- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴത്തെ നിലയിൽ കർശന ലോക്ക്ഡൗൺ തുടർന്നാൽ പൊതുജനം സർക്കാറിന് എതിരാകും; ദിവസക്കൂലിക്കാർ അടക്കമുള്ളവർ കടുത്ത ദുരിതത്തിൽ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് പരിഗണിച്ച് കാര്യമായ ഇളവുകൾ ആലോചിച്ച് സർക്കാർ; ഓട്ടോറിക്ഷ, ടാക്സി സർവീസുകൾ അനുവദിച്ചേക്കും; വർക്ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കാനും നീക്കം
തിരുവനന്തപുരം: കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തെ ഇപ്പോഴത്തെ ലോക്ക്ഡൗണിൽ വീർപ്പുമുട്ടിയിരിക്കയാണ് പൊതുജനം. ജീവിതപ്രാരാബ്ധങ്ങൾ തന്നെയാണ് ലോക്ക്ഡൗണിന് എതിരായ വികാരം ഉണ്ടാകാൻ കാരണവും. ദിവസക്കൂലിക്കാരും ബിസിനസുകാരും അടക്കമുള്ളവർ കടുത്ത ദുരിതത്തിലാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിലയിൽ കർശന ലോക്ക്ഡൗൺ തുടർന്നാൽ പൊതുജനം സർക്കാറിന് എതിരാകും. അതുകൊണ്ട് തന്നെ സമ്പൂർണ ലോക്ക്ഡൗണിന് വിരാമം ആകുന്നതോടെ പുതിയ ഇളവുകളെ കുറിച്ച് സർക്കാർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
നേരത്തേ പ്രഖ്യാപിച്ചിരുന്ന പതിവു നിയന്ത്രണങ്ങൾ ഇന്നു മുതൽ ബുധൻ വരെ തുടരും. ലോക്ഡൗൺ പിൻവലിക്കണമോ ഇളവുകളോടെ തുടരണമോയെന്ന ഇന്നത്തെ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ തുടരാനാണു സാധ്യത. അതേസമയം കൂടുതൽ ഇളവുകൾ നൽകിയേക്കും. നിലവിലെ സാഹചര്യത്തിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. ഇന്നുമുതൽ ഹോട്ടലുകളിലെത്തി പാഴ്സൽ വാങ്ങാൻ അനുമതിയുണ്ട്. അവശ്യസാധന കടകൾ രാവിലെ 7 മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ഇന്നു മുതൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു കെഎസ്ആർടിസി ദീർഘദൂര സർവീസുകളുമുണ്ടാകും.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഈ ആഴ്ച 10 ശതമാനത്തിൽ എത്തുമെന്നും ലോക്ഡൗണിൽ കാര്യമായ ഇളവുകൾ നൽകാമെന്നും സർക്കാരിന്റെ വിലയിരുത്തുന്നത്. നിലവിൽ 16 വരെയാണ് ലോക്ഡൗൺ. ഓട്ടോറിക്ഷ, ടാക്സി സർവീസുകൾ അനുവദിച്ചും വർക്ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുവദിച്ചും ഇളവുകൾ നൽകും. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നിർമ്മാണ മേഖല ഉൾപ്പെടെ ലോക്ഡൗണിൽനിന്ന് ഇളവു ചെയ്യുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. കടുത്ത ജനരോഷം സർക്കാറിനെതിരെ തിരിയുന്ന സാഹചര്യത്തിലാണ് ഇളവുകൾ കൂട്ടുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ തുടരുന്നതിനാൽ നിത്യജീവിതത്തിലെ പ്രശ്നങ്ങളും വരുമാനമില്ലായ്മയും ജനങ്ങളിൽ ഉത്കണ്ഠ വർധിപ്പിക്കുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. ഡോക്ടർമാരുടെ സംഘടനകൾ ടിപിആർ 5 ശതമാനത്തിൽ എത്തുന്നതുവരെ ലോക്ഡൗൺ തുടരണമെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാൽ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ അതുവരെ കാത്തിരിക്കാനാവില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം.
ഒന്നാം തരംഗത്തിൽ ഒരാളിൽനിന്നു പരമാവധി 3 പേരിലേക്കു വൈറസ് വ്യാപിച്ചിരുന്നെങ്കിൽ ഇപ്പോൾ പടരുന്ന ഡെൽറ്റ വൈറസ് 5 മുതൽ 10 പേരിലേക്കാണു പകരുന്നത്. ഇപ്പോൾ ഇത് അഞ്ചിൽ താഴെ ആളുകളിലേക്കു കുറഞ്ഞു.ജൂലൈ ആദ്യവാരത്തോടെ ഇതു പരമാവധി 3 പേരിലേക്കു പടരുന്ന സ്ഥിതിയിൽ എത്തുമെന്നാണു കണക്കുകൂട്ടൽ. സമ്പൂർണ ലോക്ഡൗണിന്റെ ആദ്യദിനം നിയന്ത്രണങ്ങൾ ലംഘിച്ചതിന് 5346 പേർക്കെതിരെ കേസെടുത്തു. 2003 പേർ അറസ്റ്റിലായി. 3645 വാഹനങ്ങൾ പിടിച്ചെടുത്തു. അവശ്യ മേഖലകളിലും ആരോഗ്യരംഗത്തും പ്രവർത്തിക്കുന്നവർക്കു മാത്രമായിരുന്നു ഇളവ്.
മറുനാടന് മലയാളി ബ്യൂറോ