- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ ഇനി നീട്ടിയാൽ കൂടുതൽ ജീവിത തകർച്ചയ്ക്കും ആത്മഹത്യയ്ക്കും ഇടയാക്കും; സാധാരണക്കാരുടെ ജീവിതം മുന്നോട്ട് പോകണം; ലോക്ഡൗൺ നീട്ടണമെന്ന് പറയുന്നവർ പരിഹാരവും നിർദ്ദേശിക്കണം; മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി ഷിബു ബേബി ജോൺ
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ലോക്ഡൗൺ ഇനിയും നീട്ടരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. ലോക്ഡൗൺ നീട്ടണമെന്ന് വാദിക്കുന്ന അധികൃതർ സാധാരണക്കാരുടെ ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് കൂടി പറഞ്ഞുതരണം. ലോക്ഡൗൺ നീട്ടി കൂടുതൽ ജീവിതത്തകർച്ചയ്ക്കും ആത്മഹത്യക്കും ഇടയുണ്ടാക്കരുതെന്നും ഷിബു ബേബി ജോൺ ഫേസ്‌ബുക്ക് വീഡിയോയിൽ പറയുന്നു.
ലോക്ഡൗൺ മുപ്പത് വരെ നീട്ടണം എന്ന രീതിയിൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ സാഹചര്യത്തിൽ ലോക്ഡൗണ് നീട്ടണമെന്ന വാദിക്കുന്നവരുണ്ട്. കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഒന്നരവർഷം പിന്നിടുന്നു. കോവിഡ് വ്യാപനം തടയാൻ ലോകരാജ്യങ്ങൾ പല പരീക്ഷണങ്ങൾ നടത്തി. ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളുണ്ട്. പ്രഖ്യാപിക്കാത്ത രാജ്യങ്ങളുണ്ട്. ലോക്ഡൗൺ എത്രത്തോളം ഫലപ്രദമെന്ന് യഥാർത്ഥത്തിൽ ചിന്തിക്കേണ്ടതുണ്ട്.
കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ യഥാർത്ഥ പരിഹാരമല്ല. ആകെയുള്ള ഗുണം ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ കൂടുതൽ സമയം ലഭിക്കും എന്നത് മാത്രമാണ്. രോഗബാധിതരായി ഒരുമിച്ച് കൂടുതൽ രോഗികൾ വരുമ്പോൾ ആശുപത്രികളിൽ ഉണ്ടാകുന്ന ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത അടക്കമുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കും എന്നതൊഴിച്ചാൽ കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നില്ല. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒന്നാം തരംഗത്തിന്റെയും രണ്ടാം തരംഗത്തിന്റെയും ഘട്ടങ്ങളിൽ ആരോഗ്യ രംഗത്ത് എന്ത് മാറ്റങ്ങൾ വരുത്താൻ സാധിച്ചു എന്നതും പരിശോധിക്കണം.
കോവിഡ് മഹാമാരിയെ പൂർണമായി ഇല്ലാതാക്കാൻ ലോക്ഡൗൺ ഫലപ്രദമായ മാർഗമല്ല. കോവിഡ് വാക്‌സിനേഷൻ വർദ്ധിപ്പിച്ച് പരമാവധി രോഗവ്യാപനം കുറയ്ക്കുകയാണ് വേണ്ടത്. കോവിഡ് വാക്‌സിനേഷനിൽ കടുത്ത അലംഭാവമാണ് കേന്ദ്രസർക്കാർ കാണിച്ചത്. വിദേശ വാക്‌സിനുകൾ നേടുവാൻ തുടക്കത്തിൽ ശ്രമിച്ചിരുന്നുവെങ്കിൽ വാക്‌സിൻ ക്ഷാമം നേരിടേണ്ടി വരുമായിരുന്നില്ല. കേരളത്തിൽ വാക്‌സിനേഷൻ ഫലപ്രദമായി നടന്നിരുന്നുവെങ്കിൽ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമായിരുന്നു. ഹോസ്പിറ്റലൈസേഷൻ കുറയ്യാൻ സാധിക്കുമായിരുന്നു. ഒരു വശത്ത് വാക്‌സിനേഷൻ ത്വരിതപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുവാനാണ് ശ്രമിക്കേണ്ടത്.
വീണ്ടും ലോക്ഡൗൺ നീട്ടുന്ന കാര്യം പരിഗണിക്കുമ്പോൾ, സമൂഹത്തിൽ ജീവിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ പ്രതിസന്ധി കാണാതെ പോകാൻ പാടില്ല. സർക്കാർ ജീവനക്കാരെയും നാഷണലൈസ്ഡ് ബാങ്ക് ജീവനക്കാരെയും ഒഴിച്ച് നിർത്തിയാൽ ബാക്കി സമസ്ത മേഖലയിലേയും ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ച നിലയിലാണ്. സംഘടിത - അസംഘടിത മേഖലയിലേയോ, ചെറുകിട കച്ചവടക്കാരോ, വൻകിട കച്ചവടക്കാരോ, എല്ലാം വിഭാഗങ്ങളിലും പ്രതിസന്ധി പ്രകടനമാണ്. ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ച അവസ്ഥയിൽ കൂടുതൽ നിയന്ത്രണങ്ങളിലൂടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകകാണ്. അസംഘടിത മേഖലയിൽ കൂലിവേലയ്ക്ക് പോകാൻ കഴിയാതെ, ഓട്ടോറിക്ഷ ഓടിക്കാൻ കഴിയാതെ, മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താനും വിപണനം നടത്താനും കഴിയാതെ വളരെ ദയനീയമായ സാഹചര്യമാണ് നിലവിൽ ഉള്ളത്.
മറ്റ് രാജ്യങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമ്പോൾ അവിടുത്തെ ജനങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള സാഹചര്യങ്ങൾ അതത് ഭരണകൂടം ഒരുക്കാറുണ്ട്. ഇവിടെ കേരളത്തിൽ ഒരു കിറ്റ് കൊടുത്തതുകൊണ്ട് ജനങ്ങളുടെ ജീവിതം നിലനിർത്താൻ കഴിയുമെന്ന മിഥ്യാധാരണയാണ് ഉള്ളത്. ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നത് അടക്കമുള്ള സർക്കാർ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ദിവസം ഉണ്ടായി. കഴിഞ്ഞ വർഷം ജൂണിൽ സ്‌കൂൾ തുറക്കേണ്ടി വന്ന സാഹചര്യത്തിൽ തുടങ്ങിയ ഓൺലൈൻ പഠനം ഒരു വർഷം പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും ഇതുവരെ അതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൽ ഒരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് കേവലം നാല് ദിവസംകൊണ്ട് സാധിക്കുമെന്ന പറഞ്ഞത് മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ചില സ്ഥലങ്ങളിൽ റേഞ്ച് കുറവാണ്. അല്ലെങ്കിൽ ഓൺലൈൻ സൗകര്യം തന്നെ കുറവായിരിക്കും. ഒരു വീട്ടിൽ ഒന്നിലേറെ കുട്ടികൾ പഠിക്കാനുള്ള സാഹചര്യത്തിൽ അവരുടെ കൈവശം ആകെയുള്ളത് ഒരു ഫോൺ മാത്രമായിരിക്കും. ഇവർ എങ്ങനെ പഠനം മുന്നോട്ട് കൊണ്ടുപോകും എന്നത് ചിന്തിക്കേണ്ടതുണ്ട്. സാധാരണക്കാരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്. ഇതിൽ സർക്കാർ കാര്യക്ഷമമായി ഇടപെടണം.
ന്യൂസ് ഡെസ്ക്