- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്താ നിർദ്ദേശം അംഗീകരിക്കണം എന്നതിൽ മാറ്റംവരുത്തി ഇത്തരം വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന് പുതിയ ഭേദഗതി; ജലീലിന്റെ രാജിയിലെ നാണക്കേട് ഇനി അനുവദിക്കില്ല; ലോകായുക്തയെ ദുർബ്ബലപ്പെടുത്താൻ പുതിയ നീക്കം; ഓർഡിനൻസ് ഗവർണ്ണറുടെ മുമ്പിലെത്തുമ്പോൾ
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവർന്ന് സർക്കാർ അതിനെ ദുർബലമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് സർക്കാർ കൊണ്ടുവരുന്നത്. ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭ അനുമതിനൽകി. അംഗീകാരത്തിന് ഗവർണർക്കു സമർപ്പിച്ചു. സർക്കാർ നീക്കത്തെ വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്തു വന്നു. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം.
അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവർണർ, മുഖ്യമന്ത്രി, സർക്കാർ) അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി കെ ടി ജലീലിന് രാജിവയ്‌ക്കേണ്ടി വന്നത് ലോകായുക്താ വിധിയുടെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. നിയമഭേദഗതി ഗവർണ്ണർ ഒപ്പുവയ്ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ലോകായുക്താ നിർദ്ദേശം അംഗീകരിക്കണം എന്നതിൽ മാറ്റംവരുത്തി ഇത്തരം വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സർവ്വകലാശാലകയിലെ സ്വജന പക്ഷപാതത്തിൽ മന്ത്രി ബിന്ദുവിനെതിരെ ലോകായുക്താ കേസ് നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന. മന്ത്രിമാരുടെ രാജി ഒഴിവാക്കാനാണ് ഇത്.
ഗവർണ്ണർക്ക് ഈ ഭേദഗതിയോട് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ഇത് തിരിച്ചയച്ചേക്കും. എന്നാൽ ഇതേ മാറ്റം വീണ്ടും മന്ത്രിസഭ ഗവർണ്ണർക്ക് നൽകിയാൽ അത് അംഗീകരിക്കേണ്ട സാഹചര്യം ഗവർണ്ണർക്കുണ്ടാകും. അതുകൊണ്ട് തന്നെ സർക്കാർ ഭേദഗതിയിൽ ഉറച്ചു നിന്നാൽ അത് അംഗീകരിക്കാൻ രാജ്ഭവൻ നിർബന്ധിതമാകും. ലോകായുക്താ അധികാരം കവർന്നെടുക്കുന്നതിൽ പ്രതിപക്ഷം വലിയ ചർച്ചയാക്കുമെന്നാണ് സൂചന.
കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ടി. ജലീൽ ബന്ധുനിയമനക്കേസിൽ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നും ലോകായുക്ത വിധിച്ചിരുന്നു. രാജി ഒഴിവാക്കാൻ ജലീൽ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. ഭേദഗതി വരുന്നതോടെ, സമാന സാഹചര്യത്തിൽ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം. ഫലത്തിൽ ബിന്ദുവിനെതിരായ കേസിലും മറ്റും എതിർവിധിയുണ്ടായാലും മുഖ്യമന്ത്രിക്ക് അത് അംഗീകരിക്കേണ്ടി വരില്ല.
ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ വിധിയിൽ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കിൽ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. സർക്കാരിനെതിരേ നിലവിൽ ലോകായുക്തയിൽ നിൽക്കുന്ന ചില കേസുകൾ ശക്തമാണെന്ന് മുൻകൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന് വിമർശനമുണ്ട്. അഴിമതി തെളിഞ്ഞാലും സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചായിരിക്കും വിധി നടത്തിപ്പ് എന്നത് ലോകായുക്തയെ നോക്കുകുത്തിയാക്കും.
പൊതുരംഗത്തുള്ളവരുടെ അഴിമതി അന്വേഷിക്കാനും ഇതുസംബന്ധിച്ച കേസുകൾ വിചാരണ ചെയ്യാനുമാണ് 1998-ൽ കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനങ്ങളിൽ ലോകായുക്ത സ്ഥാപിച്ചത്. പല കേസുകളിലും ലോകായുക്ത വിധികൾക്ക് നിലവിൽത്തന്നെ ശുപാർശ സ്വഭാവമേയുള്ളൂ. ഉള്ളതിൽ ഏറ്റവും പ്രബലപ്പെട്ടതായിരുന്നു പൊതുപ്രവർത്തകർക്കെതിരായ അഴിമതിയുടെ അന്വേഷണവും കുറ്റംതെളിഞ്ഞാൽ അവർ സ്ഥാനത്തുനിന്ന് മാറണമെന്ന് നിർദേശിക്കാനുള്ള അധികാരവും. പുതിയ ഭേദഗതിയോടെ ഈ അധികാരവും ലോകായുക്തയ്ക്ക് നഷ്ടമാകുകയാണ്.
മറുനാടന് മലയാളി ബ്യൂറോ