- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും സ്പീക്കറും നിയമമന്ത്രിയും റവന്യൂ ചുമതലക്കാരനും പിന്നെ പ്രതിപക്ഷ നേതാവും; ഇതിൽ ആദ്യ മൂന്ന് പേരും സിപിഎമ്മുകാർ; അംഞ്ചഗ അപ്പീൽ സമിതി പ്രഹസനമാകും; ലോകായുക്ത എന്തുവിധിച്ചാലും അതു പുനപരിശോധിക്കുക പിണറായി തന്നെ; സിപിഐയുടെ എതിർപ്പ് വെറും ഇരട്ടത്താപ്പ്; അഴിമതിയ്ക്കെതിര പ്രസംഗിക്കുന്നവർ ലോകായുക്തയെ നശിപ്പിക്കുമ്പോൾ
തിരുവനന്തപുരം: ലോകായുക്ത ബില്ലിനെ മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ എതിർത്തുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഫലം കണ്ടു. ഓർഡിനൻസിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി ബിൽ തയാറാക്കുന്നതു നിയമ പ്രശ്നത്തിന് ഇടയാക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ മന്ത്രിമാർ സമ്മതം മൂളി. സിപിഐ മന്ത്രിമാർ പിണങ്ങാതിരിക്കാൻ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു. മന്ത്രിമാർ ഉടക്കിയാലും ഭൂരിപക്ഷം ഉള്ളതിനാൽ മന്ത്രിസഭയ്ക്ക് ബിൽ അംഗീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ് വിയോജന കുറിപ്പ് മുഖ്യമന്ത്രി ആഗ്രഹിച്ചില്ല. ഇതാണ് നയതന്ത്രത്തിലൂടെ സിപിഐക്കാരെ ഒപ്പം നിർത്താൻ കാരണം. ഇനി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ സമ്മതത്തോടെ നിയമസഭയിലെ ചർച്ചയിൽ മാറ്റം കൊണ്ടു വരും.
ലോകായുക്ത വിധി അന്തിമമായി അംഗീകരിക്കുന്നതിനു പകരം അപ്പീൽ അധികാരിയായി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവരെ നിശ്ചയിച്ചുള്ള ഭേദഗതിയെയാണ് സിപിഐ മന്ത്രിമാർ എതിർത്തത്. അപ്പീൽ അധികാരിയായി സിപിഐ പ്രതിനിധി കൂടി ഉൾപ്പെടുന്ന സമിതിക്കായി നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാമെന്നാണ് പാർട്ടിക്കു ലഭിച്ച വാഗ്ദാനം. ഇത് പാലിക്കപ്പെടും. ഇത് മറ്റൊരു അധികാര കേന്ദ്രത്തെ കൂടി സൃഷ്ടിക്കുമെന്നതാണ് വസ്തുത.
അഞ്ചംഗ അപ്പീൽ സമിതി ലോകായുക്തയുടെ അന്തിമ വിധി പരിശോധിക്കണമെന്ന ആവശ്യമായിരിക്കും സിപിഐ നിയമസഭയിൽ ഉന്നയിക്കുക. സമിതിയിൽ മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, റവന്യു, നിയമ മന്ത്രിമാർ എന്നിവരുണ്ടാകും. പ്രതിപക്ഷ നേതാവുണ്ടെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തിനായിരിക്കും മുൻതൂക്കം. അതുകൊണ്ടു തന്നെ പ്രതിപക്ഷ നേതാവ് സമിതിയിൽ വെറും നോക്കുകുത്തിയാകും. മന്ത്രിസഭാ യോഗത്തിനു മുൻപു മന്ത്രി കെ.രാജന്റെ ചേംബറിൽ യോഗം ചേർന്ന സിപിഐ മന്ത്രിമാർ ഭേദഗതിയെ എതിർക്കാൻ തീരുമാനിച്ചിരുന്നു.
ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ ബില്ലിന്റെ കരട് അവതരിപ്പിച്ചപ്പോൾ രാജൻ എതിർപ്പ് അറിയിച്ചു. പി.പ്രസാദ് പിന്തുണച്ചു. സിപിഐയുടെ വാദം മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധിച്ചു കേട്ടു. മുൻപുണ്ടായിരുന്ന ഓർഡിനൻസിലെ വ്യവസ്ഥകൾ ഉൾപ്പെടുന്ന കരടു ബിൽ അല്ലെങ്കിൽ ഓർഡിനൻസ് റദ്ദായശേഷം ബിൽ കൊണ്ടുവരുന്നതു വരെ അതിനു നിയമ പ്രാബല്യം ലഭിക്കില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതടക്കം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളാണ് മന്ത്രിസഭ അംഗീകരിച്ചത്. വിയോജന കുറിപ്പില്ലാത്തത് സർക്കാരിന് ആശ്വാസമായി.
സിപിഐ മുമ്പോട്ട് വയ്ക്കുന്ന സമിതിയും ലോകായുക്തയുടെ ചിറകരിയും. ഫലത്തിൽ മുഖ്യമന്ത്രി തന്നെയാകും അപ്പീൽ അധികാരി. നിലവിൽ മുഖ്യമന്ത്രിയും സ്പീക്കറും സിപിഎം പ്രതിനിധികളാണ്. സ്പീക്കർക്ക് സ്വതന്ത്ര പരിവേഷമുണ്ടെങ്കിലും സിപിഎം പറയുന്നതിന് അപ്പുറം ഒന്നും ചെയ്യാൻ സ്പീക്കർക്ക് കഴിയില്ല. ലോകായുക്താ വിധി പുനപരിശോധിക്കുമ്പോഴും അതു തന്നെ സംഭവിക്കും. റവന്യൂമന്ത്രി കെ രാജനാണ്. നിയമമന്ത്രി പി രാജീവും. രാജീവും സിപിഎമ്മിന്റെ അംഗമാണ്. അതുകൊണ്ട് തന്നെ അഞ്ചു പേരിൽ മൂന്ന് പേർ സിപിഎം.
ഫലത്തിൽ മുഖ്യമന്ത്രി പറയുന്നത് മാത്രമേ സ്പീക്കറും നിയമമന്ത്രിയും അനുസരിക്കൂ. അതുകൊണ്ട് തന്നെ ഈ അഞ്ചംഗ സമിതി വെറും പേരിൽ മാത്രമായി ഒതുങ്ങും. ചർച്ചകൾ സിപിഐയ്ക്ക് കൂടി കേൾക്കാം എന്നതു മാത്രമാണ് ആശ്വാസം. സർക്കാരിനെ നിയന്ത്രിക്കുന്ന സിപിഎമ്മിന് ഭൂരിപക്ഷം ഇല്ലെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ നീതിയുണ്ടാകുന്നുവെന്ന് വിലയിരുത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് സിപിഐ കൊണ്ടു വരുന്ന ഭേദഗതിയും പിണറായിക്ക് പ്രശ്‌നമാകാതെ പോകുന്നത്. വെറുതെ ഒരു ഭേദഗതി എന്നതാണ് വസ്തുത.
അഴിമതിയോട് സന്ധിയില്ല (സീറോ ടോളറൻസ് ടു കറപ്ഷൻ) എന്നാണ് പിണറായി സർക്കാരിന്റെ പ്രഖ്യാപിത നയമെങ്കിലും, വിജിലൻസ്, സി.എ.ജി, ലോകായുക്ത എന്നിങ്ങനെ അഴിമതി വിരുദ്ധ സംവിധാനങ്ങളൊന്നാകെ സർക്കാർ പൊളിച്ചടുക്കുകയാണ്. ഭരണത്തിലിരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ അഴിമതി മറച്ചുപിടിക്കാനാണ് ഈ ഭേദഗതികളെന്നത് ശ്രദ്ധേയമാണ്. ഇതോടെ സാധാരണക്കാർക്ക് അഴിമതി വിരുദ്ധ പോരാട്ടങ്ങൾ അസാദ്ധ്യമായി മാറും. പാർലമെന്റ് പാസാക്കിയ അഴിമതിനിരോധ നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. ഈ ഭേദഗതി നടപ്പായതോടെ കേരളത്തിൽ ഉന്നതർക്കെതിരായ വിജിലൻസ് കേസുകൾ നന്നേ കുറഞ്ഞു. കിഫ്ബിക്കെതിരേ വിമർശനമുന്നയിച്ച സി.എ.ജിക്കെതിരേ നിയമസഭയിൽ പ്രമേയം പാസാക്കി വിമർശനം നിരാകരിച്ചു.
അഴിമതിയോ ക്രമക്കേടുകളോ കണ്ടെത്തിയാൽ പൊതുസേവകർ പദവിയൊഴിയണമെന്ന് അർദ്ധജുഡീഷ്യൽ അധികാരമുള്ള ലോകായുക്ത പ്രഖ്യാപിക്കുമ്പോൾ ഉത്തരവാദപ്പെട്ട അധികാരിക്ക് ഇരുകക്ഷികളുടെയും വാദം കേട്ടശേഷം അത് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാമെന്ന ഭേദഗതിയാണ് ബില്ലായി പുതുതായി കൊണ്ടുവരുന്നത്. ഇതോടെ, ലോകായുക്തയ്ക്ക് മേൽ അപ്പീൽ അധികാരിയായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങിയ ഭരണനിർവഹണ സംവിധാനം മാറും. ആരോപണവിധേയൻ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയാൽ ആ പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് പ്രഖ്യാപനം നടത്തുകയും ഇത് ഗവർണറോ മുഖ്യമന്ത്രിയോ അടക്കം ഉന്നതഅധികാരികളാരാണോ അവർ അതുപോലെ അംഗീകരിക്കണമെന്നായിരുന്നു ലോകായുക്ത നിയമത്തിലെ വകുപ്പ് 14ലെ വ്യവസ്ഥ.
ഇത് ഇല്ലാതാകുന്നതോടെ, ഉന്നതർക്കെതിരായ ലോകായുക്ത ഉത്തരവുകൾ അതേപടി നടപ്പാക്കേണ്ടതില്ല. ഇതോടെ ലോകായുക്തയെന്ന അഴിമതിവിരുദ്ധ സംവിധാനത്തിന്റെ പല്ലും നഖവും കൊഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ ലോക്പാൽ നിയമത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രോസിക്യൂഷനായി ബന്ധപ്പെട്ട വകുപ്പാണ് ഉത്തരവ് കൈമാറുക. ലോകായുക്താ നിയമഭേദഗതിയോടെ, ഭരണസംവിധാനം അപ്പീൽ അധികാരിയായി മാറും. ലോകായുക്ത ഹർജി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നത് മാത്രമാണ് ആശ്വാസം.
അഴിമതിവിരുദ്ധ സംവിധാനങ്ങൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കി അഴിമതിക്കും കൊള്ളയ്ക്കും സർക്കാർ ഗ്രീൻസിഗ്നൽ കാട്ടുകയാണ്. 2019ൽ ലോകായുക്തയെ പ്രകീർത്തിച്ച് കുരയ്ക്കുക മാത്രമല്ല, കടിക്കുകയും ചെയ്യമെന്നു പറഞ്ഞ മുഖ്യമന്ത്റി പിണറായി വിജയൻ, മന്ത്റിയായിരുന്ന ജലീലിന് രാജിവയ്ക്കേണ്ടി വന്നതോടെ ലോകായുക്തയുടെ പല്ലും നഖവും പിഴതെടുത്തു. 1999ഫെബ്രുവരി 22ന് നിയമസഭ പാസാക്കിയ ലോകായുക്ത നിയമം 23വർഷത്തിനിപ്പുറം നിയമ ഭേദഗതിയിലൂടെ പിന്നോട്ടാണ് പോവുന്നത്. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ്ജസ്റ്റിസോ ആയിരുന്ന ലോകായുക്ത അന്വേഷണവും വിചാരണയും തെളിവെടുപ്പും നടത്തി കണ്ടെത്തിയ കാര്യങ്ങൾ സർക്കാരിന് നിരസിക്കാനാണെങ്കിൽ ലോകായുക്ത എന്തിനാണ്? ഒരു അധികാരവും ഇല്ലാത്ത ലോകായുക്ത സംവിധാനം പിരിച്ചു വിടുന്നതല്ലേ നല്ലത്. ലോകായുക്ത പതിനാലാം വകുപ്പിലെ വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്നാണ് സർക്കാർ വാദം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്ന ന്യായം പറഞ്ഞ് ഭൂപരിഷ്‌കരണ നിയമം ഇല്ലാതാക്കുമോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
അതേസമയം സ്റ്റാറ്റിയൂട്ടറി അധികാരം മാത്രമുള്ള സ്ഥാപനമായ ലോകായുക്തയ്ക്ക് ഭരണഘടനാപരമായ സംവിധാനങ്ങളെ അയോഗ്യമാക്കാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയതെന്നാണ് സർക്കാരിന്റെ വാദം. ശുപാർശ അതേപടി അംഗീകരിക്കണമെന്ന വ്യവസ്ഥ ലോകത്തെവിടെയുമില്ല. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥയാണ് ഭരണഘടനാനുസൃതമായി മാറ്റിയത്. നിയമസഭയ്ക്ക് ഏത് സമയത്തും നിയമങ്ങൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കാം. ലോകായുക്തയുടെ ഒരു അധികാരവും സർക്കാർ എടുത്തുകളഞ്ഞിട്ടില്ല. ഭേദഗതി നിയമപരമായി നിലനിൽക്കുമെന്ന് എല്ലാ നിയമപരിശോധനകൾക്കും ശേഷം ഗവർണർ വ്യക്തമാക്കിയതാണ്. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തം വിനിയോഗിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.
ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസിൽ വാദം കേൾക്കവേ, ലോകായുക്തയുടെ അധികാരം കുറവുചെയ്യാൻ പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്ത് ഓർഡിനൻസിറക്കാനുള്ള അനാവശ്യ തിടുക്കം എന്തായിരുന്നെന്ന് സർക്കാർ അഭിഭാഷകനോട് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ് ചോദിച്ചിരുന്നു. ഓർഡിനൻസിലൂടെയുള്ള നിയമഭേദഗതി ഒഴിവാക്കാമായിരുന്നു. ആലോചനയില്ലാതെ എടുത്തുചാടി ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിച്ച് തീരുമാനമെടുത്തതിനാലാണ് സർക്കാർ ആവശ്യമില്ലാത്ത പഴി കേൾക്കുന്നതെന്നും ഉപലോകായുക്ത നിരീക്ഷിച്ചു.
സർക്കാർ വടി കൊടുത്ത് അടിവാങ്ങുകയാണെന്നും ഉപലോകായുക്ത പറഞ്ഞിരുന്നു. ലോകായുക്ത നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കിയെങ്കിലും സെക്ഷൻ 14പ്രകാരം നടപടി റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് കേസുകളുടെ നടപടിക്രമങ്ങളെ ബാധിക്കില്ല. ലോകായുക്ത നൽകുന്ന റിപ്പോർട്ട് പരിഗണിക്കണോ വേണ്ടയോ എന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടത്. 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസിലാക്കാൻ 22വർഷമെടുത്തെന്നും പരിഹാസരൂപേണ ലോകായുക്ത നിരീക്ഷിച്ചു.
കേസിൽ വിധി പുറപ്പെടുവിക്കും വരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം പോകും. പിന്നീട്, വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഓർഡിനൻസിലെ ഭേദഗതി ബാധകമാകുന്നത്. സെക്ഷൻ 14പ്രകാരം ലോകായുക്ത റിപ്പോർട്ട് നൽകും. റിപ്പോർട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും സിറിയക് ജോസഫ് നിരീക്ഷിച്ചു.
മറുനാടന് മലയാളി ബ്യൂറോ