തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാർഗനിർദ്ദേശങ്ങളും ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്‌ഷോപ്പുകളും തുറക്കാം.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേരം
 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറിമാത്രമേ പാടുള്ളൂ. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും. പൊതുഗതാഗതം പൂർണമായും ഇല്ല. അന്തർ ജില്ലാ യാത്രകൾ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടാകും.

അവശ്യ സർവ്വീസിലുള്ള ഓഫീസുകൾ മാത്രം പ്രവർത്തിക്കും. ആശുപത്രി വാക്‌സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല. വിവാഹച്ചടങ്ങുകളിൽ പരമാവധി 30 പേരെ മാത്രം പങ്കെടുപ്പിക്കാം, മരണാനന്തര ചടങ്ങിൽ 20 ആളുകൾ മാത്രം. ആരാധാനലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കരുത് എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കൃഷി, ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകൾക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ.

സായുധസേനാ വിഭാഗം, ട്രഷറി, സി. എൻ. ജി, എൽ. പി, ജി, പി. എൻ. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, എൻ. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും.

ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐ. ടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പൊലീസ്, എക്സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും.

ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കും. റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്സ്യം, ഇറച്ചി വിൽപന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം. എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം. മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡി ടി എച്ച് എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്. അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം. റോഡ്, ജലഗതാഗത സർവീസുകൾ ഉണ്ടാവില്ല. മെട്രോ ട്രെയിനും സർവീസ് നടത്തില്ല. ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല. എല്ലാവിധ വിദ്യാഭ്യാസ, കോച്ചിങ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം. കോവിഡ് 19 പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം.

*ഐടി, ഐടി അനുബന്ധസ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാം

*അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്‌സി ഉപയോഗിക്കാം.

*സ്വകാര്യവാഹനങ്ങൾ അവശ്യവസ്തുക്കളും മരുന്നും വാങ്ങാൻ മാത്രം പുറത്തിറക്കാം

*ഹോംനഴ്‌സുമാർക്കും വീട്ടുജോലിക്കാർക്കും ജോലി സ്ഥലങ്ങളിലേക്ക് പോകാം.

*ഇലക്ട്രിക്കൽ, പ്ലമിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസമില്ല.

*മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക് തടസമില്ല

*നിർമ്മാണമേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം

*തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം.

അവശ്യവസ്തുക്കൾ, മരുന്ന് എന്നിവ വാങ്ങാനും ഉത്തരവിൽ അനുവദനീയമെന്ന് പറയുന്ന കാര്യങ്ങൾക്കും മാത്രമേ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാവൂ. കോവിഡ് വാക്സിനേഷൻ എടുക്കാൻ സ്വകാര്യ വാഹനങ്ങളിൽ പോകാ(വാക്സിനേഷൻ രജിസ്ട്രേഷൻ കാണിക്കണം)വുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നോ രാജ്യങ്ങളിൽനിന്നോ റെയിൽവേ സ്റ്റേഷനിലോ വിമാനത്താവളത്തിലോ എത്തുന്നവർക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം.

ഇളവുകൾ അനുവദനീയമായ സ്ഥാപനങ്ങളും തൊഴിലാളികളും കോവിഡ് 19-ന് എതിരായ മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. കൂടാതെ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പാലിക്കണം.

നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് സെക്ടറൽ മജിസ്ട്രേട്ടുമാരെയും ഇൻസിഡന്റ് കമാൻഡർമാരെയും നിയോഗിക്കാം. ഓരോ മേഖലയിലും ഈ നിയന്ത്രണങ്ങൾ ശരിയായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഇൻസിഡന്റ് കമാൻഡർമാർക്കാണ്.

ജനങ്ങളുടെ യാത്രകളെ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് നിയന്ത്രണങ്ങളെന്നും അവശ്യവസ്തുക്കളുടെ നീക്കത്തിനെ ഇത് ബാധിക്കരുതെന്നും നിയന്ത്രണം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.

ആശുപത്രി സൗകര്യങ്ങൾ ഒരുക്കുന്നതിനും ജീവനക്കാരുടെ യാത്ര, സാധനങ്ങൾ എത്തിക്കൽ, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്ക് തടസ്സമുണ്ടാകുന്നില്ലെന്ന് ഇൻസിഡന്റ് ഓഫീസർമാർ പ്രത്യേകം ഉറപ്പുവരുത്തണം.