ന്യൂഡൽഹി : ചരക്ക് സേവന നികുതി ബിൽ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനെ കോൺഗ്രസും അനുകൂലിക്കുന്നു. എന്നാൽ ഇതൊന്നും പാസാക്കിയെടുക്കാൻ് കഴിയുന്നുമില്ല. കാരണം മോദി സർക്കാരിനോടുള്ള കോൺഗ്രസിന്റെ വിരോധമാണ് ഇതിന് കാരണം. എന്നാൽ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടന്ന സംഭവം അൽഭുതപ്പെടുത്തുന്നതായിരുന്നു.

കള്ളപ്പണത്തിനെതിരെ മുതലക്കണ്ണീരൊഴുക്കുന്നവർ ഇവിടെ ഒരുമിച്ചു. അതുകൊണ്ട് തന്നെ അതിവേഗം കാര്യം നടക്കുകയും ചെയ്തു. എംപിമാരും 50 ലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊതുസേവകരും സർക്കാർ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങളും തൽക്കാലം ആസ്തി വെളിപ്പെടുത്തേണ്ടതില്ലെന്നു ലോക്‌സഭയിൽ ലോക്പാൽ നിയമഭേദഗതി. സർക്കാർ തിരക്കിട്ടു കൊണ്ടുവന്ന ഭേദഗതി, ചർച്ച കൂടാതെ സഭ അംഗീകരിച്ചു. ഇതാണ് ഭരണ-പ്രതിപക്ഷ ഐക്യം. ഇവിടെ ലോക്‌സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ചർച്ച വേണ്ടെന്ന മോദി നിലപാട് എടുക്കുകയായിരുന്നുവെന്ന് കോൺഗ്രിന് വാദിക്കാം. എന്നാൽ ഇതിന്റെ പേരിൽ ഒച്ചപ്പാടൊന്നും ആരും ഉയർത്തിയില്ല. ബില്ലിനെ അംഗീകരിക്കുകയും ചെയ്തു.

അഴിമതി തടയാനാണ് സ്വത്തുക്കൾ കാലാകാലങ്ങളിൽ എല്ലാവരും വെളിപ്പെടുത്തണമെന്ന നിബന്ധന മുന്നോട്ട് വച്ചത്. ഇതിലൂടെ ഓരോരുത്തരുടേയും സ്വത്തിലെ വളർച്ച തിരിച്ചറിയാൻ കഴിയും. പല രാഷ്ട്രീയക്കാരും ഇതിലൂടെ വെള്ളം കുടിക്കുകയും ചെയ്തു. ഒന്നുമില്ലാത്ത രാഷ്ട്രീയക്കാർ അധികാര സ്ഥാനത്തിലെത്തിയാൽ പെട്ടെന്ന് പണക്കാരാകുന്നത് തിരിച്ചറിഞ്ഞ് ജനം മൂക്കത്ത് വിരൽ വച്ചു. ഇത് മനസ്സിലാക്കിയാണ് മോദി സർക്കാരിന്റെ കരുനീക്കം. എല്ലാ വർഷവും സ്വത്ത് വെളിപ്പെടുത്തുകയെന്ന് ഇനി നടക്കില്ല. എംപിമാർക്ക് തെരഞ്ഞെടുപ്പിന് വീണ്ടും മത്സരിക്കേണ്ടി വന്നതാൽ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സ്വത്ത് വെളിപ്പെടുത്തേണ്ടി വരും. ഉദ്യോഗസ്ഥർക്ക് അതിന്റേയും ആവശ്യമില്ല. അങ്ങനെ ഇരുകൂട്ടരേയും രക്ഷപ്പെടുത്തുകയാണ് മോദി സർക്കാർ. ഇത്തരമൊരു ഭേദഗതിയുടെ ആവശ്യമെന്തെന്ന് പൊതുജനങ്ങളെ വിശദീകരിക്കാൻ സർക്കാർ തയ്യാറായതുമില്ല.

പൊതുസേവകർ അവരുടെയും പങ്കാളിയുടെയും ആശ്രിതരുടെയും ആസ്തിബാധ്യതകൾ ഈ മാസം 31ന് അകം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയാണു ഭേദഗതി ചെയ്തത്. ലോക്പാൽ നിയമഭേദഗതി ബിൽ പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ്, നിയമത്തിലെ 44-ാം വകുപ്പു തിരുത്തിയത്. 44-ാം വകുപ്പുകൂടി പരിഗണിച്ച് അടുത്ത സമ്മേളനത്തിൽ സമിതി റിപ്പോർട്ട് നൽകുമെന്നു പഴ്‌സനേൽ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഈ ആവശ്യമുന്നയിച്ചു സർക്കാരിനു പല നിവേദനങ്ങൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ട എംപിമാരുടെ പ്രതിനിധി സംഘവും ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നു മന്ത്രി വെളിപ്പെടുത്തി.

ഒരു കോടിക്ക് മുകളിൽ സർക്കാർ സഹായവും പത്തു ലക്ഷത്തിന് മുകളിൽ സംഭാവനകളും ലഭിക്കുന്ന സന്നദ്ധ സംഘടനകളുടെ തലപ്പത്തുള്ളവരും വിവിധ ബോർഡുകളും ലോക്പാൽ ബില്ലിന്റെ പരിധിയിൽ വരും. നിയമപ്രകാരം അവരും സ്വത്തു വെളിപ്പെടുത്തണമായിരുന്നു. 2014 ജനുവരിയിൽ ലോക്പാൽ ബിൽ നിലവിൽ വന്ന ശേഷം സ്വത്തു വെളിപ്പെടുത്താനുള്ള തിയതി കേന്ദ്രസർക്കാർ അഞ്ചു തവണ നീട്ടി നൽകി. ഏറ്റവും ഒടുവിൽ ജൂലായ് 31ആണ് നിശ്ചയിച്ചിരുന്നത്. ലോക്‌സഭയിൽ ഭേദഗതി പാസായതോടെ തത്ക്കാലം സ്വത്ത് വെളിപ്പെടുത്തേണ്ടതില്ല. അതേസമയം ഭേദഗതിക്ക് പാർലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റിയുടെ അംഗീകാരവും നേടേണ്ടതുണ്ട്. സ്റ്റാന്റിങ് കമ്മിറ്റി അടുത്ത സമ്മേളനത്തിൽ മാത്രമെ റിപ്പോർട്ട് നൽകുകയുള്ളൂ.

ലോക്‌സഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്താതെയാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. അതിനാൽ അംഗങ്ങൾക്ക് ബില്ലിന്റെ പകർപ്പും നൽകിയിരുന്നില്ല. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ചില ബില്ലുകൾ അവതരിപ്പിക്കാൻ പ്രധാനമന്ത്രിക്കുള്ള അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള ജിതേന്ദ്ര സിംഗാണ് ബിൽ അവതരിപ്പിച്ചത്. ഭേദഗതി സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുമെന്ന വിശദീകരണമാണ് സർക്കാർ ഇതിനു നൽകിയത്. വ്യവസായികളുടെ സംഘടനയായ കോൺഫഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയും(സിഐഐ), രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖർ, നോമിനേറ്റഡ് അംഗം അനു അഗാ എന്നിവരും ലോക്പാൽ നിയമത്തിലെ സ്വത്ത് വെളിപ്പെടുത്തൽ വ്യവസ്ഥ നീക്കം ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അണ്ണാ ഹസാരെയും സംഘവും നടത്തിയ അഴിമതിവിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണു രണ്ടാം യുപിഎ സർക്കാർ ലോക്പാൽ നിയമം പാസാക്കിയത്. അഴിമതിവിരുദ്ധ നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് എംപിമാരും സർക്കാർ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും ഒഴിവാകുന്നതോടെ നിയമം തന്നെ അപ്രസക്തമാകും. വിവാദത്തിനു വഴിവയ്ക്കുന്ന, യുക്തിക്കു നിരക്കാത്ത ഭേദഗതിയാണിതെന്ന് എംപിമാരിൽ ഒരു വിഭാഗത്തിനു തന്നെ അഭിപ്രായമുണ്ട്. കോൺഗ്രസ് അനുകൂലിക്കുന്നതു കൊണ്ടാണു ഭേദഗതിയെ എതിർക്കാതിരുന്നതെന്നു സഖ്യകക്ഷിയായ ആർഎസ്‌പിയുടെ പ്രതിനിധി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ഇതേസമയം, ചർച്ച കൂടാതെ ബിൽ പാസാക്കിയതിനോടു കോൺഗ്രസ് യോജിക്കുന്നില്ലെന്നു പാർട്ടി ഡപ്യൂട്ടി ചീഫ് വിപ് കെ.സി.വേണുഗോപാൽ പറഞ്ഞു.

'ലോക്‌സഭയിൽ ഞങ്ങൾ ന്യൂനപക്ഷമാണ്. പരിധി വിട്ടുള്ള എതിർപ്പുകൊണ്ടു പ്രയോജനമില്ല. രാജ്യസഭയിൽ ഇതേ നിലപാടു തുടരണമെന്നില്ല' എന്നായിരുന്നു പാർട്ടി വക്താവ് അഭിഷേക് മനു സിങ്‌വിയുടെ പ്രതികരണം. അഴിമതിവിരുദ്ധ ബില്ലിൽ മായം ചേർക്കുന്നതിനു കൂട്ടുനിൽക്കില്ലെന്നും ബിൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ സമയം നൽകുന്നതിനോടു മാത്രമാണു യോജിപ്പെന്നും കോൺഗ്രസ് സഭാനേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. എന്നാൽ ചർച്ച കൂടാതെ ബിൽ അവതരിപ്പിക്കാൻ മോദി സർക്കാർ തീരുമാനിച്ചപ്പോൾ പ്രതിപക്ഷം എതിർപ്പൊന്നും ഉയർത്തിയില്ല. ഈ ബിൽ രാജ്യസഭയിലെത്തിയാലും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മോദി പാസാക്കിയെടുക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബഹളമില്ലാതെയുള്ള എതിർപ്പുകൊണ്ട് ഈ ബില്ലിൽ പ്രയോജനമുണ്ടാകില്ല.