തിരുവനന്തപുരം: ഒരാഴ്‌ച്ചത്തെ ലോക്ക്ഡൗണിന് ശേഷം ട്രിപിൾ ലോക്ക്ഡൗണിലേയ്ക്ക് കടക്കുന്ന തിരുവനന്തപുരം ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കൊല്ലത്തും സമാനമാണ് അവസ്ഥ. തിരുവനന്തപുരത്ത് ഐസിയു ബഡുകൾ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി , പാലക്കാട് ജില്ലകളിൽ കിടക്കകളുടെ ക്ഷാമമുണ്ടായേക്കാമെന്നും കരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്. കോട്ടയത്തും നിരക്കുയരാം.

എന്നാൽ സംസ്ഥാനത്തുടനീളമുള്ള കണക്കുകളിൽ കുറവ് വരുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. സംസ്ഥാനത്ത് ലോക്ഡൗൺ ഫലം കാണുന്നു എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലാകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മൂന്നു ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി. മാസാവസാനത്തോടെ ചികിൽസയിലുള്ളവരുടെ എണ്ണം മൂന്നര ലക്ഷമായി കുറയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തീവ്രവ്യാപനം തുടരും .

മെയ്‌ 12 ന് 29.75 രേഖപ്പെടുത്തിയ ടിപിആർ ഇന്നലെ 25.61 ആയി താഴ്ന്നു. ഈ നില തുടർന്നാൽ ചികിൽസയിലുള്ളവരുടെ എണ്ണം 25-ാം തീയതിയോടെ 4 ലക്ഷമായും മുപ്പതിനകം മൂന്നര ലക്ഷമായും കുറയുമെന്നാണ് സർക്കാരിന്റെ പ്രൊജക്ഷൻ റിപ്പോർട്ട്. കോഴിക്കോട് ഉൾപ്പെടെ വ്യാപന തോത് കുറഞ്ഞു.

അതെ സമയം കോവിഡ് വ്യാപന തോത് കൂടിയ ജില്ലകളിൽ ലോക്ക്ഡൗൺ തുടരണമെന്നാണ് ഐസിഎംആറിന്റെ നിർദ്ദേശം. ഐസിഎംആർ മേധാവി ഡോ.ബൽറാം ഭാർഗവ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും ഇക്കാര്യം അറിയിച്ചിരുന്നു. ആറ് മുതൽ എട്ട് ആഴ്ചവരെ ലോക്ക്ഡൗൺ തുടരണമെന്നാണ് ബൽറാം ഭാർഗവ അഭിപ്രായപ്പെട്ടത്. നിലവിൽ രാജ്യത്ത് ആകെയുള്ള 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡൽഹി, മുംബൈ, ബം?ഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ കർശനമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐസിഎംആർ ഡയറക്ടർ അഭിപ്രായപ്പെട്ടത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതൽ 10 ശതമാനം വരെയുള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താം. എന്നാൽ കർശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയായി നിലനിർത്താൻ സാധിക്കുകയുള്ളൂ. ആറ് മുതൽ എട്ട് ആഴ്ച വരെ ലോക്ക്ഡൗൺ തുടരണം. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതായും വരാമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വലിയ ദുരന്തമാകും തലസ്ഥാനത്ത് ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

10 ശതമാനത്തിൽ അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന നിർദ്ദേശം ഏപ്രിൽ 15ന് നടന്ന നാഷണൽ ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ നിർദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷമാകാനുള്ള കാരണം തെരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ പാർട്ടികളുടെ റാലികളും പൊതു സമ്മേളനങ്ങളും ആണെന്ന് അദ്ദേഹം പരോക്ഷമായി പ്രതികരിച്ചു. കോവിഡ് കാലത്ത് ആൾക്കൂട്ടങ്ങൾ ഒഴിവാക്കേണ്ടത് സാമാന്യ ബോധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.