ആറ്റിങ്ങൽ: പൊലീസിന്റെ മൂന്നാംമുറയിൽ ഗുരുതരമായി പരിക്കേറ്റ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കഴിയുന്ന ആറ്റിങ്ങൽ കൊട്ടിയോട് മോളി കോട്ടേജിൽ ആർ.എസ്.പ്രദീഷും കുടുംബവും ആകെ അങ്കലാപ്പിലാണ്. ഗൾഫ് മോഹവുമായി ചതിക്കപ്പെട്ട പ്രദീഷിനും കുടുംബത്തിനും തിരിച്ചടിയാണ് ഈ സംഭവം.

നാലു ദിവസമാണ് കേസ് ചാർജു ചെയ്യാതെ മൂവാറ്റുപുഴ സ്റ്റേഷനിൽ പ്രദീഷിനെ നിറുത്തി മർദ്ദിച്ചത്. വലതുകാൽ ചവിട്ടി ഒടിച്ചു. ദേഹമാസകലം തല്ലിച്ചതച്ചു. ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാൻ നഗ്‌നനാക്കി ശരീരത്തിൽ മുളക് അരച്ച് പുരട്ടി. ഒടുവിൽ കള്ളനല്ലെന്ന് കണ്ടെത്തിയപ്പോൾ വിട്ടയച്ചു. അപ്പോഴേക്കും ഈ യുവാവിന്റെ ആരോഗ്യം തകർന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡി. ജി. പിക്കും മനുഷ്യാവകാശ കമ്മിഷനും രേഖാമൂലം പരാതി നൽകിയിരിക്കുകയാണ് മുപ്പത്താറുകാരനായ പ്രതീഷ്.

ബന്ധുവീട്ടിൽ വാടകയ്ക്കാണ് താമസം. ഇനി ജോലിയെടുക്കാൻ കഴിയുമോ എന്നുപോലും നിശ്ചയമില്ലാത്ത പ്രദീഷിന്റെ മുന്നിൽ മൂന്നു പേരുണ്ട്. ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളും. രണ്ടാം ക്‌ളാസിലും ഒന്നാം ക്‌ളാസിലും പഠിക്കുന്ന ആ കുരുന്നുകൾക്കു മുന്നിൽ പ്രദീഷിന്റെ ഹൃദയം തേങ്ങുകയാണ്. കുടുംബം പുലർത്താൻ അറിയാവുന്ന തൊഴിലെടുത്ത് ജീവിക്കണം. അതായിരുന്നു പീദീഷിനെ മുന്നോട്ടു നയിച്ചത്. ഇനി അതിനു കഴിയുമെന്ന് തോന്നുന്നില്ല.

കടം വാങ്ങിയ പണവുമായി ഗൾഫിലെത്തിയെങ്കിലും ശ്വാസംമുട്ടലും നടുവേദനയും പിടിമുറുക്കി. ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പോകാൻ വേണ്ടി ചെലവായ തുകയുടെ കടം പ്രദീഷിനെ അലട്ടി. നാട്ടിലെത്തി ഒരു വർഷമായിട്ടും കടങ്ങൾ വീട്ടാൻ കഴിഞ്ഞില്ല. അറിയാവുന്ന തയ്യൽ പണി ചെയ്തു ദിവസങ്ങൾ തള്ളിനീക്കി. കൂടുതൽ കൂലി കിട്ടുന്ന ഏതെങ്കിലും കടയിലേക്ക് മാറണം എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് തുന്നൽക്കാരെ ആവശ്യമുണ്ടെന്ന പരസ്യം പത്രത്തിൽ കണ്ടത്. അങ്ങനെ കഴിഞ്ഞ മാസം 22 ന് വാഴക്കുളത്തെ തയ്യൽ കടയിൽ ജോലിക്കെത്തി. 23 ന് ജേലിക്ക് കയറി. കട ഉടമയുടെ ആനിക്കാട്ടുള്ള വീട്ടിലാണ് താമസ സൗകര്യം ഒരുക്കിത്തന്നത്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അടുത്തുള്ള വീട്ടിൽ മോഷണം നടന്നു. അപരിചിതനായ പ്രദീപിലേക്ക് സംശയം എത്തി. 26 ന് പകൽ ചിലർ കടയിലെത്തി പുതുതായി ജോലിക്കുവന്നതാരെന്നു തിരക്കി. പ്രദീഷിനെ പരിചയപ്പെട്ടു. സ്ഥലവും മറ്റും ചോദിച്ചു. അന്നു രാത്രി പണികഴിഞ്ഞ് കടയിൽ നിന്നും താമസ സ്ഥലത്തേയ്ക്കു പോകാൻ ഇറങ്ങവേ ഇതേ സംഘം എത്തി പിടികൂടി കാറിൽ കയറ്റി കൊണ്ടുപോയി. കാര്യമറിയാതെ കുഴഞ്ഞ പ്രദീഷിനെ മൂവാറ്റുപുഴ സ്റ്റേഷനിൽ എത്തിച്ചു. അടിയും തുടങ്ങി. തെറ്റു ചെയ്ത പൊലീസുകാരെ സർക്കാർ സസ്‌പെന്റെ ചെയ്തു. പക്ഷേ പ്രദീഷിന്റെ ആരോഗ്യം തകർന്നു.

പൊലീസ് മർദ്ദനത്തെ കുറിച്ച് പരാതിപ്പെട്ടാൽ കള്ളക്കേസിൽ അകത്താക്കുമെന്നായിരുന്നു ഭീഷണി. മൂവാറ്റുപഴ ആശുപത്രിയിൽ കിടക്കുമ്പോഴാണ് വന്ന് വിരട്ടിയത്. ഭയന്നുപോയ പ്രദീഷ് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആംബുലൻസ് പിടിച്ച് തിരുവനന്തപുരം മെഡിക്കൽ കാേളേജിലേക്ക് പോരുകയായിരുന്നു പ്രദീഷ് പറയുന്നു.