- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി ടിപിആർ നിരക്ക് നോക്കി പ്രാദേശിക ലോക്ഡൗൺ; ഡെൽറ്റാ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാൾ തുടരുമെന്ന തിരിച്ചറിവിലെ അൺലോക്ക്; ഇളവുകൾക്കിടയിലും വൈറസ് വ്യാപനം തടയാൻ കരുതലും നിരീക്ഷണവും സർക്കാർ തുടരും; ലോക്ഡൗൺ ഇളവുകൾ നൽകുന്നത് ജീവിത ദുരിതം മാറ്റാൻ
തിരുവനന്തപുരം: കേരളത്തിലെ ലോക്ഡൗണിൽ ഇനി ഇളവുകളുടെ കാലം. ലോക്ഡൗൺ നാളെ അർധരാത്രി അവസാനിച്ചശേഷമുള്ള നിയന്ത്രണങ്ങൾ കോവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ചു മേഖല തിരിച്ച് നിശ്ചയിക്കും. ഇന്ന് അന്തിമ തീരുമാനമെടുക്കും. ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം സസൂക്ഷ്മം നിരീക്ഷിച്ച് ഭാവിയിൽ ആവശ്യമായ മാറ്റങ്ങളും വരുത്തും. വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാൾ തുടരാം എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടിപിആർ 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ടിപിആർ 15 ശതമാനത്തിൽ താഴെയെത്തി. ആലപ്പുഴയും കോഴിക്കോട്ടും പത്തിൽ താഴെയാണ്. കഴിഞ്ഞ ഒരാഴ്ച ടിപിആറിൽ 10% കുറവുണ്ടായി. കേസുകൾ 20 % കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കേരളം എടുക്കുന്നത്.
സംസ്ഥാനമാകെ ഒരേ നിയന്ത്രണങ്ങളും പരിശോധനയും നടപ്പാക്കുന്നതിനു പകരമാകും പുതിയ സംവിധാനം. തദ്ദേശ സ്ഥാപനങ്ങളെ കോവിഡ് വ്യാപനത്തിന്റെ തോതു കണക്കാക്കി തരംതിരിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഇപ്പോഴും 35 ശതമാനത്തിൽ കൂടുതലുള്ള 14 തദ്ദേശസ്ഥാപനങ്ങളുണ്ട്. 28 35 % ടിപിആർ ഉള്ള 37 സ്ഥലങ്ങളും 21 28 % ഉള്ള 127 സ്ഥലങ്ങളുമുണ്ട്. ടിപിആർ കൂടുതലുള്ള ജില്ലകളിലെ തന്നെ ചില മേഖലകളിൽ വ്യാപന തോത് കുറവാണ്.
പരിശോധനയുടെയും നിരീക്ഷണത്തിന്റെയും പ്രാധാന്യം വിശദീകരിച്ചു പുതിയ ക്യാംപെയ്ൻ നടത്തും. വീടുകളിൽനിന്നാണു കൂടുതലായി കോവിഡ് പകരുന്നത് എന്നതിനാൽ ഇതു തടയാനുള്ള മാർഗങ്ങളും നടപ്പാക്കും.ലോക്ഡൗൺ പിൻവലിച്ചാലും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ എല്ലാവരും ജാഗ്രത കാട്ടണം. മറ്റൊരു ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളി വിടാതിരിക്കാൻ ഒത്തൊരുമിച്ചു ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകിയിട്ടുണ്ട്. ഡബ്ല്യു.എച്ച്.ഒയുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓൺലൈൻ റിപ്പോർട്ടിങ് പോർട്ടലിലൂടെയാണ് ഇനിമുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയൽ ടൈം എൻട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ മാർഗത്തിലൂടെയാക്കുന്നതിനാൽ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയും.
ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കൽ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓൺലൈൻ മെഡിക്കൽ ബുള്ളറ്റിൻ തയ്യാറാക്കേണ്ടത്. അവർ പോർട്ടലിൽ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം. ജില്ലാ സർവയലൻസ് ഓഫീസർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന കമ്മിറ്റി മാർഗനിർദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു.
ഇത് ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തിൽ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു. കോവിഡ് മരണമാണോയെന്ന് ജില്ലയിൽ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തിൽ റിപ്പോർട്ടിങ് സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോർട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ