട്ട് നാട്ടുകാരിൽ ചിലരാണ് പിരിവെടുത്ത് റോഡ് നിർമ്മിക്കാമെന്ന് ആശയം മുന്നോട്ടു വച്ചത്. രാഷ്ട്രീയക്കാർക്ക് നൽകാവുന്ന ഏറ്റവും നല്ല തിരിച്ചടിയും ഇതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു തീരുമാനം. പീന്നീട് കാര്യങ്ങളെല്ലാം അതിവേഗമായിരുന്നു.

പിരിവിനായി രംഗത്തിറങ്ങിയപ്പോൾ റോഡിന്റെ കാര്യത്തിനായതിനാൽ ആരും മടിച്ചു നിന്നില്ല. അത്യാവശ്യം തുക കൈയിൽ വന്നതോടെ റോഡ് നിർമ്മിക്കാനും നാട്ടുകാർ തന്നെയിറങ്ങി. അത്യാവശ്യം വിദഗ്ധ തൊഴിലാളികൾ ഒഴിച്ചാൽ റോഡിലെ കുഴിയിൽ മണ്ണിടാനും റ്റുമായി നാട്ടുകാർ തന്നെ രംഗത്തിറങ്ങി. ടിപ്പറിൽ മണ്ണുകൊണ്ട് വന്ന് വൻഗർത്തം രൂപംകൊണ്ട ഭാഗത്ത് നിറച്ചു. റോഡ് നന്നാക്കിയ ശേഷം രാഷ്ടീയക്കാർക്കുള്ള മറുപടിയെന്നോണം ഇതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാനും നാട്ടുകാരിൽ ചിലർ മറന്നില്ല. കോൺഗ്രസിൽ എ-ഐ ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലി നിലനിൽക്കുന്ന പഞ്ചായത്താണ് മുതുകുളം. അതുകൊണ്ട് കൂടിയാണ് റോഡിന്റെ കാര്യത്തിൽ അവഗണന ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.