- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ഭൂരിപക്ഷം പാർട്ടികളും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഉചിതമാകില്ലെന്ന് വിലയിരുത്തൽ; തിരഞ്ഞെടുപ്പിന് കോവിഡ് വ്യാപനം തടസ്സമല്ലെന്ന നിലപാടിൽ ബിജെപി; നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും എന്ന പ്രതീക്ഷയിൽ രാഷ്ട്രീയ കേരളം
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ധാരണയിലെത്തിയാൽ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും. ഇക്കാര്യത്തിൽ നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് ഉചിതമാകില്ല എന്നാണ് യുഡിഎഫ് നിലപാട്. ഇടത് മുന്നണിയിലും ഇതേ അഭിപ്രായം ഉയർന്നതോടെയാണ് സർവകക്ഷി യോഗത്തിൽ സമവായമുണ്ടാക്കി തെരഞ്ഞെടുപ്പ് നീട്ടാൻ സർക്കാർ നീക്കം നടത്തുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഇതിനോട് സർക്കാരിന് ആദ്യഘട്ടത്തിൽ എതിർപ്പായിരുന്നു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയാകാം എന്നാണ് പുതിയ നിലപാട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിച്ചാൽ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും
ജയിച്ചുവരുന്ന എംഎൽഎയ്ക്ക് പ്രവർത്തിക്കാൻ നാല് മാസം മാത്രമേ ലഭിക്കു എന്നതിനാൽ ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കണമെന്നാണ് പ്രധാന രാഷ്ട്രീയ കക്ഷികളുടെ ആവശ്യം. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആവശ്യം നിരാകരിക്കേണ്ടെന്ന തീരുമാനത്തിലാണ് നിലപാട് മാറ്റം. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ നാളെ ചേരുന്ന യോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. എല്ലാ രാഷ്ട്രീയ പാർട്ടികളും സമ്മതിച്ചാൽ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും.
വീഡിയോ കോൺഫറൻസിലൂടെയാണ് സർവകക്ഷി യോഗം ചേരുന്നത്. കുട്ടനാട്ടിലും ചവറയിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തിൽ ഏകാഭിപ്രായം രുപീകരിക്കുകയാണ് പ്രധാന ലക്ഷ്യം. എന്നാൽ ഉപതിരഞ്ഞെടുപ്പ് മാത്രമല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടി മാറ്റിവെയ്ക്കുകയാണെങ്കിൽ അനുകൂലിക്കാമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും മാറ്റിവെയ്ക്കണമെന്ന അഭിപ്രായത്തിനൊപ്പം ചേരാൻ സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന.ഇക്കാര്യത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികളോടും സർക്കാർ ചർച്ച നടത്തിയെന്നറിയുന്നു. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ഏക അഭിപ്രായമുണ്ടായാൽ അക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും.
തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 18 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും യോഗം വിളിച്ചിട്ടുണ്ട്. ഇവിടെ സർക്കാരും പ്രതിപക്ഷവും തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നു ഏകാഭിപ്രായത്തിലെത്തിയാൽ കമ്മിഷനും അനുകൂലിച്ചേക്കും. അതേസമയം, ഇക്കാര്യത്തിൽ ഇടഞ്ഞ് നിൽക്കുന്ന ബിജെപിയുടെ നിലപാടും നിർണായകമാകും. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്നുമാണ് ബിജെപി നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്. പ്രചാരണത്തിന് വെറും 15 ദിവസങ്ങൾ മതി. കോവിഡ് വ്യാപനം രൂക്ഷമാകുമെന്നതെല്ലാം പല കോണുകളിൽ നിന്ന് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ മാത്രമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയത്. അതേസമയം, കോവിഡ് വ്യാപനം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുംഎന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഈ മാസം 21ാം തിയ്യതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി. രോഗികൾ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും. പ്രായമുള്ളയാളുകളിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്റർ തികയാതെ വരുമെന്ന് കെകെ ശൈലജ പറഞ്ഞു. ഏത്ര രോഗികൾ വന്നാലും റോഡിൽ കിടക്കേണ്ടുന്ന അവസ്ഥയുണ്ടാകരുത്. കോളനികളിലേക്ക് രോഗം വരാതിരിക്കാൻ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണം. ആർക്കെങ്കിലും രോഗം വന്നാൽ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
വരാനിരിക്കുന്ന നാളുകൾ വന്നതിനെക്കാൾ കടുത്തതാണ്. ഇത്രയും നേരിട്ടവരാണ് നമ്മൾ. കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറെടുക്കണമെന്നും കെകെ ശൈലജ പറഞ്ഞു. അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും മരണനിരക്ക് കൂടുതലാണ്. ആ രീതിയിൽ സംസ്ഥാനത്തും രോഗികൾ മരിക്കുമായിരുന്നെങ്കിൽ പതിനായിരം കടക്കുമെന്നായിരുന്നു വിദഗ്ദ്ധർ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവർത്തനം കൊണ്ടാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആളുകൾ ഇടപെടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മറുനാടന് ഡെസ്ക്