- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക് കേരള സഭയിൽ വെട്ടിനിരത്തൽ; രാജേഷ് കൃഷ്ണയും മിറാൻഡയും സ്വപ്നയും പുറത്തേക്ക്; ദിലീപും നിഥിനും ജയപ്രകാശും അകത്തേക്ക്; സമീക്ഷക്കാരെ വെട്ടിനിരത്തുന്നതിൽ കൈരളി ഗ്രൂപ്പിന് വിജയം; പദവി ലക്ഷ്യമിട്ട് അപേക്ഷ നൽകിയത് ഒരു ഡസൻ ഭൈമീകാമുകർ; യുകെയിൽ നഴ്സുമാരെ പാടേ അവഗണിച്ചു നടന്നത് പാർട്ടിക്കാരെ തിരുകിക്കയറ്റൽ
ലണ്ടൻ: അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മൂന്നാം ലോക് കേരള സഭയിലേക്ക് യുകെയിൽ നിന്നും പുതിയ പ്രതിനിധികൾ. ലോക് കേരള സഭയുടെ അംഗങ്ങളുടെ കാലാവധി അവസാനിച്ചെന്ന കാരണത്താലാണ് പുതിയ അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നതെങ്കിലും വ്യക്തമായ വെട്ടിനിരത്തൽ ആണ് സംഭവിച്ചിരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. വലിയ പ്രതീക്ഷകളോടെ അവതരിപ്പിക്കപ്പെട്ട ലോക് കേരള സഭ വെറും കടലാസ് സംഘടനയേക്കാൾ അധഃപതിച്ചെന്ന വിമർശം മുന്നിൽ നിൽക്കുമ്പോഴും പ്രവാസികളുടെ പേരിലുള്ള ധൂർത്താണ് എന്ന പരാതികൾ ഉയരുമ്പോഴും മറ്റൊരു സമ്മേളനം നടത്തിയേ അടങ്ങൂ എന്ന വാശിയിലാണ് കേരള സർക്കാർ.
കഴിഞ്ഞ സർക്കാരിൽ വിവാദം നേരിട്ട് മത്സരിക്കാൻ പോലും കഴിയാതെ പോയ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ഒരുക്കിയ കസേരയായി നോർക്കയിലെ പദവി മാറിയെങ്കിലും അദ്ദേഹത്തിന്റെ തീവ്ര ശ്രമ ഫലമായിട്ടാണ് ഇപ്പോൾ മരവിച്ചു കിടന്ന ലോക് കേരള സഭയെ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ജീവൻ നൽകാനുള്ള ശ്രമം നടത്തുന്നത്.
ആറു പേരുകൾ പുറത്തായി, മുഹമ്മദ് ആഷിക് മാത്രം രണ്ടാം തവണയും ഉറപ്പിച്ചു
അതിനിടെ യുകെയിലെ ലോക് കേരള അംഗങ്ങളുടെ പട്ടിക അനൗദ്യോഗികമായി കണ്ടെത്തിയപ്പോൾ ഇടതു ചേരിപ്പോരിന്റെ വ്യക്തമായ വെട്ടിനിരത്തലാണ് പട്ടികയെന്നു തെളിയുകയാണ്. കഴിഞ്ഞ ലോക് കേരള സഭയിൽ ഉണ്ടായിരുന്നതിൽ അന്തരിച്ച തെക്കേമുറി ഹരിദാസിന്റെ ഒഴിവു മാത്രമല്ല നികത്തുന്നത് പല പ്രമുഖരും പുറത്തേക്കുള്ള വഴിയിലാണെന്നും തെളിയിക്കുകയാണ് പുതിയ പട്ടിക. കഴിഞ്ഞ തവണ ലോക് കേരള സഭയിൽ ഉണ്ടായിരുന്ന രാജേഷ് കൃഷ്ണ, കാറൽ മിറാൻഡ, സ്വപ്ന പ്രവീൺ എന്നിവരൊക്കെ പുറത്തേക്ക് എത്തുകയാണ്.
പകരം അയർലൻഡ്, സ്‌കോട്ലൻഡ്, ഇംഗ്ലണ്ട്, വെയ്ൽസ് എന്നീ പ്രദേശങ്ങളുടെ പ്രതിനിധികളായി ജയപ്രകാശ്, നിധിൻ ചന്ദ്, അഡ്വ ദിലീപ് കുമാർ, സി എ ജോസഫ്, സുനിൽ മലയിൽ എന്നിവർ ഉണ്ടാകും എന്നാണ് സൂചനകൾ. ഇവർക്കൊപ്പം കഴിഞ്ഞ തവണ അംഗം ആയിരുന്ന മുഹമ്മദ് ആഷികും ഉണ്ടാകും. ഇദ്ദേഹം മാത്രമാണ് കഴിഞ്ഞ തവണത്തെ പാനലിൽ നിന്നും ഒരിക്കൽ കൂടി സ്ഥാനം ഉറപ്പിക്കാനായ ഏക വ്യക്തി. ഇവരെ കൂടാതെ ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ടു മാധ്യമ പ്രതിനിധികൾ കൂടി അവസാന നിമിഷം പട്ടികയിൽ എത്തിയിട്ടുണ്ട് എന്ന വിവരവും പുറത്തു വരുന്നുണ്ട്.
ഇതിനിടയിൽ ലോക് കേരള സഭയിൽ അംഗമാകാൻ മാർക്സിറ്റ് പാർട്ടി അനുഭാവിയോ ഇടതു പക്ഷ സംഘടനകളോട് ചേർന്ന് നിൽക്കുന്നവരോ ആകണം എന്ന അലിഖിത നിയമം ഒരിക്കൽ കൂടി എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പാനലിലെ അംഗങ്ങളുടെ പ്രവർത്തന മേഖല തെളിയിക്കുന്നത്.
സ്‌കോട്ടിഷ് എംപി മാർട്ടിന്റെ മലയാളി പത്നിയായ നിധിൻ മാത്രമാണ് പ്രത്യക്ഷത്തിൽ ഇടതു രാഷ്ട്രീയത്തോട് മമത വെളിപ്പെടുത്താതെ പട്ടികയിൽ എത്തിയിരിക്കുന്ന ഏക അംഗം. കഴിഞ തവണ ഈ മികവ് അവകാശപ്പെടാൻ കഴിഞ്ഞിരുന്നത് എംബസി ജീവനക്കാരൻ ആയിരുന്ന അന്തരിച്ച തെക്കേമുറി ഹരിദാസിന് മാത്രവും. ഇത്തവണ നിഥിന് പുറമെ അംഗത്വം ഉറപ്പിച്ചിരിക്കുന്ന ഇതുവരെ പേര് പുറത്തു വരാത്ത മാധ്യമ പ്രവർത്തകനും തുറന്ന ഇടതു ചിന്താഗതിക്കാരൻ അല്ലെന്ന് പറയാനാകും.
കൃത്യമായ വെട്ടിനിരത്തൽ, നഷ്ടം സമീക്ഷക്ക് മാത്രം
പക്ഷെ പേരുകൾ പുറത്തു വരുമ്പോൾ ലോക് കേരള സഭ അംഗത്വം ആഗ്രഹിച്ചു പേര് നൽകിയ പലർക്കും അവസരം ലഭിക്കാതെ പോയത് സിപിഎം ഫ്രാക്ഷനുകൾ ആയി യുകെയിൽ പ്രവർത്തിക്കുന്ന കൈരളി യുകെ, സമീക്ഷ യുകെ എന്നിവയ്ക്കിടയിലെ ഉൾപിരിവുകൾ ആണെന്ന് വ്യക്തമാകുകയാണ്. നിലവിലെ പാനലിൽ പുറത്തു പോകുന്ന സ്വപ്ന പ്രവീൺ സമീക്ഷ യുകെയുടെ പ്രസിഡന്റ് ആയി നിറഞ്ഞു നിന്നിരുന്ന വനിതയാണ്.
ഇതേ നിലയിൽ തന്നെയാണ് കൈരളി യുകെയുടെ ആശയം സൃഷ്ടിച്ച രാജേഷ് കൃഷ്ണയുടെ പുറത്തു പോകലും. ഇത്തവണ ലോക് കേരള സഭയിൽ എത്താൻ ആഗ്രഹം പ്രകടിപ്പിച്ച് അപേക്ഷ നൽകിയവരിൽ ന്യുഹാം കൗൺസിലർ ആയിരുന്ന സുഗതൻ തെക്കേപ്പുരയും രാജേഷ് ചെറിയാനും ഒക്കെ വെട്ടിമാറ്റപ്പെടുക ആയിരുന്നു എന്നാണ് യുകെ ഫ്രാക്ഷനുകളിൽ നിന്നും ചോരുന്ന വിവരം. ഇവർ നേരിട്ട് അപേക്ഷ നൽകിയവരാണോ അതോ ആരെങ്കിലും നോമിനേഷൻ നൽകിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
എങ്കിലും ഭൈമീകാമുകരായി ഒരു ഡസനിലേറെ പേരുടെ അപേക്ഷകൾ കേരളത്തിൽ എത്തിയിരുന്നു എന്നും അതിൽ ആരൊക്കെ ഉൾപ്പെടണം എന്നതിൽ കൈരളി യുകെ ഘടകം നിർണായക തീരുമാനത്തിൽ പങ്കാളികളായി എന്നും സൂചനയുണ്ട്. ഈ ഘട്ടത്തിൽ സമീക്ഷ യുകെ ഏറെക്കുറെ നിശബ്ദമാക്കപ്പെടുക ആയിരുന്നു. കഴിഞ്ഞ വർഷം തന്നെ സമീക്ഷ യുകെയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ പാർട്ടി തലത്തിൽ ഏകദേശ രൂപരേഖ തയ്യാറായിരുന്നു എങ്കിലും വർധിത വീര്യത്തോടെ പ്രവർത്തന രംഗത്ത് സജീവമായാണ് സമീക്ഷ മറുപടി നൽകിയത്.
പ്രളയകാലത്തും കോവിഡ് സമയത്തും ബിരിയാണി ചലഞ്ചുമൊക്കെയായി നിറഞ്ഞു നിന്ന സമീക്ഷയ്ക്ക് ഒരു സുപ്രഭാതത്തിൽ അകാല ചരമം അടയാൻ കഴിയില്ല എന്നാണ് അവരുടെ വക്താക്കൾ പറയുന്നത്. തങ്ങൾ പറയുന്നതിനപ്പുറം കടന്നു പ്രവർത്തിച്ച സമീക്ഷക്ക് ലോക് കേരള പാനൽ വന്നപ്പോൾ ചുട്ട മറുപടി നൽകാൻ ശ്രമിച്ച കൈരളി യുകെയുടെ ശ്രമം ഏറെക്കുറെ പൂർണ വിജയം കണ്ടെന്ന സൂചനയാണ് പാനൽ പ്രതിനിധികളുടെ പേരിൽ നിന്നും വായിച്ചെടുക്കാവുന്നത്. പുതിയ ലോക് കേരള സഭയിൽ തങ്ങളുടേത് എന്ന് പറയാൻ സമീക്ഷയ്ക്ക് ആരുടേയും പേര് ഉയർത്തിക്കാട്ടാൻ ഇല്ലെങ്കിലും പലരും തങ്ങളുടെ വക്താക്കളാണ് എന്ന് അവകാശപ്പെടാൻ കൈരളി യുകെക്ക് സാധിക്കും.
കൈയിലെ പണം മുടക്കി ടിക്കറ്റെടുക്കണം, ഫോട്ടോയെടുത്തു മടങ്ങാം
കൈയിലെ പണം മുടക്കി ടിക്കറ്റെടുത്തു തിരുവനന്തപുരം വരെ പോയി മടങ്ങിയാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടാൻ ഒരു സെൽഫി ഒപ്പിക്കാം എന്നാണ് വെട്ടിമാറ്റപ്പെട്ടവരിൽ ഒരാൾ പരിഹാസ രൂപേണ വ്യക്തമാക്കിയത്. ഒരു ഘട്ടത്തിൽ വാശിയോടെ പ്രവർത്തിച്ചു മുന്നേറിയ കൈരളി യുകെയ്ക്കും സമീക്ഷയ്ക്കും 25 ലേറെ ഇടങ്ങളിൽ ശക്തമായ സാന്നിധ്യം ആകാൻ കഴിഞ്ഞതും ചെറിയ കാര്യമല്ല.
എന്നാൽ പാർട്ടി പിന്തുണ ഇല്ലാതെ എത്രകാലം സമീക്ഷയ്ക്കു മുന്നോട്ടു പോകാനാകും എന്ന ചോദ്യവും പ്രസക്തമാണ്. കെ റെയ്ൽ സംവാദവും കേരള പുനർനിർമ്മിതിക്കായി ഈ മാസം 26നു നടത്താനിരിക്കുന്ന സംവാദവും ഒക്കെയായി ക്രിയാത്മകമായി രംഗത്തുള്ള സമീക്ഷയ്ക്കു കൈരളിയുടെ മേൽക്കോയ്മയിൽ പാർട്ടി വേദികളിൽ ശബ്ദം നഷ്ടമാകുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമായി മാറുകയാണ് ലോക് കേരള സഭയിലേക്കുള്ള വെട്ടിനിരത്തൽ.
അതിനിടെ ഇത്തവണയും ലോക് കേരള സഭ നിരാശപ്പെടുത്തി എന്നാണ് സിപിഎം അനുഭാവിയായ മലയാളം മിഷൻ അംഗം വെളിപ്പെടുത്തിയത്. പാർട്ടി അനുഭാവികളെ തപ്പി പോയപ്പോൾ യുകെ മലയാളികളിൽ ഭൂരിപക്ഷത്തേയും പ്രതിനിധാനം ചെയ്യുന്ന നഴ്സുമാരെയും ഡോക്ടർമാരെയും മറന്നു കളയുക ആയിരുന്നു എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഡോക്ടർമാരിലും നഴ്സുമാരിലും നിരവധി ഇടത് അനുഭാവികൾ ഉണ്ടെങ്കിലും ഇവരാരും സമീക്ഷയുടെയോ കൈരളിയുടെയോ വാതിൽക്കൽ എത്തുന്നില്ല എന്നതാണോ അയോഗ്യത എന്നാണ് രോക്ഷത്തോടെ വടക്കൻ പട്ടണത്തിലെ സജീവ സാന്നിധ്യമായ ഈ സംഘാടകൻ ചോദിക്കുന്നത്.
ഈ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്ന വിധമാണ് ബാപിഒ - ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഫിസിക്ഷൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ യുകെ ദേശീയ വൈസ് ചെയർമാൻ കൂടിയായ ഡോ. സജയൻ മറുപടി നൽകുന്നതും. ഇന്ത്യയിലേക്ക് യുകെയിൽ നിന്നും ഏറ്റവും കൂടുതൽ വിദേശ നാണ്യം എത്തിക്കുന്ന ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ സംഘടനകൾക്കോ പ്രതിനിധികൾക്കോ ഒരിക്കലും കേരളം അംഗമായ പരിഗണന നൽകിയിട്ടില്ല. കേരളത്തിലെ ആരോഗ്യ രംഗത്തിനു പ്രയോജനകരമാകുന്ന വിധത്തിൽ യുകെയിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും അനുഭവ സമ്പത് പ്രയോജനപ്പെടുത്തുന്നതിലും കേരളം വീഴ്ച ആയി മാറുകയാണ്. ഇത് തന്നെയാണ് ലോക് കേരള സഭയിലും ആവർത്തിച്ചിരിക്കുന്നതെന്നും ഡോക്ടർ സജയൻ വ്യക്തമാക്കി.
വെറും ഇടതു കൂട്ടായ്മ, പ്രവാസിക്ക് എന്തുഗുണമെന്നു വെല്ലുവിളി
അതിനിടെ ലോക് കേരള സഭയെന്നത് ഇടതു വിശ്വാസികളുടെ വെറും കൂട്ടായ്മ എന്ന നിലയിലേക്ക് ഒന്നുകൂടി തരം താണിരിക്കുകയാണ് എന്നാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മേധാവി സുജു ഡാനിയൽ പ്രതികരിച്ചത്. ഈ സംവിധാനം കൊണ്ട് യുകെയിലെ ഏതെങ്കിലും ഒരു മലയാളിക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെങ്കിൽ അത് പൊതു സമൂഹത്തെ അറിയിക്കാൻ മടിക്കരുതെന്നും അദ്ദേഹം വെല്ലുവിളിച്ചു. സർക്കാരിന്റെ പണം വാരിക്കോരി ചിലവഴിക്കാൻ ഒരു ധൂർത്തു സഭ എന്നതല്ലാതെ ഒരു പ്രവാസിക്കും ഇതുകൊണ്ടു പ്രയോജനം ലഭിക്കുന്നില്ലെന്നും സുജു തുടർന്നു.
മലയാളം മിഷൻ രൂപീകരണ ഘട്ടത്തിൽ പോലും പേരിനെകിലും യുകെ മലയാളികളുടെ പ്രതിനിധികൾ എന്ന നിലയിൽ യുക്മയെ പരിഗണിച്ചിരുന്നെങ്കിൽ ഇത്തവണ അതും ഉണ്ടായില്ല. യുക്മയുടെ നിഴലിൽ തന്നെ നഴ്‌സിങ് ഫോറവും മറ്റും ഉണ്ടായിട്ടും അവർക്കും അവസരം ലഭിച്ചില്ല. എന്നാൽ ആവശ്യം ഉള്ളവർ അപേക്ഷിക്കണമായിരുന്നു എന്നാണ് പുതുതായി പാനലിൽ എത്തിയ അംഗങ്ങളിൽ ഒരാൾ ഇതേക്കുറിച്ചു പ്രതികരിക്കുന്നത്.
തുടക്കത്തിലേ വിവാദം ആഗ്രാഹിക്കാത്തതിനാൽ പേര് വെളിപ്പെടുത്തരുത് എന്നും ആദ്യമായി അവസരം ലഭിച്ച വ്യക്തിയെന്ന നിലയിൽ അദ്ദേഹം മുൻകൂർ ജാമ്യം എടുത്താണ് ലോക് കേരള സഭയ്ക്കായി പ്രതിരോധം നിർമ്മിക്കുന്നത്. ചുരുക്കത്തിൽ സ്ഥാനം വേണ്ടവർ ഇതൊക്കെ നോക്കിയിരുന്നു അപേക്ഷിക്കണം, അതിൽ പാർട്ടിക്ക് പ്രിയപ്പെട്ടവർ ഉണ്ടെങ്കിൽ പരിഗണിക്കപ്പെടും എന്ന നിലയിലേക്ക് എത്തുകയാണ് പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു രൂപം നൽകിയ ലോക് കേരള സഭയെന്ന ഏറ്റവും നവജാത വെള്ളാന എന്നുറപ്പിക്കുകയാണ് മൂന്നാം ലോക് കേരള സഭ.
കഴിഞ്ഞ രണ്ടു തവണയും രൂക്ഷ വിമർശം ഉയർത്തിയ മാധ്യമ റിപ്പോർട്ടുകൾക്കൊക്കെ പുല്ലു വിലയെന്നു സൂചിപ്പിച്ച് ഒരാഴ്ച അരികിൽ നിൽക്കുമ്പോഴും പുതിയ ലോക് കേരള സഭ അംഗങ്ങൾ ആരെന്നു പോലും അതിന്റെ വെബ് സൈറ്റിൽ കണ്ടെത്താനാകില്ല. കഴിഞ്ഞ ലോക് കേരള സഭ യൂറോപ്പ് റീജിയൺ വേണ്ടി പ്രത്യേകം പ്രവർത്തിക്കണം എന്ന് ആഗ്രഹിച്ചു അക്കമിട്ടു നിരത്തിയ 14 ഇന അജണ്ടയിൽ ഏതിലെങ്കിലും ഒരടി മുന്നോട്ടു പോകാനായോ എന്നതും മൂന്നാം ലോക് കേരള സഭയുടെ കാലത്തെങ്കിലും ചിന്തിച്ചില്ലെങ്കിൽ കുറെ വിഡ്ഢി വേഷക്കാരുടെ സഭയായി ഈ സംവിധാനം ഓരോ പ്രവാസിയും കണ്ടു തുടങ്ങും എന്നതാണ് ഇതുവരെയുള്ള പ്രവർത്തനത്തിൽ നിന്നും ബോധ്യപ്പെടുന്നതും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.