- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ബാങ്ക്, പ്രവാസി കൺസ്ട്രക്ഷൻ കമ്പനി എന്നുവേണ്ട, എന്തൊക്കെ ബഹളം; നടപ്പാക്കിയത് കടലാസിൽ മാത്രം; കഴിഞ്ഞ ആറ് വർഷത്തിനിടെ പ്രവാസി മലയാളി നിക്ഷേപം നാമമാത്രം; മൂന്നുകോടി മുടക്കി വീണ്ടും ലോകകേരള സഭാ സമ്മേളനം; പ്രതിപക്ഷം ഇത്തവണ പങ്കെടുക്കുമോ?
തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് യാതൊരു ഗുണമോ പ്രയോജനമോ സൃഷ്ടിക്കാത്ത മൂന്നാം ലോക കേരള സഭ സമ്മേളനം ഈ മാസം 17,18 തീയതികളിൽ നടക്കും. സമ്മേളനത്തിന്റെ ചെലവിലേക്കായി മൂന്ന് കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. പ്രതിപക്ഷം പങ്കെടുക്കുമോയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
കോടികൾ ചിലവഴിച്ച് നടത്തുന്ന ഈ ആർഭാടംകൊണ്ട് സംസ്ഥാനത്തിനോ പ്രവാസികൾക്കോ യാതൊരു പ്രയോജനമുണ്ടായതായി സർക്കാരോ ലോകകേരള സഭയോ അവകാശപ്പെടുന്നില്ല. 2018 ജനുവരി 12-നാണ് ആദ്യ ലോക കേരള സഭ നടന്നത്. 2019-ൽ രണ്ടാം ലോക കേരള സഭ സമ്മേളനവും നടന്നു. ഈ സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ധൂർത്തും അഴിമതിയും ആരോപിച്ചായിരുന്നു പ്രതിപക്ഷം ബഹിഷ്‌കരണം നടത്തിയത്.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കോ, വികസനത്തിനോ ഗുണകരമായ ഒരു പദ്ധതിപോലും ലോകകേരള സഭ സമ്മേളനങ്ങൾക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. സിപിഎമ്മിനും ഭരണകക്ഷിക്കും താൽപര്യമുള്ള കുറേ പ്രവാസികളെ സർക്കാർ ചെലവിൽ വിദേശത്തുനിന്നും കൊണ്ടുവന്ന് ഒരു തരത്തിലും നടപ്പിലാക്കാനാവാത്ത കുറേ മണ്ടൻ തീരുമാനങ്ങളും പദ്ധതി നിർദ്ദേശങ്ങളും നടത്തി പിരിയുകയെന്നതാണ് കഴിഞ്ഞ രണ്ട് ലോക കേരളസഭ സമ്മേളനങ്ങൾ കൊണ്ട് നടന്നത്.
പ്രവാസികളുടെ പുനരധിവാസം, തൊഴിൽ സാധ്യതകൾ, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പുത്തൻ ആശയങ്ങൾ. ഇതിനൊന്നും ഉപകരിക്കുന്ന ഒരു തരത്തിലുള്ള പദ്ധതികളോ, പരിപാടികളോ നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കോവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളിൽ ഏതാണ്ട് മൂന്ന് ലക്ഷം പേർ തിരിച്ച് മടങ്ങാനാകാതെ നാട്ടിൽ കഷ്ടപ്പെടുകയാണ്. ഇവരുടെ ഉന്നമനത്തിന് വേണ്ടി ക്രിയാത്മകമായ ഒരു പദ്ധതി പോലും നിർദ്ദേശിക്കാൻ ഈ ആഡംബര സമ്മേളനങ്ങൾക്ക് കഴിയാറില്ല.
വിദേശത്തുനിന്നും സർക്കാർ ചെലവിൽ കെട്ടിയിറക്കുന്ന സിപിഎമ്മിന്റെ വേണ്ടപ്പെട്ടവരായ ഒരുപറ്റം പ്രാഞ്ചികൾക്ക് വേണ്ടി നടത്തുന്ന കൂട്ടായ്മ എന്നതിനപ്പുറത്തേക്ക് ഈ സമ്മേളനങ്ങൾക്ക് ഒരു പ്രാധാന്യവും പ്രവാസികൾ പോലും കൽപ്പിക്കുന്നില്ല. മോൻസൻ മാവുങ്കലിനെപോലുള്ള തട്ടിപ്പുകാരും അയാളുടെ പിണിയാളായി വന്ന അനിത പുല്ലയിൽ എന്നിവരെപോലുള്ള ഇടനിലക്കാർക്കും വിഹരിക്കാനുള്ള വേദി മാത്രമാണ് ഇത്തരം കെട്ടുകാഴ്ചകൾ.
ഒന്നാം കേരള സഭയുടെ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ട് ശുപാർശകളായി വന്ന പത്ത് നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്. നിക്ഷേപ രംഗത്ത് എൻആർഐ ഇൻവെസ്റ്റ്‌മെന്റ് കമ്പനി, പ്രവാസി സഹകരണ സൊസൈറ്റി, പ്രവാസി ബാങ്ക്, പ്രവാസി കൺസ്ട്രക്ഷൻ കമ്പനി രൂപീകരിക്കും. പ്രവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവാസി വനിത സെൽ, മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ, നൈപുണ്യ വികസനത്തിനായി ഹൈ പവർ കമ്മിറ്റി, ഇങ്ങനെ ഒരുപാട് നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചെങ്കിലും ഇതിലൊന്ന് പോലും നടപ്പാക്കിയതായി ആർക്കും അറിഞ്ഞുകൂടാ.
351 പേർ അടങ്ങുന്നതാണ് ലോക കേരള സഭയുടെ അംഗബലം. കേരള നിയമസഭയിലെ മുഴുവൻ അംഗങ്ങളും, സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങളും, കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിയും ഉൾപ്പെടെ 173 പേർ ഒഴികെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സർക്കാരാണ്.
പ്രവാസികൾക്കും സർക്കാരിനും പ്രത്യേകിച്ച് പ്രയോജനമില്ലാത്ത ഒരു വേദി മാത്രമാണ് ലോക കേരള സഭ. കേരളത്തിൽ വ്യവസായ സംരംഭങ്ങൾക്കായി എത്തിയ മിക്ക പ്രവാസികൾക്കും കൈപൊള്ളിയ അനുഭവമാണ് സംസ്ഥാന സർക്കാരിൽ നിന്നുമുണ്ടായിട്ടുള്ളത്. പ്രവാസികളായാ ആന്തൂർ സാജനും, പുനലൂരിൽ സുഗതനും ആത്മഹത്യ ചെയ്തത് ലോക കേരള സഭ നടക്കുന്ന കാലത്ത് തന്നെയാണ്. സാധാരണക്കാരായ പ്രവാസി നിക്ഷേപകർക്ക് ഇപ്പോഴും അനുകൂലമായ സാധ്യതകളൊന്നും തന്നെയില്ല. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ നൂറ് കോടി രൂപയുടെ പോലും മലയാളികളായ പ്രവാസികളുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായിട്ടില്ല. എന്നിട്ടും, ലോക കേരള സഭയെന്ന മാമാങ്കത്തിന് വേണ്ടി കോടികളാണ് ചെലവഴിക്കുന്നത്.