- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി പ്രൊപ്പോസൽ നൽകിയെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത് എന്തുകൊണ്ടു നിരസിച്ചില്ല? വിസി നിയമനം കൊണ്ട് എന്തു ഭൗതിക നേട്ടം ഉണ്ടായി? ലോകായുക്ത കേസിൽ മന്ത്രി ബിന്ദു രക്ഷപ്പെടും; തുണയായത് ഗവർണ്ണറുടെ കത്ത്; രാഷ്ട്രീയം ചർച്ചയാക്കി മുൻതൂക്കം നേടുമ്പോൾ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വി സി.യുടെ പുനർനിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ രക്ഷപ്പെട്ടേക്കും. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു കത്തുനൽകിയത് ഗവർണർ ആവശ്യപ്പെട്ടിട്ടെന്ന് സർക്കാർ വാദം രക്ഷയാകും. ഇതോടെ ലോകായുക്തയിലെ ഒരു പ്രതിസന്ധി സർക്കാർ മറികടക്കുകയാണ്. അപ്പോഴും വിധിയിലെ വിശദാംശങ്ങളിൽ ഒളിയമ്പുണ്ടാകുമോ എന്ന ആശങ്ക സർക്കാനുണ്ട്. ഇനി ദുരിതാശ്വാസ നിധിയിലെ പണം വേണ്ടപ്പെട്ടവർക്ക് കൊടുത്തുവെന്ന ഹർജിയും ലോകായുക്തയ്ക്ക് മുമ്പിലുണ്ട്. ഇതിലെ വിധിയും സർക്കാരിന് പ്രതിസന്ധിയാകാൻ പോന്നതാണ്.
കണ്ണൂർ വിസി നിയമനത്തിനുമുൻപ് സർക്കാരിന്റെ താത്പര്യം ആരാഞ്ഞ് ഗവർണർ കത്തുനൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മന്ത്രി ബിന്ദു വി സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനുള്ള സർക്കാർ താത്പര്യം അറിയിച്ചത്. കത്ത് ഉൾപ്പെടുന്ന ഫയൽ സർക്കാർ ലോകായുക്തയിൽ ഹാജരാക്കി. മന്ത്രി ബിന്ദു ഗവർണർക്ക് ശുപാർശക്കത്ത് നൽകിയതിനെതിരേ വന്ന കേസുമായി ബന്ധപ്പെട്ടാണ് ഇക്കാര്യങ്ങൾ സമർപ്പിച്ചത്. ഇത് കേസിൽ അതിനിർണ്ണായകമാകുകയും ചെയ്തു.
സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുള്ള സർക്കാർ കത്തിനുപിന്നാലെയാണ് രാജ്ഭവൻ കത്തുനൽകിയത്. മന്ത്രി ബിന്ദു ഗവർണർക്ക് നൽകിയ കത്തിൽ ഒരിടത്തും 'റെക്കമെന്റ്' എന്നുപറഞ്ഞിട്ടില്ലെന്നും പ്രൊപ്പോസ് ചെയ്യുന്നു എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ലോകായുക്ത വ്യക്തമാക്കി. മന്ത്രി പ്രൊപ്പോസൽ നൽകിയെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത് എന്തുകൊണ്ടു നിരസിച്ചില്ലെന്ന് വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. ഇതും സർക്കാരിന് ആശ്വ ാസമാണ്.
വി സി. നിയമനംകൊണ്ട് മന്ത്രിക്ക് എന്ത് ഭൗതികനേട്ടമാണ് ഉണ്ടായതെന്നും ലോകായുക്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസർ നിയമനപ്പട്ടികയിലെ റാങ്കിൽ ഒന്നാമതായി വന്നതിൽ മന്ത്രിക്ക് എന്തുപങ്കാണുള്ളത്? രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നതു വലിയ അപരാധമാണോ? പല അദ്ധ്യാപക തസ്തികകളിലേക്കും ഈ ഘട്ടത്തിൽ കണ്ണൂർ സർവകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തിൽ മന്ത്രിയുടെ റോൾ എന്താണ്. സർവകലാശാലയുടെ കാര്യത്തിലൊന്നും ഇടപെടാനായില്ലെങ്കിൽ പിന്നെ എന്തിനാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന് ഒരു മന്ത്രിയെന്നും ഉപലോകായുക്ത ചോദിച്ചു.
പരാതിക്കാരന്റെ രാഷ്ട്രീയംകൂടി പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയാണ് ഹർജിക്കാരൻ. ലോകായുക്ത സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാരൂൺ ഉൾ റഷീദ് എന്നിവരാണ് കേസ് പരിഗണിച്ചത്. കൂടുതൽ വാദം കേൾക്കാനും വിധിപറയാനുമായി കേസ് നാലിന് വീണ്ടും പരിഗണിക്കും. അങ്ങനെ രാഷ്ട്രീയവും കത്തും പരിഗണിച്ച് അനുകൂല തീരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഗവർണ്ണറുടെ കത്ത് അതീവ രഹസ്യമായി സൂക്ഷിച്ചതാണ് സർക്കാരിന് തുണയായത്. ഈ കത്ത് വന്നതോടെ ലോകായുക്തയ്ക്ക് പോലും മന്ത്രിക്ക് അനുകൂലമാകേണ്ടി വരും.
ലോകായുക്ത ഭേദഗതി ഓർഡിനൻസ് അതിനകം പ്രാബല്യത്തിൽ വരുമോയെന്നു തമാശരൂപേണ ഉപലോകായുക്ത ജസ്റ്റിസ് ഹാരൂൺ ഉൾ റഷീദ് ചോദിച്ചു. എന്നാൽ, താൻ ഈ നാട്ടുകാരനല്ലെന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയുടെ മറുപടി. അതിന് അപ്പുറത്തേക്കുള്ള ഒന്നും സർക്കാരിന് ലോകായുക്തയിൽ നിന്ന് നേരിടേണ്ടി വന്നില്ല.
മറുനാടന് മലയാളി ബ്യൂറോ