തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യയിൽ കുറവില്ലാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി പ്രതീക്ഷിച്ചത് പോലെ കുറയാത്തതും കാരണം ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ സാധ്യത. ഇന്ന് 194 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ 22,318 പുതിയ കേസുകളും ഉണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 %. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ മലപ്പുറത്ത് നാലായിരത്തിന് അടുത്ത് രോഗികൾ ഇപ്പോഴുമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചന. ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെ എത്തിയതിനു ശേഷമാണ് മെയ്‌ 31 മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമെന്ന് സർക്കാർ അറിയിച്ചത്. തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂൺ 7 വരെ നീട്ടിയിരിക്കുയാണ്. കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, കേരളത്തിൽ ലോക്ഡൗണിൽ ഇളവുകൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. ഈ ഇളവുകൾ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലയ്ക്കു ബാധകമല്ല. മൊബൈൽ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാം. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകൾ, കണ്ണട വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ എന്നിവയ്ക്കു ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം.

ചകിരി ഉപയോഗിച്ചുള്ള കയർ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചൊവ്വ, ശനി ദിവസങ്ങളിൽ ഉപയോഗിക്കാം. വുമൺ ഹൈജീൻ സാധനങ്ങൾ വിൽപന സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങൾക്ക് അനുമതി നൽകി.