ശ്രീകാകുളം: പാമ്പാട്ടികളുടെയും കുഷ്ഠരോഗികളുടെയും അന്ധവിശ്വാസികളുടെയും നാട് എന്ന പ്രചാരണത്തിൽ നിന്ന് ഇന്ത്യ മോചനം നേടിയിട്ട് എതാനും വർഷങ്ങളെ ആയിട്ടുള്ളൂ. കാളി പ്രീതിക്കായി പിഞ്ചുകുഞ്ഞിനെ ബലികൊടുക്കുന്നവരും, ജോത്സ്യന്റെ വാക്കുകേട്ട് കുഞ്ഞിനെ കൊല്ലുന്നവരുമായ കടുത്ത അന്ധവിശ്വാസികൾ വിദേശരാജ്യങ്ങളിലടക്കം ഇന്ത്യക്ക് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ഒരു ഭാഗത്ത് ഡിജറ്റൽ ഇന്ത്യയെക്കുറിച്ച് നാം സംസാരിക്കുമ്പോൾ തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഇന്ത്യയുടെ ഇമേജിന് ക്ഷീണമാകുന്നുണ്ട്. അതുപോലെ ഒരു ദേശീയ നാണക്കേടായ സംഭവമാണ് ഇപ്പോൾ ആന്ധ്രയിൽ നടക്കുന്നത്.

കോവിഡിനെ പേടിച്ച് ലോക രാജ്യങ്ങൾ ലോക്ഡൗൺ ചെയ്തത് മനസ്സിലാക്കാം. പക്ഷേ ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ വെണ്ണലവലസ ഗ്രാമം പിശാചിനെ പേടിച്ചാണ് സമ്പൂർണ്ണമായി അടച്ചിട്ടിരിക്കുന്നത്. ഈ ഒരാഴ്ചത്തെ ലോക്ഡൗൺ സമയത്ത് പ്രത്യേക പൂജകൾ നടത്തി പ്രേതത്തെ തുരത്തനാണാണ് ഗ്രാമ മൂപ്പന്മ്മാരുടെ തീരുമാനം. ഈ മാസം 17 മുതൽ 25 വരെയായി 8 ദിവസത്തെ സമ്പൂർണ്ണ അടച്ചിടൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കയാണ്.

മരണങ്ങൾക്ക് പിന്നിൽ പ്രേതങ്ങൾ

വെണ്ണലവലസ ഗ്രാമത്തിൽ ഒരു മാസംകൊണ്ട് ഗ്രാമത്തിലെ നാല് പേർ മരിച്ചിരുന്നു. നിഗൂഢമായ മരണത്തിന് പ്രേതബാധയാകാം കാരണം എന്ന് കരുതിയാണ് ഏട്ട് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പൊതുവെ പ്രേതബാധകൾക്ക് ഹോമം, മന്ത്രവാദം തുടങ്ങിയ നടപടികളാണ് പ്രയോഗിക്കാറുള്ളത്. എന്നാൽ ഗ്രാമം മൊത്തം അടച്ചിട്ടാണ് വെണ്ണലവലസ ഗ്രാമവാസികൾ 'പിശാചിനെ' നേരിടുന്നത്. ഇതോടെ ഗ്രാമത്തിലെ സർക്കാർ കെട്ടിടങ്ങൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകളെ തടയാൻ ഗ്രാമത്തിന് ചുറ്റും വേലി കെട്ടിയിട്ടുണ്ട്. ജീവനക്കാരെയും മെഡിക്കൽ സ്റ്റാഫിനെയും അദ്ധ്യാപകരെയും അനുവദിക്കാത്തതിനാൽ സ്‌കൂളും അങ്കണവാടികളും പോലും അടഞ്ഞ് കിടന്നു. ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം.

''ഞങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും അനുസരിച്ച് അമാവാസി ദിവസങ്ങളിൽ ഞങ്ങളുടെ ഗ്രാമത്തിൽ പ്രത്യേക ആചാരങ്ങൾ നടത്തണം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത് നടത്തിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ ഗ്രാമത്തിൽ കുറഞ്ഞത് നാല് പേരെങ്കിലും മരിച്ചു. അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏതെങ്കിലും തിന്മ ഈ ഗ്രാമത്തെ വേട്ടയാടുന്നതായി ഞങ്ങൾ സംശയിക്കുന്നു,'' -ഗ്രാമവാസിയായ സവര ഈശ്വരറാവു ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തോട് പ്രതികിരിച്ചു.

ഗ്രാമത്തിലെ ചിലർക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഗ്രാമത്തിലെ മൂപ്പന്മ്മാർ ഒഡീഷയിൽ നിന്നും അയൽപക്കത്തെ വിജയനഗരം ജില്ലയിൽ നിന്നുമുള്ള പുരോഹിതന്മാരുമായി ആലോചിച്ചാണ് ലോക്ക്ഡൗൺ നിർദ്ദേശിച്ചു. ലോക്ക്ഡൗൺ ദുരാത്മാക്കൾക്കെതിരെ പ്രവർത്തിക്കും എന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. വൈദികരുടെ ഉപദേശപ്രകാരം ഗ്രാമത്തിന്റെ നാല് ദിശകളിലും നാരകച്ചെടി നട്ടുപിടിപ്പിച്ചുട്ടുണ്ട്. ഇത് പിശാചിനെ തടയുമെന്നാണ് വിശ്വാസം. ഇവിടുത്തെ കോവിലുകളിൽ പ്രത്യേക പൂജയും നടക്കുന്നുണ്ട്. പുറത്തുനിന്നുള്ളവരെ ഇങ്ങോട്ട് കടത്തിവിടരുതന്നെും ഗ്രാമത്തിൽ താമസിക്കുന്നവർ വീടിന് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ മൂന്നു ദിവസം പിന്നിട്ടതോടെ ഇത് വലിയ വാർത്തയായി. ഇതോടെ സറുബുജില്ലി പൊലീസ് സബ് ഇൻസ്‌പെക്ടർ കൃഷ്ണപ്രസാദ് ഗ്രാമവാസികളുമായി സംസാരിച്ച് സ്‌കൂളും സർക്കാർ സ്ഥാപനങ്ങളും തുറക്കാൻ അനുവാദം വാങ്ങിയിട്ടുണ്ട്. താൽക്കാലികമായി സ്ഥാപിച്ച വേലികൾ മാറ്റിയിട്ടുണ്ട്. ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയും ഗ്രാമത്തിൽ പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഗ്രാമം സന്ദർശിച്ച് എസ്ഐ ഇങ്ങനെ പറഞ്ഞു- ''ഞങ്ങൾ അവരുടെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരല്ല. എന്നാൽ പുറത്തുനിന്നുള്ളവരെ, പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥരെ ഗ്രാമത്തിൽ പ്രവേശിക്കുന്നത് തടയുന്നത് കുറ്റകരമാണ്, ''-സബ് ഇൻസ്പെക്ടർ പറഞ്ഞു. ഇപ്പോൾ സർക്കാർ ജീവനക്കാരെ ഗ്രാമത്തിലേക്ക് കടത്തിവിടുന്നതിനായി താൽക്കാലിക ചെക്ക്‌പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. 'ഇത് വല്ലാത്ത ഒരു അവസ്ഥയാണ്. ഇത്തരം അന്ധവിശ്വാസങ്ങൾ അവർ ഉടൻ ഉപേക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,'- സബ് ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.

യഥാർഥത്തിൽ സംഭവിച്ചത്

പ്രേതത്തെ പേടിച്ച്, ലോക്ഡൗൺ പ്രഖ്യാപിച്ചത് രാജ്യാന്തര മാധ്യമങ്ങളിൽ വരെ വാർത്തയാതോടെ, സർക്കാറിന് വലിയ നാണക്കേടുമായി. ഇതോടെ യഥാർഥത്തിൽ ഇവിടെ സംഭവിച്ചത് എന്താണെന്ന് അറിയാൻ ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗ്രാമവാസികളിൽ ഭീതി ഉയർത്തിയ ഒരു ഗ്രാമത്തിൽ ഒരുമാസത്തിനുള്ളിൽ നാലുപേർ മരിച്ചത് എങ്ങനെ എന്നാണ് ഇവർ അന്വേഷിക്കുന്നത്. പക്ഷേ നാട്ടുകാർ സഹകരിക്കാത്തതും, ഹെൽത്ത് ഇൻസ്പെക്ടറെ അടക്കം ഗ്രാമത്തിലേക്ക് കടത്തിവിടാത്തതുമാണ് അന്വേഷണത്തിന് തടസ്സമാകുന്നത്.

എന്നാൽ ആന്ധ്രയിലെ യുക്തവാദി പ്രസ്സഥാനങ്ങളും ശാസ്ത്രാന്വേഷകരും ഈ വിഷയത്തിൽ പ്രാഥമികമായി പഠിച്ചിട്ടുണ്ട്. എഴുത്തുകാരനും ആക്റ്റീവിസ്റ്റുമായ ആർ ജെ ശ്രീനിവാസ ഇങ്ങനെ പ്രതികരിക്കുന്നു. '' വിദ്യാഭ്യാസം വളരെ കുറവുള്ളവരും പാരമ്പര്യമായി തനി അന്ധവിശ്വാസികളുമായി ജീവിക്കുന്ന, ഒരു വിഭാഗമാണ് ഒഡീഷ അതിർത്തിയായ ആ ഭാഗത്തുള്ളത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശം കൂടിയാണ്. ആറായിരത്തോളം പേർ വസിക്കുന്നതായി പ്രാഥമികമായി കരുതുന്ന ഒരു ഗ്രാമത്തിലാണ് ഒരു മാസത്തിനെ നാലുപേർ മരിച്ചത്. ഇത് തീർത്തും അസ്വാഭാവികമല്ല. ഇനി മരിച്ചവർ ഒക്കെയും 50 വയസ്സിന് മുകളിൽ പ്രായം ഉള്ളവരാണ്. കുഴഞ്ഞു വീണ് മരിച്ച മൂന്നുപേർക്കും ഹൃദ്രോഗം ആണെന്നാണ് പ്രാഥമിക നിഗമനം. ഒരാൾക്ക് സ്ട്രോക്ക് വന്നതായാണ് കണക്കാക്കുന്നത്. ഇത് ഏത് ജനതയിലും സാധാരണമായ രോഗമാണ്. അതിന് നല്ല ചികിത്സയാണ് വേണ്ടത്. ഈ ഗ്രാമീണരുടെ ജീവിതശൈലി, ഭക്ഷണ ക്രമം എന്നിവയൊക്കെ പരിശോധിക്കണം. പക്ഷേ അതിന്പകരം ഇതെല്ലാം പിശാച് മൂലമാണ് ഉണ്ടാവുന്നതെന്ന് വിശ്വസിക്കുന്നത് അസംബന്ധമാണ് ''- ഇതുസംബന്ധിച്ച് ശ്രീകാകുളത്ത് ഒരു വാർത്താ സമ്മേളനം വിളച്ചാണ് ശ്രീനിവാസ പ്രതികരിച്ചത്.

ഈ ഗ്രാമത്തിന്റെ പൊതു അവസ്ഥവെച്ച് അവിടെ ഒരു മരണം നടന്നാൽ പോസ്റ്റുമോർട്ടം നടത്തുന്ന അവസ്ഥപോലും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ മരണകാരണം കണ്ടുപിടിക്കാൻ കഴിയാറുമില്ല. എന്നിരുന്നാലും ഒരു മാസത്തിൽ നാല് മരണങ്ങൾ ഉണ്ടായി എന്നല്ലാതെ, അടിക്കടി മരണങ്ങൾ നടക്കുന്ന സ്ഥലമല്ല ഇതെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.