- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി; ഒന്നാം ഘട്ടം ഡിസംബർ 8ന്, രണ്ടാം ഘട്ടം ഡിസംബർ 10ന്, മൂന്നാം ഘട്ടം ഡിസംബർ 14ന്; വോട്ടെണ്ണൽ 16ാം തീയ്യതി; ക്രിസ്മസിന് മുമ്പ് ഭരണസമിതികൾ അധികാരമേൽക്കും; കോവിഡ് ബാധിതർക്ക് തപാൽ വോട്ട് അനുവദിക്കും; മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വി ഭാസ്ക്കരൻ വാർത്താസമ്മേളനത്തിലാണ് തീയ്യതി പ്രഖ്യാപിച്ചത്. ഡിസംബർ 8,10,14 തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പു നടക്കുക.വോട്ടെണ്ണൽ ഡിസംബർ 16ാം തീയ്യതി നടക്കും. വോട്ടെടുപ്പു ഇവി എം ഉപയോഗിച്ചാകും. വോട്ടെടുപ്പു സമയം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു മണി വരെയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മൂന്നാം ഘട്ടത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പു തീയ്യതികളും ജില്ലകളും ഒറ്റനോട്ടത്തിൽ:
ഒന്നാം ഘട്ടം-ഡിസംബർ 8
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
രണ്ടാം ഘട്ടം-ഡിസംബർ 10
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
മൂന്നാം ഘട്ടം-ഡിസംബർ 14
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം
തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 31നകം പുതിയ ഭരണസമിതി നിലവിൽ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വി.ഭാസ്കരൻ വ്യക്തമാക്കി.
941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ, 87 മുനിസിപ്പാലിറ്റികളിലെ 3078 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ, ആറ് കോർപ്പറേഷനുകളിലെ 416 വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. അന്തിമ വോട്ടർപട്ടിക നവംബർ പത്തിന് പ്രസിദ്ധീകരിക്കും.
കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും പോസ്റ്റൽ വോട്ടിന് സൗകര്യം ഒരുക്കും. വോട്ടെടുപ്പിന് തലേദിവസം രോഗം വരുന്നവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കും. തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കുന്നതിനാൽ ഒരു മാസത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം വരും. ആവശ്യമെങ്കിൽ ക്വാറന്റീനിലുള്ളവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുന്ന കാര്യം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
നവംബർ 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം
മാതൃക പെരുമാറ്റച്ചട്ടം ഇന്നുമുതൽ നിലവിൽ വന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 19നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നംവംബർ 20ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 23നാണ്. ഡിസംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ ക്രിസ്തുമസിന് മുമ്പായി പുതിയ ഭരണസമിതികൾ നിലവിൽ വരും. തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടത്താനും ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളുടേയും സർക്കാരിന്റേയും അഭിപ്രായം ശേഖരിച്ചിരുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്ക്കരൻ പറഞ്ഞു .പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടിക ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചിരുന്നു. 2.72 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്.
1.29 കോടി പുരുഷന്മാരും 1.41 കോടി സ്ത്രീകളും 282 ട്രാൻസ്ജെൻഡേഴ്സും വോട്ടർ പട്ടികയിലുണ്ട്. ഈ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 27 മുതൽ നാല് ദിവസം അവസരം നൽകി. അവരെ കൂടി ചേർത്ത് നവംബർ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും.പോളിങ് സ്റ്റേഷനുകളിൽ ബ്രേക്ക് ദ ചെയിൻ പോളിസി നടപ്പാക്കും. പോളിങ് സ്റ്റേഷന് പുറത്ത് സാനിറ്റൈസർ വിതരണം ചെയ്യും. വോട്ടർമാരെ തിരിച്ചറിയാനായി പോളിങ് ഓഫീസർക്ക് മുന്നിൽ മാസ്ക് മാറ്റേണ്ടതാണ്.
പ്രചരണ ചെലവ് തുക ഉയർത്തി
സ്ഥാനാർത്ഥികൾ കെട്ടിവയ്ക്കേണ്ട തുക ഗ്രാമപഞ്ചായത്തുകളിൽ 1000, ബ്ലോക്ക്പഞ്ചായത്ത് 2000, ജില്ലാ പഞ്ചായത്ത് 3000, മുനിസിപ്പാലിറ്റി 2000, കോർപ്പറേഷൻ 3000 എന്നിങ്ങനെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുകയും ഉയർത്തി. ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും ജില്ലാ പഞ്ചായത്ത്-കോർപ്പറേഷനികളിൽ 1.5 ലക്ഷം രൂപയും ഇത്തവണ ചെലവഴിക്കാം. 34,744 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകളുടെ പരിശോധന നവംബർ പത്തിനകം പൂർത്തിയാക്കും.
മറുനാടന് മലയാളി ബ്യൂറോ