- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം; തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന; തെരഞ്ഞെടുപ്പ് നടക്കുക ഒറ്റഘട്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി ടിക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താൻ ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ ചെയ്തു. ഏപ്രിൽ 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് മീണ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്.കോവിഡ് സ്ഥിതിഗതികൾ പരിഗണിച്ച് നേരത്തെ വോട്ടെടുപ്പ് രണ്ടു ഘട്ടമായി നടത്താനാണ് ആലോചിച്ചിരുന്നത്. എന്നാൽ ഒറ്റഘട്ടമായി തന്നെ നടത്തിയാൽ മതിയെന്നാണ് ടിക്കാറാം മീണയുടെ ശുപാർശ.മീണയുടെ ശുപാർശയിന്മേൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.
തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാർട്ടികൾ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം അവസാനത്തോടെ ചർച്ച തുടങ്ങും. ഏപ്രിൽ 15 ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. വിശേഷദിവസങ്ങൾ, പരീക്ഷകൾ തുടങ്ങിയവ പരിഗണിച്ചാണ് കമ്മീഷൻ ഏപ്രിൽ പരിഗണിക്കുന്നത്. റമദാൻ വ്രതാരംഭം ഏപ്രിൽ 15 ന് തുടങ്ങും. ഇതു കണക്കിലെടുത്ത് 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ ആലോചിക്കുന്നത്. മാർച്ച് മാസത്തിൽ എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷകളും മെയ് മാസത്തിൽ സിബിഎസ്ഇ പരീക്ഷകളും നടക്കുന്നുണ്ട്.
ചർച്ചകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ അടുത്ത മാസം ആദ്യം കേരളത്തിലെത്തുമെന്നും ടിക്കാറാം മീണ സൂചിപ്പിച്ചു.ഇവരുടെ സന്ദർശനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും മീണ സൂചിപ്പിച്ചതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.



