- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ; പുതിയ ഇളവുകൾ ഇല്ല; സർക്കാർ ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് ലോക്ക്ഡൗൺ ഈയാഴ്ച മാറ്റമില്ലാതെ തുടരും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 24നും 25നും (ശനിയും ഞായറും) സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.
ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണിൽ ഇളവു നൽകിയതിന് എതിരായ കേസിൽ സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ്. ഇളവു നൽകിയതിനെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി കൻവർ യാത്രാ കേസിൽ ഉത്തർപ്രദേശ് സർക്കാരിനു നൽകിയ നിർദേശങ്ങൾ കേരളത്തിനും ബാധകമാണെന്നു വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരും. നിലവിൽ അനുവദിച്ചിട്ടുള്ളവ അല്ലാതെ മറ്റ് ഒരു വിധത്തിലുള്ള ഇളവുകളും അനുവദിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശനിയും ഞായറും ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ക്ഡൗണിന് മുൻ ആഴ്ചയിലെ അതേ നിയന്ത്രണങ്ങളാവും ഉണ്ടാവുക. എല്ലാ ജില്ലകളിലെയും മൈക്രോ കണ്ടയ്ന്മെന്റ് സോണുകൾ കണ്ടെത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കലക്ടർമാർക്കു നിർദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ പല വിഭഗങ്ങളായി തിരിച്ചുള്ള നിയന്ത്രണത്തിനു പുറമെയാണിത്.
വെള്ളിയാഴ്ച സംസ്ഥാനത്ത് കൂട്ടപ്പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൂന്നു ലക്ഷം പരിശോധനയാണ് അന്നു നടത്തുക. ടിപിആർ പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകൾ കേന്ദ്രീകരിച്ചായിരിക്കും കൂട്ട പരിശോധനയെന്ന് ഉത്തരവിൽ പറയുന്നു.