- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു നിയമങ്ങൾ ഭേദഗതിക്കു മുൻപുള്ള അവസ്ഥയിലേക്കു പുനഃസ്ഥാപിക്കപ്പെട്ടു; ലോകായുക്താ വിധി എതിരായാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി രാജിവച്ചേ മതിയൂകൂ; ഗവർണ്ണറുമായി ഇനി ഒത്തുതീർപ്പ് ചർച്ചയുമില്ല; ലോകായുക്തയടക്കമുള്ള ഓർഡിനൻസുകൾ ഇനി ബില്ലായി നിയമസഭയിൽ എത്തിക്കും; ഓക്ടോബർ വരെ അഴിമതി കണ്ടെത്തൽ ഏജൻസിക്ക് സമ്പൂർണാധികാരം കിട്ടുമ്പോൾ
തിരുവനന്തപുരം: ഇനി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി ചർച്ചയില്ല. സർവ്വകലാശാലകളിൽ ഗവർണ്ണറുടെ അധികാരം വെട്ടി കുറയ്ക്കാൻ തന്നെയാണ് തീരുമാനം. ഈ സാഹചര്യത്തിൽ ഗവർണർ ഒപ്പിടാത്തതിനാൽ റദ്ദായ 11 ഓർഡിനൻസുകൾക്ക് പകരം നിയമസഭയിൽ ബിൽ കൊണ്ടുവന്നേക്കും.
ഗവർണറുമായി ഒത്തുതീർപ്പുണ്ടാക്കിയ ശേഷം, അസാധുവായവ വീണ്ടും ഓർഡിനൻസായി കൊണ്ടുവരണമെന്ന അഭിപ്രായവും ഉയർന്നെങ്കിലും തത്കാലം അതു വേണ്ടെന്നാണ് നിലപാട്.ഗവർണ്ണറുടെ കാലുപടിക്കേണ്ടെന്നാണ് പൊതു ധാരണ. ഈ സാഹചര്യത്തിൽ ബില്ലായി ഓർഡിനൻസ് മാറും. അതിവേഗം നിയമസഭയും വിളിച്ചു ചേർക്കും. ഓർഡിനൻസുകൾ കൂടുന്നതിനോടാണ് ഗവർണർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്. ഇത്രയും കടുത്ത എതിർപ്പ് ഉയർത്തിയശേഷം ഓർഡിനൻസ് അംഗീകരിക്കാൻ ഗവർണർക്കും ബുദ്ധിമുട്ടാകും.
ഓർഡിനൻസുകളുടെ ഉള്ളടക്കത്തോട് ഗവർണർ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലാത്തതിനാൽ അവ നിയമമാക്കുന്നതിനെ എതിർക്കാൻ കഴിയില്ല. സാധാരണനിലയിൽ ഇനി ഒക്ടോബറിലേ നിയമസഭയുള്ളൂ. ലോകായുക്ത നിയമഭേദഗതിപോലെ ഏറെ വിവാദമായ നിയമനിർമ്മാണം സർക്കാർ പരിഗണനയിലുണ്ട്.എങ്കിലും ഓക്ടോബറിൽ ചേർന്നാൽ മതിയെന്ന പൊതു അഭിപ്രായവും സിപിഎമ്മിലുണ്ട്. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ വഹിക്കുന്ന സ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ പരമാധികാരം തടയുന്നതാണ് നിയമത്തിലെ പ്രധാന ഭേദഗതി. ലോകായുക്തയുടെ വിധിയുടെമേൽ മുഖ്യമന്ത്രിക്ക് അധികാരം നൽകുന്നതാണ് ഭേദഗതി.
ലോകായുക്തയുടെ അധികാരം സർക്കാർ കവരുന്നതിൽ സിപിഐ.യിലും എതിർപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ലോകായുക്ത നിയമത്തിലെ ഭേദഗതി ചർച്ചകളിൽ എത്തിയത്. ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർ വിസമ്മതിച്ചെങ്കിലും അദ്ദേഹത്തെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന നിലയിലാണ് സിപിഎം. നേതാക്കളുടെ പ്രതികരണം വന്നത്. ഗവർണറോട് ശത്രുതയില്ലെന്നും ഏറ്റുമുട്ടലിന് ഇല്ലെന്നുമായിരുന്നു എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജന്റെ പ്രതികരണം.കടന്നാക്രമണം നടത്തില്ല. ഇക്കാര്യത്തിൽ സിപിഎം നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കും.
ഓർഡിനൻസ് ഭരണം അഭികാമ്യമല്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചതോടെ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകൾ അസാധുവായി. ഇതോടെ ആറു നിയമങ്ങൾ ഭേദഗതിക്കു മുൻപുള്ള അവസ്ഥയിലേക്കു പുനഃസ്ഥാപിക്കപ്പെടും. അതിലേറ്റവും പ്രധാനപ്പെട്ടത് വിവാദമായ ലോകായുക്ത ഭേദഗതി ഓർഡിനൻസാണ്. ലോയുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓർഡിനൻസ് അസാധുവായാൽ ലോകായുക്തയ്ക്ക് പഴയ അധികാരം തിരികെ ലഭിക്കും. ഓർഡിനൻസ് റദ്ദായാൽ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുകയോ, പുതിയ ഓർഡിനൻസായി മന്ത്രിസഭ അംഗീകരിച്ച് വീണ്ടും ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കുകയോ ചെയ്യാം. പുതിയ ഓർഡിനൻസായി അയയ്ക്കണമെങ്കിൽ നിലവിലെ ഓർഡിനൻസ് പുതുക്കാതെ ഗവർണർ തിരിച്ച് അയയ്ക്കണം.
ഓർഡിനൻസുകൾ ഇത്ര ദിവസത്തിനകം ഒപ്പിടണമെന്ന് വ്യവസ്ഥയില്ലാത്തതിനാൽ എത്രനാൾ വേണമെങ്കിലും ഒപ്പിടാതെ നീട്ടികൊണ്ടുപോകാൻ ഗവർണർക്കാകും. സർവകലാശാലയിലെ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുന്നതാണ് ഗവർണറുടെ എതിർപ്പിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം.
നിയമസഭ ചേരാത്ത സാഹചര്യത്തിൽ, പുതിയ നിയമനിർമ്മാണം നടത്താനോ നിലവിലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനോ ഭരണഘടനയുടെ 213ാം അനുച്ഛേദം അനുസരിച്ചാണ് മന്ത്രിസഭ അംഗീകരിച്ച് ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത്. ഇതു ഗവർണറുടെ ഓഫിസിലേക്ക് അയച്ചു അംഗീകാരം വാങ്ങും. അടുത്ത സഭാസമ്മേളനത്തിൽ ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കണം. നിയമസഭ ചേർന്നു 42 ദിവസത്തിനകം ഓർഡിനൻസുകൾ ബില്ലായി കൊണ്ടുവന്നില്ലെങ്കിൽ അസാധുവാകും. ഇതൊഴിവാക്കാനാണ് ഓർഡിനൻസുകൾ ഗവർണറുടെ അംഗീകാരത്തോടെ പുതുക്കുന്നത്. ഏറെക്കാലമായി ഇങ്ങനെ പുതുക്കി ഇറക്കുന്ന ഓർഡിനൻസുകളുണ്ട്.
ജൂൺ 27 മുതൽ 15 ദിവസം സഭ സമ്മേളിച്ചെങ്കിലും ലോകായുക്ത ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചിരുന്നില്ല. ഇതോടെ, ലോകായുക്ത ഭേദഗതി ഓർഡിനൻസിനു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുകയെന്ന അസാധാരണ സ്ഥിതിയുണ്ടാകും. നിലവിലെ കേസുകളിൽ പഴയ നിയമമായിരിക്കും ബാധകം. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ മന്ത്രി രാജിവയ്‌ക്കേണ്ടിവരും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി.ജലീലിനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ബന്ധുനിയമ കേസിൽ അഴിമതി കാണിച്ച ജലീൽ അധികാര സ്ഥാനത്ത് തുടരരുത് എന്നായിരുന്നു വിധി.
കെ.ടി.ജലീലിനു രാജിവയ്‌ക്കേണ്ടി വന്നതോടെയാണ് ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട അധികാരി വിധി അംഗീകരിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ വിധി പിണറായിക്ക് എതിരെ വന്നാൽ പോലും രാജിവയ്ക്കണം. പിണറായിയ്‌ക്കെതിരേയും ചില കേസുകൾ ലോകായുക്തയ്ക്ക് മുന്നിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ