ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിക്കാതെ തൽക്കാലത്തേക്ക് തടിതപ്പി ബിജെപി. ബഹളത്തിനിടയിൽ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന വിശദീകരണം നൽകിയാണ് സ്പീക്കർ ബിജെപി സർക്കാറിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതിരിക്കാൻ മുൻകൈ സ്വീകരിച്ചത്. വൈഎസ്ആർ കോൺഗ്രസും ടിഡിപിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്.

എന്നാൽ ഇത് പരിഗണിക്കാൻ സ്പീക്കർ തയ്യാറായില്ല. ആന്ധ്രക്ക് പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ടിഡിപി കേന്ദ്രസർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയത്തെ ഇടതുപക്ഷവും കോൺഗ്രസും പിന്തുണയ്ക്കാനും തീരുമാനിച്ചിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ടുപോയി എന്നാരോപിച്ച് കേന്ദ്രമന്ത്രിസഭയിൽ നിന്നും ടിഡിപി തങ്ങളുടെ രണ്ട് മന്ത്രിമാരെ നേരത്തെ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ തീരുമാനിച്ചത്.

ഇടതുപക്ഷത്തിനും കോൺഗ്രസിനും പുറമേ ശിവസേന, എഐഎഡിഎംകെ, തൃണമൂൽ കോൺഗ്രസ് എന്നിവരും അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

അതേസമയം കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു തെലുങ്കുദേശം പാർട്ടി നേതൃത്വം രംഗത്തെത്തി. ബിജെപിയെന്നാൽ 'ബ്രേക്ക് ജനതാ പ്രോമിസാ'ണെന്നു പാർട്ടി നേതാവ് തോട്ട നരസിംഹൻ തുറന്നടിച്ചു. അൻപതുപേർ ഒപ്പിട്ട അവിശ്വാസ പ്രമേയമാണു കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നണി വിടാനുള്ള ടിഡിപി തീരുമാനത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും ശിവസേനയും സ്വാഗതം ചെയ്തു. എന്നാൽ ആന്ധ്രയിൽ ബിജെപിക്കു വളരാനുള്ള സുവർണാവസരമാണ് ഇതെന്നായിരുന്നു പാർട്ടി നേതാവ് ജിവിഎൽ നരസിംഹറാവുവിന്റെ പ്രതികരണം.

ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പു തിരിച്ചടിക്കുപിന്നാലെ ബിജെപിക്കു കനത്ത പ്രഹരം നൽകിയാണു ടിഡിപി, എൻഡിഎ വിട്ടത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണു നടപടി. പാർട്ടി എംപിമാരെ എൻ. ചന്ദ്രബാബു നായിഡു തീരുമാനം അറിയിച്ചു. ലോക്‌സഭയിൽ 16 പേരും രാജ്യസഭയിൽ ആറ് അംഗങ്ങളും ടിഡിപിക്കുണ്ട്. നേരത്തെ പാർട്ടി മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചിരുന്നു.